അബദ്ധത്തില്‍ ഉണ്ടായ ഒരു തടാകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ.?
മനുഷ്യനല്ലേ… അബദ്ധം പറ്റും . പക്ഷെ ആ അബദ്ധത്തില്‍ നിന്ന് ഉണ്ടായത് രണ്ടു നദികളും ഒരു കൂറ്റന്‍ തടാകവും ആണെങ്കിലോ ? സംഭവം നടന്നത് 1905 ല്‍ അമേരിക്കയില്‍ ആണ് . തെക്കന്‍ കാലിഫോര്‍ണിയന്‍ ഭാഗങ്ങളില്‍ ചരിത്രാതീത കാലത്ത് ഒരു ഭീമന്‍ തടാകം ഉണ്ടായിരുന്നു . Cahuilla എന്നാണ് ഇപ്പോള്‍ അതിന്‍റെ വിളിപ്പേര് . ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ പില്‍ക്കാലത്ത് അത് വറ്റിപ്പോയി . അത് നിലനിന്നിരുന്ന സ്ഥലത്ത് ഒരു വലിയ വരണ്ട സമതലം രൂപപ്പെട്ടു . ഈ സ്ഥലം സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴെയായിരുന്നു (ചാവുകടല്‍ പോലെ). ഇതും ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഇന്ന് Sonoran മരുഭൂമിയുടെ ഭാഗങ്ങള്‍ ആണ് . വറ്റിവരണ്ട Cahuilla തടാകത്തിനു ചുറ്റും ഇമ്പീരിയല്‍ താഴ് വര ( Imperial Valley) രൂപപ്പെട്ടു . ഉപ്പു പാടങ്ങള്‍ ധാരാളം ഉണ്ടായിരുന്ന അവിടെ ഖനനത്തിനായി ആളുകള്‍ എത്തി തുടങ്ങി . ക്രമേണ അവിടം നല്ലൊരു ജനവാസ കേന്ദ്രമായി രൂപപ്പെട്ടു . പക്ഷെ ജലത്തിന്‍റെ അഭാവം ഒരു പ്രശ്നം തന്നെ ആയിരുന്നു . അത് പരിഹരിക്കുവാന്‍ ഗവര്‍മെന്റ് ഒരു കമ്പനിയെ ഏല്‍പ്പിച്ചു , ( California Development Company). കമ്പനിയിലെ എന്ജിനീയര്‍മ്മാര്‍ കാര്യങ്ങള്‍ കൂലംകഷ്ണമായി പഠിച്ച് ഒരു തീരുമാനത്തില്‍ എത്തി . ദൂരെ മാറി ഒഴുകുന്ന കൊളോറാഡോ നദിയില്‍ നിന്നും ( Colorado River ) ഒരു കനാല്‍ നിര്‍മ്മിച്ച് ജലം ഇമ്പീരിയല്‍ താഴ് വരയില്‍ എത്തിക്കുക . ഐഡിയ കൊള്ളാം ! പണി ഉടന്‍ തന്നെ ആരംഭിച്ചു .
അങ്ങിനെ അലമൊ കനാല്‍ (Alamo Canal) എന്ന ആദ്യത്തെ വെള്ളചാല്‍ വെട്ടി (84 km) . സംഗതി തരക്കേടില്ലായിരുന്നു . കൊളോറാഡോ നദി അലമോയില്‍ കൂടി കുതിച്ചോഴുകി ഇമ്പീരിയല്‍ താഴ് വരയില്‍ എത്താന്‍ തുടങ്ങി . അപ്പോള്‍ പുതിയൊരു പ്രശ്നം നേരിട്ടു . നദിയില്‍ നിന്നുള്ള എക്കലും ചെളിയും അലമോയില്‍ അടിഞ്ഞു കൂടി നീരൊഴുക്ക് കുറഞ്ഞു . ഉടന്‍തന്നെ അതിന് സമാന്തരമായി വെട്ടി അടുത്ത കനാല്‍ ! പേര് ന്യൂ റിവര്‍ (New River, 125 km) . സംഗതി ജോര്‍ ! ഇരു കനാലുകള്‍ വഴിയും കൊളോറാഡോ നദിയിലെ അധിക ജലം ഇമ്പീരിയല്‍ താഴ് വരയില്‍ എത്തി തുടങ്ങി .
പക്ഷെ അപ്പോളാണ് ഈ കഥയില്‍ വിചാരിക്കാതെ ഒരു അതിഥി എത്തിച്ചേര്‍ന്നത് . കനത്ത മഞ്ഞു വീഴ്ചയും അതിനെ തുടര്‍ന്ന് ഭീകര വെള്ളപ്പൊക്കവും ! കൊളോറാഡോ നദി തനി സ്വരൂപം കാട്ടി തുടങ്ങിയത് അപ്പോഴാണ് . കുത്തിയോലിച്ചെത്തിയ ജലം മുഴുവനും ഇരു കനാലുകള്‍ വഴിയും നിറഞ്ഞോഴുകുവാന്‍ തുടങ്ങി ! ഇത് തടയാനുള്ള “പണികള്‍ ” പലത് നോക്കിയെങ്കിലും കാര്യങ്ങള്‍ സ്വല്‍പ്പം വൈകിയിരുന്നു . ഒഴുകിയെത്തിയ ജലം കൊണ്ട് ഇമ്പീരിയല്‍ താഴ് വര നിറഞ്ഞു . രണ്ടു കൊല്ലമാണ് നദി ഗതി മാറി ഇങ്ങനെ ഒഴുകിയത് ! എന്തിനധികം പറയുന്നു, പഴയ Cahuilla തടാകത്തിന്റെ സ്ഥാനത് പുതിയ ഒരു കൂറ്റന്‍ തടാകം തന്നെ അവിടെ രൂപപ്പെട്ടു . അതാണ് സാല്‍ടന്‍ തടാകം ! വലുപ്പത്തിന്റെ ഗാംഭീര്യം കൊണ്ട് സാല്‍ടന്‍ കടല്‍ എന്നാണ് വിളിക്കുന്നത് ! ( Salton Sea ) . പഴയ ഉപ്പുപാടങ്ങളുടെ മുകളിലേക്കാണ് ഈ ജലം മുഴുവനും ഇരച്ചു കയറിയത് . ഫലമോ , തല്‍ഫലമായി രൂപമെടുത്ത സാല്‍ടന്‍ തടാകത്തിലെ ജലത്തിന് ഒടുക്കത്തെ ഉപ്പുരസം.
ഉപ്പു പാടത്തെ തൊഴിലാളികള്‍ തടാകതീരത്ത് റിസോര്‍ട്ടുകളും ബീച്ചുകളും പണിത് പുതിയ ജീവിത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി . പക്ഷെ മീന്‍ പിടുത്തക്കാര്‍ക്ക് നിരാശയായിരുന്നു ഫലം . തടാകത്തിലെ ഉപ്പുരസം മത്സ്യ പ്രജനനത്തെ ബാധിച്ചതാണ് കാരണം (ആകെയുള്ളത് തിലോപ്പിയ മാത്രം ആണ് ) . 910 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള സാല്‍ടന്‍ തടാകം കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തടാകം ആണ് . തടാകത്തിലെ ഉപ്പുരസം (44 g/L) പസഫിക് സമുദ്രതിനേക്കാള്‍ കൂടുതല്‍ ആണ് (35 g/L) . അതാകട്ടെ ഓരോ വര്‍ഷവും കൂടി വരുകയും ആണ് . ഇതിന്‍റെ തീരത്തും അടുത്തും കിടക്കുന്ന രണ്ടു സ്ഥലങ്ങള്‍ നമ്മുക്ക് കൌതുകം പകരുന്നവയാണ് . ഒന്ന് ; തടാകതീരത്തുള്ള ഒരു ബീച്ച് ആണ്. പേര് ബോംബെ ബീച്ച് ! (Bombay Beach, 33°21′03″N 115°43′47″W). സമുദ്ര നിരപ്പില്‍ നിന്നും 223 അടി താഴെയുള്ള ഈ സ്ഥലത്ത് താമസിക്കുന്നവര്‍ ആണ് അമേരിക്കയില്‍ ഏറ്റവും താഴ്ന്ന സ്ഥലത്തെ നിവാസികള്‍ ! കുറച്ചു ഉള്ളിലോട്ടു കയറിയാണ് അടുത്ത സ്ഥലം. പേര് മെക്ക ! (Mecca, 33°34′18″N 116°04′38″W) .
ഇപ്പോള്‍ Salton Sea യുടെ കാര്യം അനുദിനം വഷളായി വരുകയാണ് . ഒന്ന് കാലിഫോര്‍ണിയയെ മുഴുവനും ബാധിച്ചിരിക്കുന്ന ജല ക്ഷാമം തടാകതെയും സാരമായി ബാധിച്ചു . ജലം കുറയുന്നതിനാല്‍ ഉപ്പുരസം കൂടിവരുന്നു . Alamo Canal വഴിയും ന്യൂ നദി വഴിയും വരുന്ന ജലം സംവഹിക്കുന്നത് അഗ്രിക്കള്‍ച്ചറല്‍ അവശിഷ്ടങ്ങള്‍ ആണ് . അത് തടാകത്തെ കൂടുതല്‍ വിഷമയം ആക്കുന്നു . ആളുകള്‍ തടാക തീരം വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് . താമസിയാതെ വിജനമാകുന്ന തടാകതീരങ്ങളും വിഷമയമായ ഒറ്റപെട്ട തടാകവും മറ്റെന്തെകിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
Content highlight : Alamo Canal story