150 യാത്രക്കാരും അഞ്ചു വിമാന ജീവനക്കാരുമായി പറന്ന ഒരു വിമാനം നദിയിൽ ഇടിച്ചിറക്കുക . വിമാനത്തിലുണ്ടായിരുന്ന 155 പേരും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുക – സിനിമയിലെ ക്ലൈമാക്സ് സീൻ അല്ല ഇത് . 2009 ൽ ലോകം സാക്ഷ്യം വഹിച്ച അത്ഭുതമാണിത് . ജനുവരി 15നാണ് 150 യാത്രക്കാരും അഞ്ചു വിമാന ജീവനക്കാരുമായി പറന്ന യുഎസ് എയർവേയ്‌സിന്റെ എ 320 എയർബസ് വിമാനം ന്യൂയോർക്കിലെ ലഗാഡിയ വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്തത് . വിമാനത്തിൽ ക്യാപ്റ്റൻ ചെസ്‌ലി സള്ളൻബർഗർ, കോ പൈലറ്റ് ജെഫ്രി സ്കൈൽസ് എന്നിവർ ഉൾപ്പെടെ 155 ആളുകളായിരുന്നു ഉണ്ടായിരുന്നത് . വാഷിങ്ടനിലെ സിയാറ്റിലിലേക്കു പോകുകയായിരുന്നു ലക്ഷ്യം . എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ വിമാനം റൺവേയിൽ നിന്നും പതിവുപോലെ സുരക്ഷിതമായിത്തന്നെ ടേക്ക്ഓഫ് ചെയ്തു. വിമാനം ഏതാണ്ട് രണ്ടായിരത്തി എണ്ണൂറ് അടി ഉയരത്തിലേക്ക് പറന്നുയർന്നപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. വിമാനത്തിന്റെ എൻജിനുകൾ പ്രവർത്തനരഹിതമായി.
കാനഡ ഗീസ് എന്നറിയപ്പെടുന്ന ദേശാടനക്കിളികളുടെ ഒരു വലിയ കൂട്ടം വിമാനത്തിന്റെ മുന്നിൽ വന്നു പെട്ടിരിക്കുന്നു.എൻജിനുകളിളും പക്ഷികൾ കുടുങ്ങിയിരുന്നു കാരണം. രണ്ട് എൻജിനും ഒരേ സമയം പ്രവർത്തനരഹിതമാകുക എന്ന അത്യപൂർവ സന്ദർഭം .പൈലറ്റുമാർക്ക് വിമാനത്തിന്റെ ഗതി മാറ്റാൻ സമയം കിട്ടുന്നതിനു മുൻപു തന്നെ അവ കൂട്ടത്തോടെ വിമാനത്തിൻ്റെ മുന്നിലെ ഗ്ലാസ്സിലേക്ക് ഇടിച്ചുകയറി. കൺമുന്നിൽ വൻ ദുരന്തം.ലഗാർഡിയ വിമാനത്താവളത്തിൽത്തന്നെ തിരിച്ചിറക്കാനോ തൊട്ടടുത്ത വിമാനത്താവളം വരെയെത്താനോ കഴിയില്ല എന്ന തിരിച്ചറിവും നാല്പത്തിരണ്ടു വർഷത്തിലേറെ പൈലറ്റായി ജോലി പരിചയമുള്ള ഇരുപതിനായിരം മണിക്കൂറിലേറെ വിമാനം പറത്തിയിട്ടുള്ള ക്യാപ്റ്റൻ സള്ളൻബർഗറിനുണ്ടായി . ആ തിരിച്ചറിവാണ് വിമാനം നദിയിൽ ഇറക്കാൻ സള്ളൻബർജിനെ പ്രേരിപ്പിച്ചത്. താഴെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, കെട്ടിടങ്ങൾ നിറഞ്ഞ ന്യൂയോർക്ക് നഗരം ഒഴിവാക്കി . മുന്നിൽ ആകെയുള്ള സുരക്ഷിതമായ സ്ഥലം ശാന്തമായി ഒഴുകുന്ന ഹഡ്‌സൻ നദി മാത്രമാണ്. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം നിർണ്ണായകമായ ആ തീരുമാനം എടുത്തു. വിമാനം ഹഡ്‌സൺ നദിയിൽ ഇറക്കുക.ക്രാഷ് ലാൻഡിംഗ്.
വിമാനം ക്രാഷ് ലാൻഡ് ചെയ്യുവാൻ പോകുകയാണെന്ന സന്ദേശം കാബിൻ ക്രൂവിനും യാത്രക്കാർക്കും നൽകിയശേഷം, മനഃസാന്നിധ്യം കൈവിടാതെ യാത്രക്കാരോടു ധൈര്യത്തോടെ ഇരിക്കുവാൻ ആവശ്യപ്പെട്ടു. ഒരു റൺവേയിൽ വിമാനം ഇറക്കുന്ന അതേ കൃത്യതയോടെ വിമാനം നദിയിൽ ഇറക്കണമെന്നത് ക്യാപ്റ്റന്റെ മുന്നിലെ വെല്ലുവിളിയായിരുന്നു . രണ്ടു ചിറകുകളും ഒരേ ലെവലിൽ ആയിരിക്കണം. വിമാനം ചരിഞ്ഞു ഒരു ചിറകെങ്ങാൻ ആദ്യം വെള്ളത്തിൽ മുട്ടിയാൽ അതോടെ വിമാനം തകരും. പക്ഷെ ധൈര്യം കൈവിടാതെ രണ്ടു എൻജിനുകളും നിലച്ച ആ വിമാനം മൂന്നോ നാലോ മിനിറ്റുകൾക്കുള്ളിൽ ഹഡ്‌സൻ നദിയിൽ സുരക്ഷിതമായി ഇറക്കി.നദിയിൽക്കൂടി പൊയ്‌ക്കൊണ്ടിരുന്ന ഏതാനും ബോട്ടുകളും ഒരു ചങ്ങാടവും മിനിറ്റുകൾക്കകം കുതിച്ചെത്തി യാത്രക്കാരെ കരയ്ക്കെത്തിച്ചു. വിമാനം നദിയിൽ ഇടിച്ചിറക്കിയപ്പോൾ തകരാതിരുന്നതും മുങ്ങിപ്പോകാതെ ജലോപരിതലത്തിലൂടെ തെന്നിനീക്കി അപകടമില്ലാതെ ലാൻഡ് ചെയ്യിച്ചതും പൈലറ്റിന്റെ മികവാണെന്നു വിലയിരുത്തപ്പെട്ടു.ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ക്രാഷ് ലാൻഡിങ് എന്നാണ് നാഷണൽ ട്രാൻസ്പോർട് സേഫ്റ്റി ബോർഡ് ഇതിനെ വിശേഷിപ്പിച്ചത്.ഈ സംഭവത്തിനു ശേഷം ക്യാപ്റ്റൻ ചെസ്‌ലി സള്ളൻബർഗർക്ക് ധാരാളം അവാർഡുകൾ ലഭിച്ചു. 2010 മാർച്ച് 3 നു ക്യാപ്റ്റൻ സള്ളൻബർഗർ റിട്ടയർ ചെയ്തു