ഭാരതത്തിന് ക്ഷേത്രപ്പെരുമയുടെ മഹത്വം നൽകുന്ന നാട് കുംഭകോണം . എവിടെ തിരിഞ്ഞാലും ക്ഷേത്രങ്ങളുടെ ഉയർന്നു നിൽക്കുന്ന ഗോപുരങ്ങളുള്ള നാടാണിത് . തഞ്ചാവൂര്‍ ജില്ലയിലാണ് കുംഭകോണം . അക്ഷരാര്‍ഥത്തില്‍ ഒരു ക്ഷേത്രനഗരമാണിത്. ദൈവങ്ങളുടെ സ്വന്തം ഭൂമി. ഈ നഗരത്തിന്റെ ഓരോ നൂറ് മീറ്ററിനുള്ളിലും പ്രാചീനമായ ഒരു ക്ഷേത്രമെങ്കിലും കാണാം. മിക്കതും വൈഷ്ണവ, ശൈവ ക്ഷേത്രങ്ങളാണ്. കുംഭകോണം മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ 188 ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്ക്. നഗരപരിസരങ്ങളിലായി നൂറോളം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്.ഈ പ്രദേശത്ത് വിവിധ കാലഘട്ടങ്ങളില്‍ ഭരണം നടത്തിയ രാജാക്കന്മാരാണ് കുംഭകോണത്തെ ക്ഷേത്രങ്ങളുടെ നഗരമാക്കി മാറ്റിയത്.
ഇവിടുത്തെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് സാരംഗപാണി ക്ഷേത്രം . വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രം കാവേരി നദിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. സാരംഗപാണി എന്ന പേരിൽ വിഷ്ണുവിനെയാണ് ഇവിടെ ആരാധിക്കുന്നത്. കുംഭകോണത്തു ഇന്നു കാണുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും വലിയ വിഷ്ണു ക്ഷേത്രമാണ് സാംരഗപാണി ക്ഷേത്രം. ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരവും ഈ ക്ഷേത്രത്തിനു തന്നെയാണുള്ളത്. ക്ഷേത്ര ഗോപുരത്തിനുള്ളിൽ ഭരതനാട്യത്തിലെ 108 കരണങ്ങള്‍ അതി സൂക്ഷ്മമായാണ് കൊത്തിവെച്ചിരിക്കുന്നത്.ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് രണ്ടു തരത്തിൽ നിർമ്മിച്ചിരിക്കുന്ന കുത്തനെയുളള പടികളാണുള്ളത്. ഉത്തരായന വാസലും ദക്ഷിണായന വാസലും എന്ന പേരിലാണിത് അറിയപ്പെടുന്നത്. ജനുവരി 15 മുതൽ ജൂലൈ 15 വരെ ദക്ഷിണായന വാസിലിലൂടെയും ബാക്കിയുള്ള സമയം ഉത്തരായന വാസലിലൂടെയുമാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
വിഷ്ണുവിൽ നിന്നും ഒരു പ്രത്യേക വരം ലഭിക്കുവാനായി കഠിന തപസ്സു നടത്തിയ ഹേമാഋഷിയിൽ നിന്നുമാണ് ക്ഷേത്രത്തിന്റെ കഥകൾ തുടങ്ങുന്നത്. ലക്ഷ്മിദേവിയെ മകളായി തരണം എന്നാഗ്രഹിച്ചാണ് ഋഷി തപസ്സു നടത്തിയത്. കഠിന തപത്തിൽ ആകൃഷ്ടനായ വിഷ്ണു പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിൻറെ ആഗ്രഹം നിറവേറട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്തു. മഹർഷിയുടെ ആഗ്രഹം പോലെ തപസ്സു ചെയ്ത പൊട്രമാരായ് കുളത്തിലെ അനേകം താമരപ്പൂവുകളിൽ ഒന്നായി ദേവി ജനിച്ചു. താമരപ്പൂവിനുള്ളിൽ നിന്നും വന്നു എന്നതിനാൽ കോമളവല്ലി എന്ന പേരിലാണ് ലക്ഷ്മി ദേവിയെ ഇവിടെ ആരാധിക്കുന്നത്. അതിനുശേഷം സ്വർഗ്ഗത്തിൽ നിന്നും വിഷ്ണു ഇവിടെ അരവാമുധൻ എന്ന പേരിൽ ഇവിടെ എത്തിയത്രെ.
തന്റെ കുതിരകളും ആനകളും വലിക്കുന്ന രഥത്തിലാണ് താഴെയിറങ്ങിയത് എന്നാണ് വിശ്വാസം. . ഇവിടുത്തെ സോമശ്വരൻ ക്ഷേത്രത്തിൽ താമസിച്ച് വൈകാതെ, ലക്ഷ്മി ദേവിയെ വിവാഹം ചെയ്തു എന്നാണ് കഥകൾ.ഹേമാഋഷിയുടെ കഥയും മഹാവിഷ്ണു രഥത്തിൽ ഭൂമിയിലേക്ക് വന്നതുമെല്ലാം ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രരൂപത്തിൽ കൊത്തിയിട്ടുണ്ട്.കുംഭകോണത്ത് 12 വർഷത്തിലൊരിക്കൽ കൊണ്ടാടുന്ന അതിഗംഭീരമായ ക്ഷേത്രാഘോഷമാണ് മഹാമഹം എന്നാണ് അതറിയപ്പെടുന്നത്. ഏറ്റവും അവസാനം ഇവിടെ മഹാമഹം നടന്നത് 2016 ലാണ്. അന്ന് പത്ത് ലക്ഷത്തിലധികം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കുവാനായി ഇവിടെ എത്തിയത്.