കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന രീതിയില്‍ പലതരത്തിലുള്ള വാര്‍ത്തകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. അത്തരത്തില്‍, കേട്ടാല്‍ കൗതുകത്തോടെ നോക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട ഈ വാര്‍ത്ത നിമിഷനേരങ്ങള്‍ കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
അമേരിക്കയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ വ്യവസായിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ ഇന്ത്യക്കാരന്‍ എന്താണ് ചെയ്തതെന്നോ? അദ്ദേഹത്തിന്റെ വസതിക്കു മുന്‍പില്‍ അമിതാഭ് ബച്ചന്റെ ഒരു പ്രതിമ സ്ഥാപിച്ചു. ഇതോടെ അദ്ദേഹത്തിന്റെ വീട് ഒരു വിനോദസഞ്ചാര കേന്ദ്രമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍. മാന്‍ഹട്ടനില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ തെക്ക് എഡിസണ്‍ സിറ്റിയിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
2002 ഓഗസ്റ്റിലാണ് ഇദ്ദേഹം ബച്ചന്റെ പ്രതിമ സ്ഥാപിച്ചത്. ഗോപി സേത്ത് എന്നാണ് ഈ ഇന്ത്യക്കാരനായ വ്യവസായിയുടെ പേര്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമിതാഭ് ബച്ചന്റെ ആരാധകര്‍ ഇവിടെ എത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും സെല്‍ഫികള്‍ എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വീട് ലൊക്കേഷന്‍ മാര്‍ക്ക് ചെയ്യുകയും ചെയ്യുന്നു. ഇതോടുകൂടി വീട് വലിയ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
‘അമിതാഭ് ബച്ചന്റെ പ്രതിമയ്ക്ക് നന്ദി, ഞങ്ങളുടെ വീട് ഇപ്പോള്‍ പ്രശസ്തിയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറി. ഗൂഗിള്‍ സെര്‍ച്ച് അംഗീകരിച്ച സൈറ്റ് ആണ് ഇപ്പോള്‍ എന്റെ വീട്. ദിവസേന സന്ദര്‍ശകരുടെ എണ്ണം കൂടി കൂടി വരികയാണ്.
ലോകമെമ്പാടുമുള്ള അമിതാഭ്ബച്ചന്റെ ആരാധകര്‍ പ്രതിമ കാണാന്‍ ഇവിടെ എത്താറുണ്ട്. ദിവസേന 20-25 കാറുകളാണ് ഇവിടെയെത്തുന്നത്. മിക്കവരും കുടുംബത്തോട് കൂടിയാണ് ഇവിടെ എത്താറ്. ഇവിടെ വരുന്ന സന്ദര്‍ശകര്‍ ആശംസ കാര്‍ഡുകളും കത്തുകളും ഇവിടെ നിക്ഷേപിക്കാറുണ്ട്. അദ്ദേഹത്തോടുള്ള ആരാധനയാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. ഞങ്ങളുടെ വീടിന് ലഭിച്ചിരിക്കുന്ന ഈ പ്രശസ്തി, അമിതാഭ്ബച്ചന്റെ ആഗോളതലത്തിലുള്ള അംഗീകാരത്തിന്റ തെളിവാണ്. ഞങ്ങള്‍ ആരാധകരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നു’, ഗോപി സേത്ത് പറഞ്ഞു.