ഹൃദയരാഗം
PART 30
” നിങ്ങൾ രണ്ടുപേരും ഇത്രയും സ്ട്രോങ്ങ് ആണെങ്കിൽ എന്ത് കാര്യത്തിനും ഒപ്പം ഞാൻ ഉണ്ടാവും…. സൂരജ് അത് പറഞ്ഞപ്പോൾ ആ രണ്ടു മുഖങ്ങളും തിളങ്ങിയിരുന്നു, ” ഇവിടെ വന്നിട്ട് ഒരുപാട് നേരമായി, അവിടെ നിന്നെ തിരക്കുന്നുണ്ടാകും.ആർക്കേലും സംശയം ഉണ്ടാവുന്നതിനു മുൻപ് തിരികെ പൊയ്ക്കോ..? പറഞ്ഞത് സൂരജ് ആണ്. “ശരിയാണ് ഒരുപാട് സംശയം ഉണ്ടാക്കാതെ നിൽക്കുന്നത് ആണ് നല്ലത്… അനന്ദു പറഞ്ഞപ്പോൾ സമ്മതത്തോടെ രണ്ടുപേരെയും നോക്കി അവൾ ഇറങ്ങി… അതിനുശേഷം ഒന്നു തിരിഞ്ഞു നോക്കി പറഞ്ഞു, “സുരേജേട്ടനോട് അമ്മ പറഞ്ഞു വീട്ടിലേക്ക് ഒന്ന് കയറണമെന്ന്…
” ഞാൻ പോകുന്നതിനു മുമ്പ് കയറികൊള്ളാം.. സുരജ് പറഞ്ഞു, ഒരിക്കൽ കൂടി അനന്ദുവിനെ നോക്കി കണ്ണുകൾ കൊണ്ട് അവൻ അവളോട് യാത്ര പറഞ്ഞിരുന്നു, അല്പം സമാധാനത്തോടെയാണ് തിരികെ ദിവ്യ പോയിരുന്നത്… ഒരാൾകൂടി കാര്യം അറിഞ്ഞു തനിക്കൊരു പിന്തുണയുണ്ടെന്ന് ആശ്വാസം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു, ” നിങ്ങൾ എത്രാ സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി നന്ദു… എനിക്കെന്തോ നിന്നെ നന്നായി അറിയാവുന്നതു കൊണ്ടാവും ഒരുപക്ഷേ പ്രതീക്ഷിക്കുന്ന പോലെയല്ല സംഭവിക്കുന്നതെങ്കിൽ ഇതിൻറെ പേരിൽ നിൻറെ ജീവിതം നേരത്തത്തെ പോലെ ആകരുത്
ഒരു പ്രണയം നിനക്ക് സമ്മാനിച്ചത് മദ്യപാനശീലവും പുകവലിയുമാണ്…. മറ്റൊരു പ്രണയം അത് നിൻറെ ജീവിതം തകർക്കാൻ കെൽപ്പുള്ളത് ആവരുത്, ഒരു നല്ലൊരു സുഹൃത്തിൻറെ ഉപദേശമായാണ് അവന് തോന്നിയത്…. അവൻ ഒന്ന് പുഞ്ചിരിച്ചു ” ഒരു പ്രണയം സമ്മാനിച്ച മോശം ശീലങ്ങൾ നിരവധിയാണ്, ഇപ്പോൾ അതിൽ നിന്നെല്ലാം ഒന്ന് പുറത്തു കടക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്… സത്യം പറയാലോ ജീവിക്കണം എന്ന ഒരു മോഹം തോന്നിയത് ഇപ്പോഴാണ്, ഹരിതയുമായി ഇഷ്ടത്തിലായിരുന്നപ്പോൾ അന്നത്തെ പ്രായത്തിന്റെ ആയിരിക്കും അന്ന് കല്യാണം കഴിക്കണമെന്നോ കുടുംബമായി ജീവിക്കണമെന്നോ ഒന്നും ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.. നഷ്ടപ്പെട്ടുപോകരുതെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ 20 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ മനസ്സിലേക്ക് വിവാഹം,കുടുംബം അങ്ങനെയൊന്നും വന്നിരുന്നില്ല. പക്ഷേ ഒരു ജീവിതകാലം മുഴുവൻ അവളോടൊപ്പം സ്വപ്നം കണ്ടിട്ടുണ്ട്… പക്ഷേ ദിവ്യ എനിക്ക് സ്വപ്നമല്ല..! സത്യമാണ്, എൻറെ ജീവനെ നിലനിർത്തുന്ന സത്യം…! നിനക്കറിയോ രണ്ടാഴ്ചയായി ഞാൻ കുടിച്ചിട്ടില്ല, വലിച്ചിട്ടില്ല…
എല്ലാ ലഹരിയും അവൾ ആണെന്നാണ് എനിക്ക് തോന്നുന്നത്… ” എന്താ നിന്നോട് ഞാൻ ഇപ്പൊ പറയാ… എനിക്ക് ലഭിക്കാതെപോയ അമ്മയുടെ സ്നേഹം കൂടി അവൾ എനിക്ക് തരുന്നുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട് പലവട്ടം… അവൾ പോയാൽ പിന്നെ ഞാൻ ഇല്ലടാ.. വാക്കുകൾ അവന് ഇടറി.. ” നീ അങ്ങനെ ഒന്നും ചിന്തിക്കാതെ, അങ്ങനെ ഒന്നും സംഭവിക്കില്ല.. അവൾ വളരെ സീരിയസ് ആണ്.. മാത്രമല്ല അവളൊരു പാവം കൂട്ടിയ, ഹരിതയെ പോലെ ഒന്നുമല്ല.. നീ ചെയ്യേണ്ടത് നീ നന്നായി പഠിക്കുക,
അത് പൂർത്തിയാക്കിയതിനുശേഷം നീ അവളുടെ വീട്ടിൽ ചെന്ന് വിവാഹം ആലോചിക്കുക.അവളെ സ്വന്തമാക്കാൻ എന്തെങ്കിലുമൊക്കെ ജോലി ചെയ്തു എങ്ങനെയെങ്കിലും ജീവിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന അനന്തുവിന് മകളെ തരാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാകും, ഒരു പോലീസ് ഓഫീസർക്ക് മകളെ നൽകാൻ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല… ” നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്…. ” പണം മാത്രമല്ല സമൂഹത്തിലുള്ള സ്ഥാനം, വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കുന്ന ആ സ്ഥാനത്തിനു ഒരുപാട് വിലയുണ്ട്… ഒരുപക്ഷേ പണത്തേക്കാൾ, പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്നു പറയുന്നതുപോലെ ഉന്നതമായ ഒരു സ്ഥാനത്ത് എത്തിയാൽ അവിടെ ബലഹീനതകളും ആരും ഓർക്കില്ല…
സാധാരണക്കാർക്ക് അങ്ങനെ എത്താൻ സാധിക്കുന്നത് അവൻറെ കഴിവിൽ കൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമാണ്… നിൻറെ കയ്യിൽ ഒരു കഴിവുണ്ട് പഠിക്കാനുള്ള ബുദ്ധി ഉണ്ട്, അത് നീ പ്രായോഗികമായി ഉപയോഗിക്കണം…. അവൾക്ക് വേണ്ടി എങ്കിലും അതിലെല്ലാമുപരി നിന്റെ സ്വപ്നത്തിനു വേണ്ടി… ഇനി അതാണ് നിൻറെ മനസ്സിൽ ഉണ്ടാവേണ്ടത്…. ” എടാ ഞാനിപ്പോ അതിനുവേണ്ടി തന്നെ നോക്കുന്നത്, അടുത്തമാസം ചിലപ്പൊ പരീക്ഷ ഉണ്ടാവും… അത് കഴിഞ്ഞിട്ട് ട്രെയിനിങ് ഉണ്ടാവും, ട്രെയിനിങ് കേരളത്തിന്റെ വെളിയിൽ ആകും, അതുകൊണ്ടാണ് ഞാൻ പിന്നെയൊന്നും മടിക്കുന്നത്, പിന്നെ കാശും… ” അതൊന്നും നീ ഓർക്കേണ്ട, എന്തെങ്കിലുമുണ്ടെങ്കിൽ ശരിയാക്കി തരാൻ ഒക്കെ എനിക്ക് പറ്റും… നമ്മുടെ കൂട്ടത്തിൽ ഒരാൾ ഉയർന്നുവരുമ്പോൾ അത് നാളെ നമുക്കും കൂടി ഉപകാരപ്പെടുന്ന കാര്യമല്ലേ, ഒന്നും ഇല്ലെങ്കിലും നമ്മുടെ ചങ്ങായി ആണെന്ന് പറയാല്ലോ… അനന്ദു ഹൃദയം നിറഞ്ഞു തന്നെ അവനെയൊന്നു നോക്കിയിരുന്നു… ജീവിതത്തിൽ സ്വന്തമായുള്ളതെന്ന് പറയാൻ ഇത്തരം സൗഹൃദങ്ങൾ മാത്രമാണുള്ളത്…
വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ചോദിച്ചാൽ ജീവൻപോലും പകരം നൽകുന്ന ചില സൗഹൃദങ്ങൾ… ” ഹോസ്പിറ്റലിൽ ഞാൻ വരണോ..? നിനക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഞാനും കൂടി വരാം, ” അവിടെ ആവശ്യമില്ലടാ, നമുക്ക് ഒരുമിച്ച് ഇറങ്ങാം.. അപ്പുറത് കയറാം, നിൻറെ ഭാവി ഭാര്യവീട് അല്ലേ… ” ഞാൻ ഇല്ല… നീ ചെല്ല്… അവർക്ക് എന്നെ ഇഷ്ടമാകില്ല ” പിന്നെ.. നാളെ നീ അവിടെ അവകാശത്തോടെ കയറി വരേണ്ട ആളാ… അതിനുമുമ്പ് ഒരു റിഹേഴ്സ്‍ൽ… സൂരജ് നിർബന്ധിച്ചാണ് അവനുമായി പുറത്തേക്കിറങ്ങിയത്… വീടിൻറെ പടിക്കെട്ടുകൾ കയറുമ്പോൾ ഒരു വല്ലായ്മ തോന്നിയിരുന്നു,
സൂരജിനേയും ഒപ്പം അനന്ദുവിനെയും കണ്ടപ്പോൾ ദിവ്യയുടെ അമ്മ നന്നായി ഒന്ന് പുഞ്ചിരിച്ചു.. ” ആശുപത്രിയിൽ പോകാൻ അല്ലേ മോനേ… സുരജിനോട് ചോദിച്ചു.. ” ആണമ്മേ… ” ഭക്ഷണം എങ്ങനാ… ” കാന്റീനിൽ നിന്ന് വാങ്ങുന്നുണ്ട്, ” രണ്ടുമൂന്നു ദിവസമായിട്ട് പുറത്തൂന്നുള്ള ഭക്ഷണം കഴിച്ചിട്ട്ടല്ലേ ഉണ്ടാവുക, ഉച്ചയ്ക്കതേക്ക് ഞാൻ കുറച്ചു ഭക്ഷണം വച്ചിട്ടുണ്ട്… അത് എടുത്തിട്ട് വരാം, ” അത് വേണ്ടായിരുന്നു അമ്മേ… ” എനിക്ക് ബുദ്ധിമുട്ടാകുന്ന കരുതിയാണോ, എത്രനാൾ എന്ന് വിചാരിച്ച് പുറത്തുനിന്ന് കഴിക്കുന്നത്… ഞാൻ എടുത്തു വച്ചിട്ടുണ്ട്.
കയറി വാ… സൂരജ് നടന്ന് കയറിയപ്പോൾ മുറ്റത്ത് നിന്ന അനന്ദുവിനെ നോക്കി ഒരിക്കൽ കൂടി അവർ വിളിച്ചു… “കയറി വാ കുട്ടി… അവരുടെ ഊഷ്മളമായ സ്വഭാവം അവന് മനസ്സിൽ ഒരു കുളിർമ പകർന്നിരുന്നു, ചെറുചിരിയോടെ ചെരിപ്പൂരി ഉമ്മറത്തേക്ക് കയറി ഇരുന്നു… ” എൻറെ കൂട്ടുകാരൻ ആണ് അനന്ദു.. സൂരജ് പരിചയപ്പെടുത്തി.. “‘ എനിക്കറിയാമല്ലോ… ചെറുചിരിയോടെ അവരും പറഞ്ഞു പരിചിതമായ ഒരു സ്വരം കേട്ടാണ് ഉമ്മറത്തേക്ക് ദിവ്യ ഇറങ്ങി വന്നത്.. ആളെ കണ്ട് ഒരുനിമിഷം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അത് പുഞ്ചിരിക്ക് വഴിമാറി, “ദീപ്തി ഇത്തിരി ചായക്ക് വെള്ളം വെച്ചേ…
” ചായയൊന്നും വേണ്ട അമ്മേ… സൂരജ് വിളിച്ചുപറയുന്നുണ്ടായിരുന്നു… ” ഏതായാലും വന്നതല്ലേ ഭക്ഷണം കെട്ടുകയാണ്.. അതെടുക്കുമ്പോഴേക്കും ചായകുടിക്കാം.. കേട്ട് പാതി ദിവ്യ അകത്തേക്കോടി, പാലെടുത്ത് ഗ്യാസിൽ വച്ചു നന്നായി തിളയ്ക്കുമ്പോൾ പഞ്ചസാരയും ഏലക്കയും ഇട്ട് ചായ എടുത്തു.. അത് ഗ്ലാസിലേക്ക് പകർന്നു പിന്നെ ഉമ്മറത്തേക്ക് വന്നു, ഒരു നിമിഷം അവളുടെ ആ പ്രവർത്തി അമ്മപോലും ഞെട്ടി പോയിരുന്നു.. അത് പുറത്തുകാണിക്കാതെ അവളെ നോക്കി ഒന്ന് ചിരിച്ചു… അവൾ തന്നെയാണ് രണ്ടാൾക്കും ചായ കൊടുത്തത്… ചായ കൊടുക്കുന്ന സമയം അവൾക്ക് മാത്രം കാണാവുന്ന രീതിയിൽ ഒരു കണ്ണിറുക്കി അനന്ദു……
കാത്തിരിക്കൂ..