ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദക്ഷിണ സൗദിയിൽ വൻ അപകടം. ബിഷ-അൽറെയിൻ റോഡിൽ കാറുകളും ട്രക്കുകളും ഉൾപ്പെടെ 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.19 പേർക്ക് പരിക്കേറ്റു. പൊടിക്കാറ്റ് വീശിയതിനെത്തുടർന്ന് കാഴ്ച പരിമിതപ്പെട്ടതാണ് അപകട കാരണം. വെള്ളിയാഴ്ചയാണ് സംഭവം. ഒന്നിന് പിറകെ ഒന്നായി 13 വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വലിയതോതിലുള്ള അപകടമാണുണ്ടായതെന്ന് റോഡ് സുരക്ഷക്കുള്ള പ്രത്യേക സേന പറഞ്ഞു.
നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ റെഡ് ക്രസൻറ് ആംബുലൻസുകളിൽ ഉടൻ അൽറെയിൻ ജനറൽ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെത്തിച്ചു. മിക്കവരുടെയും പരിക്കുകൾ സാരമായതാണ്. ഒടിവുകൾ, ആന്തരിക രക്തസ്രാവവും വരെയുള്ള കേസുകളുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ചിലരെ കിങ് സഉൗദ് മെഡിക്കൽ സിറ്റിയിലേക്കും അൽഖുവയ്യ ജനറൽ ആശുപത്രിയിലേക്കും മാറ്റി. അതേസമയം നിസ്സാര പരിക്കേറ്റ എട്ടു പേരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല. ഏത് രാജ്യക്കാരാണെന്നും വ്യക്തമല്ല.