മുംബൈ: 2024ലെ പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തെക്കുറിച്ചുള്ള പരാമര്‍ശം തൻ്റെ എക്‌സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതിന് കാരണം അക്കൌണ്ട് ആരോ ഹാക്ക് ചെയ്തതിനാലാണെന്ന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. വിവിധ വിഷയങ്ങളിൽ തൻ്റെ കാഴ്ചപ്പാടുകൾ എക്സ് അക്കൌണ്ട് വഴി പറയാറുള്ള 79 കാരനായ ജാവേദിന്‍റെ അക്കൌണ്ടില്‍ ഞായറാഴ്ച രാത്രിയാണ് പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തെക്കുറിച്ചുള്ള പരാമര്‍ശം വന്നത്. എന്നാല്‍ ഇതില്‍ വിശദീകരണമാണ് ജാവേദ് തിങ്കളാഴ്ച നല്‍കിയത്.
“എൻ്റെ എക്സ് ഐഡി ഹാക്ക് ചെയ്യപ്പെട്ടു. ഒളിമ്പിക്‌സിനുള്ള ഞങ്ങളുടെ ഇന്ത്യൻ ടീമിനെക്കുറിച്ച് എൻ്റെ അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അത് തീർത്തും നിരുപദ്രവകരമാണ്, പക്ഷേ ഞാൻ ചെയ്തതല്ല” ജാവേദ് അക്തർ എഴുതി. എന്നാല്‍ ഹാക്കിംഗ് എങ്ങനെ നടന്നു തുടങ്ങിയ വിശദമായ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം തന്‍റെ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്‍റെ ഉള്ളടക്കവും അദ്ദേഹം വ്യക്തമാക്കിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ബന്ധപ്പെട്ട അധികാരികളോട് ഈ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ജാവേദ് അക്തര്‍ പറയുന്നു. എക്‌സ്‌സിലെ ഇദ്ദേഹത്തിന് 4.6 ദശലക്ഷം ഫോളോവേഴ്‌സുണ്ട്.
കഴിഞ്ഞ വാരം ജാവേദ് അക്തർ, നടിയും ഇപ്പോൾ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണൗടിനെതിരെ എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത് വലിയ വാര്‍ത്തയായിരു്നു. കഴിഞ്ഞ വാരം ജാവേദ് നല്‍കിയ അപകീര്‍ത്തി കേസില്‍ കങ്കണ കോടതിയിൽ ഹാജരാകേണ്ടിയിരുന്നെങ്കിലും അവർ ഹാജരായില്ല. തുടർന്നാണ് ജാവേദ് അക്തറിന്‍റെ അഭിഭാഷകൻ ജയ് ഭരദ്വാജ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ കോടിതി ഇത് നിരസിക്കുകയും കങ്കണയ്ക്ക് അടുത്ത പ്രവാശ്യം ഹാജറാകുവാന്‍ കര്‍ശ്ശന നിര്‍ദേശം നല്‍കുകയുമാണ് ഉണ്ടായത്.