ജയൻ ഒപ്പം അഭിനയിച്ച അപൂർവം നടി നടന്മാർ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. അതിൽ ഒരാളാണ് മോഹൻലാൽ. ഉദയ നിര്‍മിച്ച സഞ്ചാരി എന്ന പടത്തില്‍ സംവിധായകന്‍ ബോബന്‍ കുഞ്ചാക്കോ ,യോഹൻലാലിൽൻ ഒരു വില്ലന്‍ വേഷം നല്‍കി. നടന്‍ കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയായിരുന്നു സഞ്ചാരിയുടെ സംവിധായകന്‍. അങ്ങനെ പ്രേംനസീറും ജയനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൽ മോഹൻലാലും ഭാഗമായി. ജയനെ കുറിച്ച് മോഹൻലാൽ പങ്കുവെച്ച ഹൃദയഹാരിയായ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ആ വാക്കുകൾ വായിക്കാം ….
“ജീവൻ മറഞ്ഞാലും ഓർമയിൽനിന്നു മായാതെ നിൽക്കുന്ന ഏറെ വ്യക്തിത്വങ്ങൾ നമുക്കിടയിലുണ്ട്. മരണാനന്തരവും നമ്മെ പിൻതുടരുന്നവർ. അവർ ആടിത്തിമിർത്ത സർഗനാടകത്തിന്റെ തിരശ്ശീലയായിരിക്കില്ല മരണം. കാലത്തെ അതിജീവിച്ച്, തലമുറകളിലേക്ക് പടരുന്ന സാമീപ്യം. അത്തരമൊരു നടന സ്പർശമാണ് ജയൻ എന്ന മൃത്യുവില്ലാത്ത നടൻ. 37 വർഷങ്ങളായി ഒരു ‘മിറാക്കിൾ’പോലെ ജയൻ പ്രേക്ഷകരെ പിന്തുടരുകയാണ്. കാരണം പറയാൻ കഴിയാത്ത ഒരാത്മബന്ധം.
എന്റെ കോളേജ് കാലത്ത് നസീർ സാറും മധു സാറുമായിരുന്നു ഹീറോകൾ. അക്കാലത്തെ വില്ലനായിരുന്നു ജയൻ. എങ്കിലും കരുത്തും സാഹസികതയും ഇണങ്ങിച്ചേരുന്ന അദ്ദേഹത്തിന്റെ ശൈലി ഞങ്ങളെ ആകർഷിച്ചിരുന്നു.
‘മഞ്ഞിൽവിരിഞ്ഞ പൂക്കളി’ൽ ഞാൻ അഭിനയിക്കുമ്പോൾ ജയൻ സാർ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു. പെട്ടെന്നുള്ള ആ വളർച്ചയിൽ പല താര സിംഹാസനങ്ങളും തകിടം മറിഞ്ഞു. അഭിനയിച്ച സിനിമകളെയെല്ലാം സൂപ്പർഹിറ്റുകളാക്കിക്കൊണ്ട് മലയാളികൾ ആ താരത്തെ നെഞ്ചിലേറ്റി. ആക്ഷൻ സിനിമകൾക്ക് മലയാളത്തിൽ വ്യാപകമായ സ്വാധീനമുണ്ടാകുന്നത് ജയന്റെ കാലത്താണെന്നു പറഞ്ഞാലും തെറ്റില്ല. അത്രയേറെ ആക്ഷൻ ചിത്രങ്ങൾ ആ കാലത്ത് പുറത്തുവന്നു. ജയനോടൊപ്പം അഭിനയിക്കാൻ അക്കാലത്തെ പുതുമുഖങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. ഹരിഹരന്റെ ‘ശരപഞ്ജര’ത്തിലെ കുതിരക്കാന്റെ വേഷമാണ് ജയനെന്ന നടനെ നായകപദവിയിലേയ്ക്ക് ഉയർത്തിയത്. ഐ.വി. ശശി-ടി. ദാമോദരൻ മാഷിന്റെ കൂട്ടുകെട്ടിൽ പിറന്ന ‘അങ്ങാടി’ ജയനെ ആസ്വാദകഹൃദയങ്ങളിൽ പതിച്ചുവച്ചു. മുറിക്കയ്യൻ ബനിയനുമിട്ട് ഇംഗ്ലീഷിൽ ഗർജ്ജിക്കുന്ന തൊഴിലാളി നേതാവിന്റെ രൂപമാണ് ജയനെ ഓർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത്. ഇന്നും ആ രൂപം സ്ക്രീനിൽ തെളിയുമ്പോൾ ഉയരുന്ന കൈയടികൾ ജയൻ യുഗം അവസാനിച്ചിട്ടില്ല എന്ന സൂചനയാണ്.
പുതുമുഖമെന്ന നിലയിൽ വലിയ ഭാഗ്യങ്ങൾ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു ‘മഞ്ഞിൽവിരിഞ്ഞ പൂക്കളി’നുശേഷം ഞാനഭിനയിച്ച ‘സഞ്ചാരി’. ജയനും പ്രേംനസീറുമായിരുന്നു നായകൻമാർ. തിക്കുറിശ്ശി, കെ.പി. ഉമ്മർ, എസ്.പി. പിള്ള, ആലുംമൂടൻ, ഗോവിന്ദൻകുട്ടി, ജി.കെ. പിള്ള തുടങ്ങി അക്കാലത്തെ പ്രഗത്ഭരായ മിക്ക താരങ്ങളും ആ ചിത്രത്തിലണിനിരന്നു. പ്രധാന വില്ലൻ വേഷം എനിക്കായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ ‘സഞ്ചാരി’യുടെ സെറ്റിൽ വെച്ചാണ് ഞാൻ ജയൻ സാറിനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്നേഹത്തോടുകൂടി മാത്രമേ ഓർക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയൻ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പർ ഹീറോ ഭാവം അദ്ദേഹത്തിൽ ഒട്ടും പ്രകടമായിരുന്നില്ല. നിർമ്മാതാക്കളും സംവിധായകരും ആരാധകരുമുൾപ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു. ‘സഞ്ചാരി’യിൽ ഞാനും ജയനും തമ്മിൽ രണ്ട് ഫൈറ്റ് സീനുകൾ ചിത്രീകരിച്ചിരുന്നു. ത്യാഗരാജൻ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തിൽ പലപ്പോഴും സാർ ഉപദേശിച്ചു. ‘സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങൾ ശ്രദ്ധയോടു കൂടി ചെയ്യണം.’ ആ ഉപദേശം ഇന്നും ഞാൻ ഏറെ വിലമതിക്കുന്നു.
‘സഞ്ചാരി’യുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയിൽ ജയനെ കാണാൻ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നത് ഞാൻ ഓർക്കുന്നു. നസീർ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയൻ പറഞ്ഞു: ”പുതുമുഖമാണ്, മോഹൻലാൽ. ഈ സിനിമയിലെ വില്ലൻ. നന്നായി അഭിനയിക്കുന്നുണ്ട്. വളർന്നുവരും.” പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകർന്നു ആ വാക്കുകൾ. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോൾ ജയൻ പറഞ്ഞു: ‘മോനേ… കാണാം.’ അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയൽ വാക്യം.
‘സഞ്ചാരി’യുടെ സെറ്റിൽനിന്നും ജയൻ തിരിച്ചത് ‘അറിയപ്പെടാത്ത രഹസ്യ’ത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനിലേക്കായിരുന്നു. അവിടുന്ന് ‘കോളിളക്ക’ത്തിന്റെ സെറ്റിലേക്കും. ‘സഞ്ചാരി’ കഴിഞ്ഞ് ഞാൻ പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ജയൻ മരിച്ചുവെന്ന വാർത്തയറിയുന്നത്. അക്ഷരാർത്ഥത്തിൽ കേരളമാകെ തകർന്നുപോയ ഒരു നിമിഷം. ഒരു നടന്റെ വിയോഗത്തിൽ ആരാധകർ ഇത്രയധികം കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. ജയൻ അവർക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു ആ രോദനങ്ങൾ. ജയൻ മരിച്ച് ഒരു മാസം കഴിഞ്ഞ് ഞാൻ ബാലൻ കെ. നായരോടൊപ്പം കൊല്ലത്തെ ജയന്റെ വീട്ടിൽ പോയി. അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനേയും കണ്ടു. ആ ദുർവിധിയുടെ തീരാവ്യഥകൾ ജയന്റെ അമ്മയിലും പ്രതിഫലിച്ചിരുന്നു.
സിനിമ അടിമുടി മാറിയിട്ടും കാലത്തെ അതിജീവിച്ച് ജയൻ ആരാധക ഹൃദയങ്ങളിൽ നില്ക്കുന്നു. മൂന്നു വർഷം മുൻപ് കോഴിക്കോട് ഐ.വി. ശശിയെ ആദരിക്കുന്ന ‘ഉത്സവം’ എന്ന ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം അവിടെ പ്രദർശിപ്പിച്ചു. അതിൽ ‘അങ്ങാടി’യിലേയും ‘കരിമ്പന’യിലേയും ചില ഭാഗങ്ങളുണ്ടായിരുന്നു. തൊഴിലാളികളെ ആക്ഷേപിച്ച മുതലാളിയുടെ നേർക്ക് വിരൽചൂണ്ടി, ഇംഗ്ലീഷിൽ ജയൻ തിരിച്ചടിക്കുന്ന ദൃശ്യത്തെ സദസ്സ് നിലക്കാത്ത കൈയടികളോടെ എതിരേക്കുന്നത് കണ്ട് ഞാൻ വിസ്മയിച്ചു പോയി. ആ കൈയടികൾ ജയൻ എന്ന നടൻ സൃഷ്ടിച്ച കരുത്തിന്റെ പ്രതിഫലനമാണ്. മലയാളികളുടെ ഹൃദയത്തിൽ ജയൻ ഇന്നും തറഞ്ഞുനിൽക്കുന്നത് കരുത്തിന്റെ പ്രതിരൂപമായിത്തന്നെയാണ്. ഒറ്റ ചിത്രത്തിൽ മാത്രം സംഗമിച്ച്, മറക്കാനാകാത്ത ഏറെ നിമിഷങ്ങൾ എനിക്കു നല്കിയ, കരുത്തനായ ആ വലിയ നടൻ 37 വർഷങ്ങൾക്കിപ്പുറവും എന്റെ ഓർമകളിൽ നിറസാന്നിധ്യമായി നിൽക്കുന്നുണ്ട്…..
content highlight: mohanlal-remembering-actor-jayan