തിരുവനന്തപുരം: ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂലായ് 28 മുതൽ 31 വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി അറിയിപ്പുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാദ്ധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ജൂലായ് 30 രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.