വലിയൊരു ദുരന്തത്തിന്റെ വാർത്തയും പേറിയാണ് ഇന്ന് പുലരി ഉദിച്ചത്..വയനാട് നടന്ന ഉരുൾപൊട്ടൽ ഏതൊരു മനുഷ്യനെയും വളരെയധികം തീവ്രമായ രീതിയിൽ വേദനിപ്പിച്ചു എന്ന് പറയുന്നത് സത്യമാണ്..മഴ അതിന്റെ സംഹാരതാണ്ഡവം ആടുന്ന ഈ സമയത്ത് എല്ലാവരും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വീട്ടിൽ വെള്ളം കയറാൻ ഒക്കെ സാഹചര്യം ഉള്ള ആളുകൾ. അങ്ങനെയുള്ള ആളുകൾ ചില കാര്യങ്ങൾ മുൻപേ തന്നെ ചെയ്തു വയ്ക്കണം. വീട്ടിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ പരിഭ്രമിക്കാതെ ബുദ്ധിപരമായി പെരുമാറുകയാണ് വേണ്ടത്.
ആദ്യം തന്നെ കറണ്ട് ഉണ്ടായെങ്കിൽ അത് എത്രയും പെട്ടെന്ന് ഓഫ് ചെയ്യണം. വെറുതെ സ്വിച്ചുകൾ ഓഫ് ചെയ്യാതെ മെയിൻ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്. തുടർന്ന് കെഎസ്ഇബിയിലേക്ക് വിവരമറിയിക്കുകയും വേണം വീടിനുള്ളിൽ വെള്ളം കയറുകയാണെങ്കിൽ മെയിൻ സ്വിച്ച് ഓൺ ആയിരിക്കുന്നത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്താനാണ് സഹായിക്കുന്നത്. അപ്പോൾ ഉണ്ടാകുന്ന പരിഭ്രമത്തിന്റെ പുറത്ത് എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമാണ് ഇത്. അതേപോലെ ഇൻവെർട്ടർ ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ അതും ഉടനെ തന്നെ ഡിസ്കണക്ട് ചെയ്യാൻ ശ്രദ്ധിക്കണം.
വീട്ടിലേക്ക് കയറിയ വെള്ളത്തിലൂടെ സാധനങ്ങൾ എടുത്തുമാറ്റാൻ നിൽക്കുകയാണെങ്കിൽ ആ സാഹചര്യത്തിൽ കാലിൽ ഷൂ ധരിക്കാൻ കൃത്യമായി ഓർമിക്കണം. കറണ്ട് സംബന്ധമായി വർക്ക് ചെയ്യുന്ന എല്ലാ ഉപകരണങ്ങളും ആദ്യം തന്നെ മാറ്റാനാണ് ശ്രമിക്കേണ്ടത്.ഫർണിച്ചർ പോലെയുള്ള സാധനങ്ങൾ അവസാനഘട്ടത്തിൽ മാറ്റിയാൽ മതി. അവയൊന്നും പെട്ടെന്ന് വെള്ളത്തിൽ ഒലിച്ചു പോകുന്നവയല്ല അതുകൊണ്ടു തന്നെ അത് പതുക്കെ മാറ്റാം.
പ്രധാനമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഡോക്യുമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിൽ അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നതാണ്. അതായത് അത് മാറ്റുന്ന സമയത്ത് അതിൽ യാതൊരു കേടുപാടുകളും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം പ്രത്യേകിച്ച് സർട്ടിഫിക്കറ്റുകളിൽ വെള്ളം താഴുവാനോ മഷി പടരുവാനോ സാഹചര്യമുണ്ടാവരുത്. ഒട്ടും വെള്ളം കയറില്ല എന്ന് ഉറപ്പുള്ള ഒരു പ്ലാസ്റ്റിക് ഫയലിൽ വേണം സർട്ടിഫിക്കറ്റുകൾ മാറ്റിവയ്ക്കുവാൻ. സുരക്ഷിതമായ സ്ഥാനത്തു തന്നെ അത് മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുകയും വേണം.
പൈപ്പ് ലൈനിലുള്ള വാൽവ് ഓഫ് ചെയ്യുവാനും ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ചെരിപ്പില്ലാതെ വെള്ളത്തിൽ നിൽക്കാൻ പാടില്ല പല വഴികളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിൽ പാമ്പടക്കമുള്ള പല ജീവികളും ഉണ്ടാവാനുള്ള സാധ്യതയുണ്ട് അതു മനസ്സിലാക്കി എപ്പോഴും സുരക്ഷിതമായി പാദരക്ഷകൾ ഉപയോഗിക്കുക. വെള്ളം കയറി തുടങ്ങുന്നത് കാണുന്ന നിമിഷം തന്നെ ഏറ്റവും ഉയർന്ന പ്രദേശത്തേക്ക് മാറാൻ ശ്രദ്ധിക്കണം. വളർത്തു മൃഗങ്ങൾ ഉണ്ടായെങ്കിൽ അവയെ മാറ്റുകയോ അല്ലെങ്കിൽ അഴിച്ചു വിടുകയോ ചെയ്യുക. അതേപോലെ കിണറുകൾ തുറന്ന അവസ്ഥയിലാണ് എങ്കിൽ അവയിൽ ഒരു കല്ല് കെട്ടി ഒരു ബോട്ടിൽ ഇടുന്നത് നല്ലതാണ്. കിണർ ആണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാകാൻ വേണ്ടി. ചില സാഹചര്യങ്ങളിൽ കിണറിലെ വെള്ളവും പുറത്തേക്ക് വെള്ളവും ഒരുമിക്കുമ്പോൾ ഇത് കിണർ ആണെന്ന് മനസ്സിലാക്കാതെ കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത്രയും കാര്യങ്ങൾ അത്യാവശ്യമായി ചെയ്യേണ്ടതാണ്.