Novel

കാളിന്ദി ഭാഗം 30/kalindhi novel part 30

കാളിന്ദി

ഭാഗം 30

ശ്രീക്കുട്ടി…. പോയി ഇരുന്ന് പഠിച്ചോ കെട്ടോ.. ഞാൻ എല്ലാം ചെയ്തോളാം…”

അതും പറഞ്ഞു കൊണ്ട് കല്ലു ഒന്ന് രണ്ട് തവണ തുമ്മി…

“ഇതെന്താ പറ്റിയത് കാലത്തെ ഉള്ള കുളിയാണോ…..”

“ഹേയ് കുഴപ്പമില്ല…”

കല്ലു വീണ്ടും തുമ്മി.

“ആഹ് ഇത് പണി കിട്ടിയത് തന്നെ ”

“ഇല്ലന്നേ…അതൊക്ക അങ്ങ് മാറും ശ്രീക്കുട്ടി…”

കല്ലുവും ശ്രീകുട്ടിയെ അടുക്കളയിൽ സഹായിച്ചു കൊണ്ട് നിൽക്കുക ആണ്.

ബീൻസ് പയർ തോരൻ വെയ്ക്കാൻ വേഗത്തിൽ കല്ലു അരിഞ്ഞു. അപ്പോളേക്കും കപ്പ പുഴുക്കിലേക്കും തോരനും വേണ്ട നാളികേരം ഒക്കെ ശ്രീക്കുട്ടി ചിരവി.

“കല്ലു ഞാൻ ഇപ്പോൾ വരാമേ… ”

മീൻകാരൻ കൂവുന്നത് കേട്ടു ഒരു കറി ചട്ടിയുമായിട്ട് ശ്രീക്കുട്ടി വഴിയിലേക്ക് ഇറങ്ങി പോയി…

“എന്ത് മീൻ ആണ് ശ്രീക്കുട്ടി “?

“ഒരു കിലോ അയില മേടിച്ചു. അത് കറി വെയ്ക്കാം
പിന്നെ അര കിലോ കിളിയും… അത് നമ്മൾക്ക് ഉച്ചത്തേക്ക് പൊരിക്കാം.. ”

അവൾ ചട്ടി കൊണ്ടുവന്നു അടുക്കളയിൽ വെച്ചു..

” എന്നാൽ ഞാൻ അത് വൃത്തിയാക്കി കൊണ്ടുവരാം ശ്രീക്കുട്ടി…. ”

” ധൃതിയില്ല കല്ലു…. കുറച്ചു കഴിഞ്ഞ് ആണെങ്കിലും മതി , ഇന്നലെ വറ്റിച്ച മത്തിക്കറി ഇരിപ്പുണ്ട് അതുകൂട്ടി കപ്പ പുഴുക്ക് കഴിക്കാം”

” അത് സാരമില്ല… കറിയൊക്കെ വേകുമ്പോഴേക്കും മീൻ വെട്ടുകയാണെങ്കിൽ, ആ പണി അങ്ങ് കഴിയുമല്ലോ  ”

കല്ലു മീൻ എടുത്തുകൊണ്ട് വെളിയിലേക്ക് പോയി..

ശ്രീക്കുട്ടി അമ്മയെ ഫോൺ വിളിച്ചു അച്ഛന്റെ അസുഖ വിവരങ്ങൾ ഒക്കെ അന്വേഷിച്ചു.

മിക്കവാറും നാളെ കഴിഞ്ഞ് ഡിസ്ചാർജ് ആകുമെന്ന് ശോഭ മകളോട് പറഞ്ഞു.

കണ്ണൻ റബർ വെട്ടാൻ പോയ കാര്യം പറഞ്ഞപ്പോൾ ശോഭയ്ക്കും വിഷമമായി..

” പാവം എന്റെ കുഞ്ഞ്… എന്നാലും അവൻ ”

ശോഭയുടെ കരച്ചിൽ ശ്രീക്കുട്ടി ഫോണിലൂടെ കേട്ടു…

അവൾക്കും നല്ല വിഷമം ഉണ്ട്.

പക്ഷേ എന്ത് ചെയ്യാനാണ്. ഏട്ടൻ പറഞ്ഞതുപോലെ,  ആ കിട്ടുന്ന പൈസയ്ക്ക്  അച്ഛനുള്ള മരുന്നെങ്കിലും വാങ്ങാമല്ലോ… ഇനി ഒന്നിനൊന്ന് ബുദ്ധിമുട്ട് ആകും എന്ന് അവൾക്കും അറിയാം.

അമ്മയെ ഒരുതരത്തിൽ ആശ്വസിപ്പിച്ചിട്ട് അവൾ ഫോൺ വെച്ചു.

അപ്പോഴേക്കും കല്ലു മീൻ എല്ലാം വെട്ടി കഴുകി വൃത്തിയാക്കി കൊണ്ടുവന്നു..

കല്ലു തന്നെയാണ് അയല മീൻ കറി വച്ചത്… ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഒക്കെയിട്ടു നന്നായി വഴറ്റി പാകത്തിന് ഉപ്പും പുളിയും  എരിവും ഒക്കെ ചേർത്ത് അവൾ നല്ല അസ്സലായിട്ടാണ് മീൻ കറി വെച്ചത്…

” അടിപൊളി മണം ആണല്ലോ കല്ലൂ വരുന്നത്… ”

കോളേജിലേക്ക് പോകാനായി
മേല് കഴുകി ഡ്രസ്സ് മാറി വന്ന ശ്രീക്കുട്ടി കല്ലുവിനെ അഭിനന്ദിച്ചു.

കല്ലു ഒന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ട്  ശ്രീക്കുട്ടിക്ക് കഴിക്കുവാനായി കപ്പയും മീൻകറിയും എടുത്തു വച്ചു..

” മത്തിക്കറി ആണെങ്കിലും മതി കല്ലൂ….. ” അവൾ കസേരയിലേക്ക് ഇരുന്നു.

” ശ്രീക്കുട്ടി ഇതുകൂട്ടി കഴിച്ചോളൂ , കോളേജിൽ പോകാൻ റെഡി ആയതല്ലേ, മത്തി കൂട്ടുമ്പോൾ, മണം വന്നാലോ ”

” അത് ശരിയാ…. ഞാൻ അത്രയും ഓർത്തില്ല കേട്ടോ
കല്ലു ഇപ്പോൾ കഴിക്കുന്നുണ്ടോ”

” ഞാൻ പിന്നെ കഴിച്ചോളാം, ശ്രീക്കുട്ടി റെഡിയായി പോകാൻ നോക്കിക്കോളൂ  ”

“ഹ്മ്മ്….”

. കല്ലു അപ്പോഴേക്കും ശ്രീക്കുട്ടിക്കുള്ള ചോറ് എടുത്ത് ചോറ്റു പാത്രത്തിൽ വെച്ചു.ബീൻസ് തോരനും, കിളിമീൻ വറുത്തതും, കണ്ണിമാങ്ങ അച്ചാറും ആയിരുന്നു  കറികൾ.

സമയമായപ്പോൾ ശ്രീക്കുട്ടി കല്ലുവിന് റ്റാറ്റയും കൊടുത്ത്, കോളേജിലേക്ക് പോയി..

ഒൻപതു മണി കഴിഞ്ഞു കണ്ണൻ എത്തിയപ്പോൾ.

“ഇത്രയും താമസിച്ചു പോയോ ഏട്ടാ…”

“ഹ്മ്മ്… ഇത്തിരി…”

. അവൻ ഷർട്ട്‌ ഊരി മുറ്റത്തെ അഴയിൽ വിരിച്ചു.

കിണറ്റു കരയിൽ പോയി കൈയും മുഖവും ഒക്കെ സോപ്പിട്ടു കഴുകി.

“കല്ലു… നീ ഇത്തിരി ചായ എടുക്ക്”

“ശരി ഏട്ടാ ”

അവൾ അടുക്കളയിൽ പോയി വേഗം പാൽ എടുത്തു അടുപ്പത്തു വെച്ച്.

“ഏട്ടൻ കാപ്പി കുടിക്കുന്നില്ലേ, കപ്പ വേവിച്ചു വെച്ചിട്ടുണ്ട് ”

അവനു ചായ കൊടുത്തു കൊണ്ട് കല്ലു ചോദിച്ചു.

“കുളിച്ചിട്ട് വരാം ”

അവൻ മുറിയിൽ ചെന്നു ഒരു തോർത്ത്‌ എടുത്തു കൊണ്ട് കുളിക്കാനായി ഇറങ്ങി പോയി.

കുളി കഴിഞ്ഞു വന്നപ്പോൾ ആവി പറക്കുന്ന കപ്പ പുഴുക്കും അയല മീൻ മുളകിട്ടതും കൂടി കല്ലു എടുത്തു മേശമേൽ വെച്ചു.

“മീൻ കറി അസ്സൽ ആയിട്ടുണ്ട്… കല്ലു വെച്ചത് ആണോ ”

“അതെ ഏട്ടാ… കൊള്ളാമോ ”

“മ്മ്… സൂപ്പർ ” അവൻ കുറച്ചു കപ്പ എടുത്തു മീൻ ചാറിൽ മുക്കി വായിലേക്ക് വെച്ചു കൊണ്ട് അവളെ തള്ള വിരൽ ഉയർത്തി കാണിച്ചു.

അവൾക്ക് ഒരുപാട് സന്തോഷം ആയിരുന്നു അപ്പോൾ..

ആ സമയത്ത് ആണ് ഉഷ അവളെ ഫോൺ വിളിച്ചത്.

“ഹെലോ.. അപ്പച്ചി…”

. “കല്ലു.. തിരക്ക് ആണോടി ”

“അല്ല അപ്പച്ചി.. പറഞ്ഞോ ”
..

“ഞാൻ ഇന്ന് പോകുവാ മോളെ… ചിറ്റപ്പൻ കിടന്ന് വിളിക്കുവാ… അമ്മയെ കൂടി കൊണ്ട് പോകാം എന്നോർത്തു ആണ് കെട്ടോ ”

“അയ്യോ… ഇത്ര പെട്ടന്നൊ ”

“ആഹ്… അല്ലാതെ എന്ത് ചെയ്യാനാ…ഈ വയസനാം കാലത്തു ഇവിടെ ഇട്ടിട്ട് പൊകാ ൻ പറ്റുമോ.. പിന്നേ എല്ലാ കാര്യങ്ങളും ഞാൻ നിന്നോട് പറഞ്ഞതുമല്ലേ…”

“എന്നാലും അപ്പച്ചി ”

“ഞാൻ അമ്മയുടെ കൈയിൽ കൊടുക്കാം.. നീ തന്നെ സംസാരിക്കു ”

അങ്ങനെ അച്ഛമ്മയും കല്ലുവും തമ്മിൽ കുറച്ചു സമയം സംസാരിച്ചു.

ഒടുവിൽ അച്ഛമ്മയോട് പോയിട്ട് വരാൻ കല്ലു പറഞ്ഞു ഫോൺ വെച്ചു.

കണ്ണന് കാര്യങ്ങൾ ഏറെ കുറെ മനസിലായി എങ്കിലും അവൻ ഒന്നും ചോദിച്ചില്ല.

കല്ലു പിന്നീട് തുണി ഒക്കെ നനച്ചു ഇടാനായി പോയി.

ഉള്ളിലൊരുപാട് വിഷമം ഉണ്ടെങ്കിലും അവൾ അത് എല്ലാം ഒതുക്കി വെച്ചു.

അപ്പോളേക്കും കണ്ണൻ വണ്ടിക്ക് ഓട്ടം ഉണ്ടെന്നു പറഞ്ഞു ബൈക്ക് എടുത്തു കൊണ്ട് വേഗത്തിൽ പോയി.

കല്ലുവിനും അന്ന് ഒരുപാട് ജോലി ഉണ്ടായിരുന്നു.

അച്ഛനും അമ്മയും രണ്ട് ദിവസത്തിന് ഉള്ളിൽ വരും എന്ന് ശ്രീക്കുട്ടി പറഞ്ഞത് കൊണ്ട് അവൾ അവരുടെ റൂമൊക്കെ ഡെറ്റോൾ ഒഴിച്ച് വൃത്തിയായി തുടച്ചു.. കർട്ടൻ ഒക്കെ അഴിച്ചു എടുത്തു കഴുകി ഉണങ്ങാൻ വിരിച്ചിട്ടു. ചവട്ടിയും ബെഡ് ഷീറ്റും ഒക്കെ എടുത്തു അവൾ അലക്കി തോരാൻ ഇട്ടു.

എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ കല്ലു ആകെ മടുത്തു പോയി.

വല്ലാത്ത തലവേദന യും ഉണ്ട്..

കുറച്ചു വിക്സ് എടുത്തു നെറ്റിയിൽ പുരട്ടി യിട്ട് അവൾ കട്ടിലിൽ വന്നു കിടന്നു.

സമയം അപ്പോൾ രണ്ട് മണി ആയി കാണും.

കണ്ണനെ ഒന്ന് വിളിച്ചു നോക്കാം എന്നോർത്ത് അവൾ ഫോൺ എടുത്തു..

അപ്പോളേക്കും അവൻ അവളെ വിളിച്ചു..

“ഏട്ടാ… ഞാൻ അങ്ങോട്ട് വിളിക്കാൻ തുടങ്ങുവായിരുന്നു…”

“കല്ലു…. നീ ഊണ് കഴിച്ചോ കേട്ടോ. ഞാൻ വരാൻ അല്പം വൈകും ”

. “കഴിഞ്ഞില്ലേ ഏട്ടാ ”

“ഒരു മണിക്കൂർ എടുക്കും ”

“അത് സാരമില്ല…ഏട്ടൻ വന്നിട്ട് കഴിക്കാം “…

“വേണ്ട പെണ്ണെ.. നീ വെറുതെ വിശന്നു ഇരിക്കേണ്ട.. കഴിച്ചോ, ഞാൻ വണ്ടി ഓടിക്കുവ… വെയ്ക്കുവാണേ ”

അവൻ വേഗം ഫോൺ കട്ട്‌ ചെയ്തു.

കല്ലു പക്ഷെ ഭക്ഷണം കഴിക്കാൻ ഒന്നും പോയില്ല.. അവനെ കാത്തിരുന്നു..

ഇടയ്ക്ക് അച്ഛമ്മയെ വിളിച്ചപ്പോൾ അവർ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.

ഓർക്കും തോറും വിഷമം കൂടി കൂടി അവൾക്ക് വന്നു…
തലവേദനയുo സഹിക്കാതെ വന്നപ്പോൾ അവളുടെ കണ്ണും അടഞ്ഞു പോയി.

തലേ ദിവസത്തെ ഉറക്ക ക്ഷീണവും ഉണ്ടായിരുന്നു..

കണ്ണൻ വന്നു കൊട്ടി വിളിക്കുമ്പോൾ ആണ് കല്ലു കണ്ണ് തുറന്നത്.

അവൾ ഓടി ചെന്നു വാതിൽ തുറന്നു.

“നീ ഇത് എന്തെടുക്കവായിരുന്നു… എത്ര തവണ വിളിച്ചു…”

അത് പറയുമ്പോൾ അവന്റെ നാവ് കുഴഞ്ഞു.

വല്ലാത്തൊരു ഗന്ധം അവൻ അടുത്ത് വരും തോറും.

അവൻ കുടിച്ചിട്ടുണ്ട് എന്ന് കല്ലുവിന് മനസിലായി.

,”ആഹ്.. കണ്ണേട്ടന്റെ കല്ലു മോള് എന്താ ഇങ്ങനെ നിൽക്കുന്നത്… ഇങ്ങു അടുത്ത് വാ… ഏട്ടൻ ഒന്ന് കാണട്ടെ… ”

അവൻ കല്ലുവിന്റെ അടുത്തേക്ക് വന്നു.

അവൾക്ക് സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു..

“ഏട്ടൻ… ഏട്ടൻ കുടിച്ചിട്ട് ആണോ വന്നത് ”

അവളുടെ ശബ്ദം ഇടറി.

“ഹ്മ്മ്… ഒരു ലേശം… ഇത്തിരി…”

അവൻ അവളെ നോക്കി കൈ കൂപ്പി.

“ചോറുണ്ടോ നിയ് ”

അവൻ അടുക്കളയിലേക്ക് നടന്നു.

കല്ലു അതിനു മറുപടി പറഞ്ഞില്ല.

അവൾ പേടിച്ചു നിൽക്കുക ആണ് അപ്പോളും.

അവൻ പോയി ഒരു പ്ലേറ്റ് il ചോറും കറി കളും എടുത്തു കൊണ്ട് വന്നു.

“കല്ലു….. വാ ഇരിക്ക് ”

അവൻ അവളെ വിളിച്ചു.

“എനിക്ക് വേണ്ട”അവൾ വിക്കി വിക്കി പറഞ്ഞു.

“അതെന്താ വേണ്ടാത്തത്… നിനക്ക് വിശപ്പില്ലേ ”

“ഇല്ല…”

“എന്ത് പറ്റി..”

“എനിക്ക്
.. എനിക്ക് വേണ്ടാത്തത് കൊണ്ട് ആണ്….”

“അത് നിയല്ല തീരുമാനിക്കുന്നത്.. ഞാൻ ആണ്… ഇവിടെ വാടി ”

അവന്റ ശബ്ദം ഉയർന്നു.

കല്ലുവിനെ പേടിച്ചു വിറച്ചു.

“വന്നിരിക്കെടി ഇവിടെ ”

അവൻ വീണ്ടും ശബ്ദം ഉയർത്തി.

കല്ലു വേഗം വന്നു കസേരയിൽ ഇരിക്കാൻ തുടങ്ങി.

“അവിടെ അല്ല… ഇവിടെ… ഇവിടെ ഇരിക്കു”

അവൻ തന്റെ തുടയിൽ കൊട്ടി കൊണ്ട് പറഞ്ഞു.

“ഞാൻ.. ഞാൻ ഇവിടെ ഇരുന്നോളാം ഏട്ടാ…”

“പറയുന്നത് അനുസരിക്കെടി….”

കണ്ണന്റെ ശബ്ദം വീണ്ടും കനത്തു.

കല്ലു ഇടത് തുടയിൽ ഇരുന്നു.

അവളെ അപ്പോളും വിറക്കുക ആണ്..

കണ്ണൻ ഓരോ ഉരുളയും എടുത്തു അവളുടെ നേർക്ക് കൊടുത്തു.

കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

“ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നു കരയുന്നോ….. നിന്നെ ഇതൊക്കെ ആരാടി പഠിപ്പിച്ചത്… നിന്റെ അച്ഛമ്മ ആണോ….അങ്ങനെ വരാൻ വഴിയില്ല… അത് ഒരു പാവം ആണ്.. പക്ഷെ നീ അങ്ങനെ അല്ല…. ..”

. “കണ്ണേട്ടാ…. ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ.. പ്ലീസ്…..”

കല്ലുവിന് സങ്കടം സഹിക്കാ വയ്യാ..

 

ഒരു തരത്തിൽ അവൾ ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയി..

കൈ കഴുകി തിരിഞ്ഞതും അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു.

അവളുടെ
വദനം അപ്പോളും തറയിലൂടെ ഒഴുകി നടക്കുക ആണ്… കണ്ണനെ നോക്കാൻ പോലുമവൾക്ക് ഭയം ആയിരുന്നു.

പെട്ടന്ന് അവൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി.

കല്ലു നോക്കിയപ്പോൾ അവളെ നോക്കി ഒരു കണ്ണ് ഇറുക്കുന്ന കണ്ണനെ ആണ് അവൾ കണ്ടത്.

“പേടിച്ചു പോയോ എന്റെ കാന്താരി ”

അവളുടെ കണ്ണിലേക്കു നോക്കി അവൻ ചോദിച്ചു..

“എന്റെ പെണ്ണെ… നീ പേടിച്ചു പോയോ… ഹ്മ്മ് “?

അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർക്കാൻ ശ്രെമിച്ചു.. പക്ഷെ കല്ലു അവനെ തള്ളി മാറ്റി.

“എടി കാന്താരി.. ഞാൻ ഒരു തമാശക്ക് ആടി… അല്ലാതെ കുടിച്ചു ഒന്നും ഇല്ല… നിന്നെ ഒന്നു പറ്റിക്കാൻ അല്ലേ….”

അവൻ പറഞ്ഞതും കല്ലു അവനെ തുറിച്ചു നോക്കി..

“അല്ല… കണ്ണേട്ടൻ കുടിച്ചു… പിന്നെ എന്താണ് ഈ മണം വരുന്നത്…”

. “എന്ത് മണം….”

“മദ്യത്തിന്റെ മണം ”

“അത് എന്റെ കൂട്ടുകാരൻ അവരാച്ചൻ മേടിച്ചു അടിച്ചപ്പോൾ ഞാൻ ഇത്തിരി ഒരു അടപ്പിൽ എടുത്തു എന്റെ ഷർട്ടിൽ ഒഴിച്ച്. നിന്നെ ഒന്നു പേടിപ്പിക്കാൻ വേണ്ടി… അപ്പോളേക്കും നി കരഞ്ഞു നിലവിളിച്ചു പ്രശ്നം ആക്കിയില്ലേ ”

“ചുമ്മാ… കള്ളം ”

അവൾക്ക് വീണ്ടും സംശയം ആയി

അവൻ തന്റെ ഷർട്ട്‌ ഊരി മാറ്റി..

എന്നിട്ട് അവളുടെ അടുത്ത് ചെന്നു.

“ഇപ്പോൾ ഉണ്ടോ.. നോക്കിക്കേ…”

അവൾ അവന്റ അടുത്തേക്ക് വന്നപ്പോൾ മണം കുറവുണ്ട് എന്ന് അവൾക്കും തോന്നി.

“പേടിച്ചു പോയോ….”

കണ്ണൻ ചോദിച്ചു.

“ദേ… മേലാൽ ഇമ്മാതിരി അഭ്യാസം ആയിട്ട് എന്റെ അടുത്ത വന്നാൽ ഉണ്ടലോ…ഈ കല്ലു ആരാണെന്നു അറിയും…”

അവനെ നോക്കി ഒന്നു പേടിപ്പിച്ചിട്ട് കല്ലു കഴിച്ച പാത്രങ്ങൾ എടുത്തു അടുക്കളയിലേക്ക് പോയി..

തുടരും

(രണ്ട് ദിവസം താമസിച്ചു പോയി. മനഃപൂർവം അല്ല കെട്ടോ.. ഓരോ തിരക്കുകൾ )