വയനാട്ടിൽ ഉണ്ടായ ദുരന്തം ഏതൊരു വ്യക്തിയുടെയും മനസിനെ പൂർണ്ണമായും ഉലച്ചു കളയുന്ന ഒന്നാണ്. അടുത്തകാലത്ത് ഇത്തരത്തിലുള്ള ഒരു ദുരന്തത്തിന് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടില്ല എന്നു പറയുന്നതാണ് സത്യം. വയനാട്ടിലേക്ക് സഹായഹസ്തവുമായി എത്തുന്നവർ നിരവധിയാണ്. എല്ലാവരും സഹായത്തിന്റെ കൈകൾ നീട്ടുന്നത് അവിടെ അകപ്പെട്ടു പോയവർക്കും മരണം സംഭവിച്ചു പോയവരുടെ കുടുംബങ്ങൾക്കും ഒക്കെയാണ്. എന്നാൽ അവരെപ്പോലെ തന്നെ സഹായം ആവശ്യമുള്ളവരാണ് ദുരന്തഭൂമിയിൽ രക്ഷകരായി എത്തിയിട്ടുള്ള ഓരോ മനുഷ്യരും.
വീണ്ടും ഒരു മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിട്ടും സ്വന്തം ജീവൻ പോലും പണയം വെച്ച് അവരുടെ ആരുമല്ലാതിരുന്ന ആർക്കൊക്കെയോ വേണ്ടി ജോലി ചെയ്യുന്ന ഇവർ സഹായം അർഹിക്കുന്നു. അങ്ങനെ വയനാട്ടിലെ ദുരന്തഭൂമിയിൽ എത്തിയ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും വലിയൊരു സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. അടുത്ത കാലത്താണ് അദ്ദേഹം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സഞ്ചാരി എന്ന റസ്റ്റോറന്റ് ബത്തേരിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴിതാ വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും അവിടെ ദുരന്തം അനുഭവിക്കുന്നവർക്കുമായി ആയിരത്തോളം ആളുകൾക്കുള്ള ഭക്ഷണം സഞ്ചാരി റസ്റ്റോറന്റിൽ ഒരുക്കുകയാണ് എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഈ ഭക്ഷണം അവിടെ എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനവും ഒരുക്കുമെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്നെ ബന്ധപ്പെടുവാനുള്ള നമ്പരും അദ്ദേഹം നൽകിയിട്ടുണ്ട്. ഒരുപാട് നല്ല മനുഷ്യർ പണം വേണമോ എന്ന് അന്വേഷിച്ച് തന്നെ വിളിക്കുന്നുണ്ട് നിലവിൽ തനിക്ക് പണത്തിന്റെ ആവശ്യമില്ല വരും ദിവസങ്ങളിലും പകലും രാത്രിയും എല്ലാവർക്കും ഭക്ഷണം ഒരുക്കുവാനാണ് താൻ തീരുമാനിച്ചിരിക്കുന്നത്. വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് എന്നും, ദുരന്തത്തെ തടഞ്ഞു നിർത്താൻ ആർക്കും സാധിക്കില്ല പക്ഷേ വന്നു കഴിഞ്ഞാൽ അതിന് വേണ്ടി ഏത് രീതിയിലും സഹായിക്കാൻ പറ്റുന്ന ഒരു മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്..
നിങ്ങൾക്ക് കഴിയുന്നത് ആരും ആവശ്യപ്പെടാതെ നിങ്ങൾ ചെയ്തു ആ മനുഷ്യത്വത്തിന് നിങ്ങൾ ഒരു സല്യൂട്ട് അർഹിക്കുന്നു. ശരിക്കും ദൈവം നിങ്ങളെ രക്ഷിക്കും. ദൈവം അങ്ങയെ തിരഞ്ഞെടുത്തിരിക്കുന്നു, തന്നാലാകുന്ന സഹായം അത് എത്ര ചെറുതായാലും വലുതായാലും ഈ സമയത്ത് ചെയ്യാൻ സാധിച്ചാൽ അതാണ് ഏറ്റവും വലിയ പുണ്യം.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ഇങ്ങനെയൊരു മനസ്സുണ്ടായത് വലിയ കാര്യം. ദുരന്തമുഖത്ത് മനുഷ്യത്വത്തിന്റെ മാതൃകയാകുന്ന മലയാളി. ഇങ്ങനെ പോവുകയാണ് കമന്റുകൾ. നിരവധി ആളുകളാണ് മികച്ച കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം എന്നു പറയുന്നത് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ഒരുമിച്ച് നിൽക്കുന്ന മലയാളികളുടെ ഈ മനസ്സ് തന്നെയാണ് എന്നാണ് ഈ കമന്റുകളിൽ നിന്നും ഈ പ്രവർത്തികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.