കാളിന്ദി
ഭാഗം 32
“എന്നാൽ ഒന്ന് അറിഞ്ഞിട്ടേ ഒള്ളൂ ”
ശോഭയും വിട്ട് കൊടുത്തില്ല..
കണ്ണൻ ദേഷ്യം വന്നിട്ട് ചവിട്ടി തുള്ളി ഇറങ്ങി പോയി…
വാതിൽക്കൽ നിൽക്കുന്ന കല്ലുവിനെ കണ്ടതും അവനു സങ്കടം ആയി..
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴിക്കിയിരുന്നു..
ഒന്നും മിണ്ടാതെ അവൾ വീണ്ടും മിഴിനീർ തുടച്ചു കൊണ്ട് അലക്ക് കല്ലിന്റെ അടുത്തേക്ക് പോയി…
കണ്ണനു അത് കണ്ടു വേദന തോന്നിയെങ്കിലും അവനും അപ്പോൾ അവളോട് ഒന്നും പറയാതെ വിട്ടിൽ നിന്നും ഇറങ്ങി പോയി..
ശോഭയെ, രാജൻ നന്നായി വഴക്ക് പറയുന്നുണ്ടായിരുന്നു അപ്പോളും..
വൈകുന്നേരം ശ്രീക്കുട്ടി വന്നപ്പോൾ പതിവ് പോലെ കല്ലു അവൾക്ക് ചായയും കായ വറുത്തതും എടുത്ത് മേശമേൽ കൊണ്ടുപോയി വെച്ചു..
ഇത് കണ്ട ശോഭ വേഗം അവിടേക്ക് വന്നു…
ഇതെന്താ ശ്രീക്കുട്ടി നിനക്ക് ഇതൊന്നും എടുത്തു കഴിച്ചു കൂടെ…?
“അയ്യോ അമ്മേ ഞാൻ ഈ കല്ലൂനോട് എപ്പോഴും പറയുന്നതാ എടുത്തു തരേണ്ട എന്ന്….പക്ഷേ ഈ കുട്ടി സമ്മതിക്കില്ല എല്ലാം എടുത്തു വയ്ക്കും”
” വേണ്ട വേണ്ട ആവശ്യമില്ലാത്ത ശീലങ്ങൾ ഒന്നും ഇവിടെ ആരും തുടങ്ങേണ്ട…. ” ശോഭയുടെ ശബ്ദം കനത്തു..
അപ്പോഴാണ് ശ്രീക്കുട്ടിയും അമ്മയുടെ മുഖം ശ്രദ്ധിക്കുന്നത്…
” എന്താണ് മാതാശ്രീ ഇത്ര ഗൗരവം… ഹോസ്പിറ്റൽ വാസം ഒക്കെ കഴിഞ്ഞപ്പോൾ അമ്മ ആകെ വലഞ്ഞു അല്ലേ ”
ശ്രീക്കുട്ടി ശോഭയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചോദിച്ചു..
” പോയി കുളിക്ക് പെണ്ണേ… കൊഞ്ചാതെ…” അതും പറഞ്ഞുകൊണ്ട് ശോഭ മുറ്റത്തേക്ക് ഇറങ്ങി.
” കല്ലൂസേ അമ്മയ്ക്ക് എന്തുപറ്റി? എന്തെങ്കിലും പ്രശ്നമുണ്ടായോ”
ശ്രീക്കുട്ടി മനസ്സിലാകാത്ത മട്ടിൽ കല്ലുവിനെ നോക്കി..
” ഹേയ് കുഴപ്പമൊന്നുമില്ല ശ്രീക്കുട്ടിക്ക് തോന്നുന്നതാവും.. പിന്നെ അമ്മ ആകെ മടുത്തു അതുകൊണ്ടൊക്കെ ഉള്ള ദേഷ്യം ആയിരിക്കും ”
“ആഹ്.. ശരി ശരി… കല്ലൂസെ..ഞാൻ എന്നാൽ കുളിച്ചിട്ട് വരാം കേട്ടോ ..” അതും പറഞ്ഞുകൊണ്ട് അവളു കൊടുത്ത ചായ കുടിച്ചു കഴിഞ്ഞ് ശ്രീക്കുട്ടി പോയി..
ശ്രീക്കുട്ടി വന്നപ്പോഴാണ് കല്ലുവിനു അൽപ്പം ആശ്വാസവായത്.
അമ്മയുടെ സ്വഭാവരീതി ഇങ്ങനെയാണോ അവൾ ചിന്തിച്ചു… പക്ഷേ തന്റെ വീട്ടിൽ വന്നപ്പോഴും തന്നെ ഫോൺ വിളിക്കുമ്പോൾ ഒക്കെ എന്തൊരു വാത്സല്യമായിരുന്നു അമ്മയുടെ വാക്കുകളിൽ നിറയെ… ഇത്ര പെട്ടെന്ന് എന്താണ് സംഭവിച്ചത്. താൻ ഹോസ്പിറ്റലിൽ കഴിഞ്ഞദിവസം ചെന്നപ്പോഴും അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു, തന്നോട് വളരെ കാര്യമായിട്ടായിരുന്നു സംസാരരീതി ഒക്കെ.. എന്താണ് എന്റെ ഭഗവാനെ ഇത്ര പെട്ടെന്ന് സംഭവിച്ചത്… ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊടുത്തോ…. ചിറ്റയ്ക്കാണെങ്കിൽ ഇവിടെ വന്നപ്പോൾ മുതൽ തന്നോട് എന്തൊക്കെയോ അകൽച്ചയാണ്… അമ്മയുടെ സഹോദരി അല്ലേ? ഇനി അവരെങ്ങാനും എന്തെങ്കിലും പറഞ്ഞോ… പലവിധ ചിന്തകളിലൂടെയും ഉഴറി നടക്കുകയാണ് കല്ലു…
” ശോഭേ… എടി… ”
അകത്തുനിന്നും അച്ഛന്റെ വിളിയൊച്ച കേട്ടതും കല്ലു വേഗം അവിടേക്ക് ചെന്നു..
“എന്താ അച്ഛാ…”
” അമ്മ എവിടെ മോളെ… “?
” അമ്മ മുറ്റത്ത് ഉണ്ട്”
” ഒന്നു വിളിക്കുമോ…. എനിക്ക് ഗുളിക കഴിക്കാൻ സമയമായി”
” ഇപ്പോൾ വിളിക്കാം അച്ഛാ ”
അവൾ പിന്തിരിഞ്ഞു പോകാൻ തുടങ്ങിയതും അയാൾ കല്ലുവിനെ വീണ്ടും വിളിച്ചു
” മോളെ കല്ലു… ”
” എന്താ അച്ഛാ”
” ശോഭ പറയുന്നത് കേട്ട് ഒന്നും എന്റെ കുട്ടി വിഷമിക്കേണ്ട, ചില സമയത്ത് അവളുടെ രീതികൾക്ക് ഓരോരോ പ്രത്യേകതകളാണ്, ഞങ്ങളൊക്കെ ഇതൊക്കെ കണ്ട് അങ്ങ് ശീലിച്ചു, മോൾ ആദ്യവായിട്ടാ….അതുകൊണ്ട്ആണ് അച്ഛൻ പറഞ്ഞത്… ഒന്നും അത്ര കാര്യമാക്കണ്ട…അവൾ ആള് ശുദ്ധഗതിക്കാരിയാണ്”
“അതൊന്നും കുഴപ്പമില്ല എനിക്കറിയാം അമ്മ പാവമാണെന്ന്”
കല്ലു അയാൾക്ക് മറുപടി കൊടുത്തു.
” ഞാൻ അമ്മയെ ഇപ്പോൾ വിളിക്കാം”
” ആ ശരി മോളെ ”
അവൾ മുറിവിട്ട് ഇറങ്ങിപ്പോയി…
ഒരു പേമാരി വന്നു തോർന്നതുപോലെയായിരുന്നു അപ്പോൾ അവളുടെ മനസ്സ്… അച്ഛന്റെ വാക്കുകൾ അവൾക്ക് അത്രമേൽ ആശ്വാസം പകർന്നിരുന്നു….
ഈശ്വരാ ഓരോന്നൊക്കെ ചിന്തിച്ചു കൂട്ടി… തന്റെ മനസ്സ് എത്ര വിഷമിച്ചു… സാരമില്ല എല്ലാം പതിയെ തനിക്ക് ശീലമായിക്കോളും….
അവൾ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു..
ശോഭ അപ്പോൾ തൊടിയിൽ നിൽക്കുന്ന വിളഞ്ഞ പാവയ്ക്കാ നോക്കി പറിച്ചെടുക്കുകയാണ്..
” അമ്മേ ”
“ഹ്മ്മ്…”
“അമ്മയെ അച്ഛൻ വിളിക്കുന്നുണ്ട്… ഗുളിക കഴിക്കാൻ സമയമായി എന്നു പറഞ്ഞു ”
” ആഹ്… ”
അവർ ഒന്ന് മൂളിയിട്ട് നടന്നു..
” അമ്മേ ആ പാവയ്ക്ക ഇങ്ങ് തന്നേരെ ഞാൻ അടുക്കളയിൽ കൊണ്ടുപോയി വെച്ചോളാം ”
കല്ലു ശോഭയുടെ മുഖത്തേക്ക് നോക്കി..
ശോഭ അത് അവളുടെ കയ്യിലേക്ക് കൊടുക്കുകയും ചെയ്തു..
അവൾക്കപ്പോൾ ഒരുപാട് സന്തോഷം തോന്നി..
താൻ വിചാരിച്ചത്ര പ്രശ്നക്കാരി ഒന്നുമല്ല അമ്മ…. ഒരുപക്ഷേ കണ്ണേട്ടനെ ഒരുപാട് സ്നേഹിച്ചും ലാളിച്ചും വളർത്തി വലുതാക്കിയത് കൊണ്ടാകാം, പെട്ടെന്നു പുതിയ ഒരാൾ വന്നത് കൊണ്ട് ആകും….
അങ്ങനെ ഒക്കെ ചിന്തിച്ചു കൊണ്ട് കല്ലു അത് അടുക്കളയിലേക്ക് കൊണ്ട് വന്നു വെച്ചു.
അപ്പോളേക്കും ശ്രീക്കുട്ടി കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു.
“എടി ശ്രീക്കുട്ടി….. ”
“എന്താ അമ്മേ…”
“നിയാ നിലവിളക്ക് ഒന്ന് എടുത്തു മെഴുക്കു കളഞ്ഞു കഴുകി വെയ്ക്കാൻ നോക്ക്….ത്രിസന്ധ്യ ആവാറായി..”
“ഹ്മ്മ്… ശരി അമ്മേ…”
അല്പം കഴിഞ്ഞു ശ്രീക്കുട്ടി വിളക്ക് കഴുകി തുടച്ചു കത്തിക്കാനായി എടുത്തു കൊണ്ട് വന്നു..
“കല്ലു…. നീ കുളിക്കുന്നില്ലേ “?
“കുളിക്കാൻ പോവാ ”
“ഏട്ടൻ എവിടെ..”
“അറിയില്ല.. എവിടേയ്‌ക്കോ പോകണത് കണ്ടു…”
“മ്മ്…”
കല്ലു കുളിക്കാനായി പോയ തക്കം നോക്കി ശ്രീക്കുട്ടി അമ്മയുടെ അടുത്തേക്ക് ചെന്നു
“അമ്മേ… അമ്മയ്ക്ക് ഇന്ന് എന്തുപറ്റി.. ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ ”
” എന്തു പ്രശ്നം…. ”
” അല്ല…അമ്മ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ.. അമ്മയ്ക്ക് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്…എന്താണ് അമ്മേ കാര്യം ”
” നീ നിന്റെ പണി നോക്ക് ശ്രീക്കുട്ടി…. ”
” അമ്മ കാര്യം പറയ്… എന്താണ് പറ്റിയത് ”
” നീ പോയി വിളക്ക് കൊളുത്താൻ നോക്കു ”
” അതൊക്കെ അതിന്റെ സമയമാകുമ്പോൾ ഞാൻ കൊളുത്തി ക്കോളാം…ഇപ്പോൾ അമ്മ കാര്യം പറയ് ”
” എന്ത് കാര്യം…. എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല.”
” ഉറപ്പാണോ”
“അതെ….”
” എന്നാൽ ശരി ”
” എന്തേ…കല്ലു നിന്നോട് എന്തെങ്കിലും പറഞ്ഞോ ”
” കല്ലു എന്തു പറയാൻ….എനിക്ക് അമ്മയെ കണ്ടപ്പോൾ സംശയം തോന്നി”
” അവൻ എന്നോട് കോർക്കാൻ വന്നേക്കുന്നു…. ”
” ആര്”
” കണ്ണൻ….അല്ലാതെ പിന്നെ ആരാ…”
” ഏട്ടൻ അമ്മയോട് എന്തു പറഞ്ഞു ”
” നീ അവനോട് തന്നെ ചോദിച്ചാൽ മതി എനിക്ക് വേറെ പണിയുണ്ട്… ”
” എന്താ അമ്മേ…. എന്താ ഉണ്ടായത് ”
” തൽക്കാലം നീ അറിയാൻ മാത്രം ഒന്നുമില്ല…. നീ അങ്ങോട്ട് പോയി അച്ഛൻ എന്തെങ്കിലും കുടിക്കാൻ വേണോ എന്ന് ചോദിക്ക് ”
അപ്പോഴേക്കും കണ്ണന്റെ ബൈക്കിന്റെ ശബ്ദം കേട്ടു.
ശ്രീക്കുട്ടി പിന്നീട് ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോയി.
കണ്ണൻ ഒരു പൊതി എടുത്ത് ശ്രീക്കുട്ടിക്ക് കൊടുത്തു..
” എന്താ ചേട്ടാ ഇത് ”
” അത് തുറന്നു നോക്കിയാൽ അറിയാമല്ലോ”
” ഓ ആക്കിയതാണല്ലേ”
ശ്രീക്കുട്ടി അവനോട് കളിയായി ചോദിച്ചെങ്കിലും അവൻ ഒന്നും പറയാതെ മുറിയിലേക്ക് പോയി.
കല്ലു കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും, ശ്രീക്കുട്ടി നിലവിളക്ക് കൊളുത്തിയിരുന്നു…
കണ്ണൻ അച്ഛന്റെ മുറിയിൽ ഇരുന്ന് അച്ഛനോട് സംസാരിക്കുകയാണ്..
ശോഭ കയറി വന്നതും അവൻ അവരോട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി..
” നിനക്കിപ്പോൾ സമാധാനമായി കാണും അല്ലേടി… ”
രാജനും നന്നായി ദേഷ്യം വന്നു
“എന്ത്… ഞാൻ എന്നാ ചെയ്തിട്ടാ നിങ്ങൾ എല്ലാവരും കൂടി എന്റെ മെക്കിട്ട് കേറുന്നത് ”
” നീ ഒന്നും ചെയ്യേണ്ട…നിന്റെ നാവാണ് പ്രശ്നം…”
” എന്നാ പറ്റി എന്റെ നാവിന് “?
“കൂടുതലൊന്നും എനിക്ക് നിന്നോട്… നോക്കിയും കണ്ടു നിന്നാൽ നിനക്ക് കൊള്ളാം….”
” അങ്ങനെയൊക്കെ തന്നെയാണ് ഞാൻ നിൽക്കുന്നത്… എന്താ നിങ്ങൾക്കതിൽ സംശയവും ഉണ്ടോ”
” എന്റെ ശോഭേ…നിന്നോട് സംസാരിച്ചു നേടാൻ ഇത്തിരി പാടാണ്. അതിന് കണ്ണന് മാത്രമേ കഴിയൂ ”
അച്ഛനെയും അമ്മയുടെയും സംസാരം മുഴുവൻ കേട്ട് ശ്രീക്കുട്ടി മുറിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു.
“ഇവിടെ എന്തൊക്കെയോ മണക്കുന്നുണ്ട്… എന്താണ് അച്ഛാ ”
അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു.
” നിന്റെ അമ്മയോട് തന്നെ ചോദിച്ചുനോക്കൂ.. അവൾ പറയും എല്ലാം ”
“അമ്മയോട് ഞാൻ ചോദിച്ചിരുന്നു പക്ഷേ ഒന്നും പറഞ്ഞില്ല.. ഇനി അച്ഛനെങ്കിലും എന്നോട് കാര്യം പറയ്…”
“നിന്റെ അമ്മ വല്ലവരും പറയുന്നത് കേട്ട് ആ കൊച്ചിനോട് തുള്ളുവാ ”
. “ങേ…”
. “ഹ്മ്മ്…. ഇന്നലെ വൈകിട്ട് ഞങ്ങൾ കിടന്ന റൂമിന്റെ എതിർവശത്തു പുതിയ ഒരു കൂട്ടർ വന്നു.. അയാളുടെ ഭാര്യക്ക് എന്തോ ഓപ്പറേഷൻ ചെയ്യാൻ വേണ്ടി അഡ്മിറ്റ് ആയത് ആണ്.. ഇവള് മരുന്ന് മേടിക്കാൻ പോകാനിറങ്ങിയാപ്പോൾ അവർ ഇവളെ പരിചയപ്പെട്ടു.. പറഞ്ഞു വന്നപ്പോൾ ആണ് അറിയുന്നത് കല്ലു മോളുടെ അച്ഛൻ ആണെന്ന്…”
.. “ങേ… സത്യം ആണോ അച്ഛാ ”
. “ഹ്മ്മ്.. നീ ബാക്കി കൂടി കേൾക്കു ”
“എന്നിട്ടോ..”
. “എന്നിട്ട് ആണെങ്കിൽ അയാള് ഈ കൊച്ചിനെ കുറിച്ച് എന്തൊക്കെയോ അന്തവിശ്വാസങ്ങൾ പറഞ്ഞു കൊടുത്തു.. അത് കെട്ടിട്ടാണ് ഇവളുടെ ഈ തുള്ളല്…”
“ഭഗവാനെ… എന്നിട്ട് അമ്മ എന്തെങ്കിലും പറഞ്ഞൊ കല്ലുവിനോട് ”
. “ആഹ് എനിക്ക് അറിയാൻ വയ്യാ കുഞ്ഞേ…. അവനോട് എന്തൊക്കെയോ പറഞ്ഞിട്ട് രണ്ടാളും കൂടെ കിടന്ന് ബഹളം ഉണ്ടാക്കി… അവൻ ഇവളോട് നാലെണ്ണം പറഞ്ഞു ആണ് ഇറങ്ങി പോയത് ”
..
“എന്റെ ഈശ്വരാ… സത്യം ആണോ അമ്മേ…”
. ശ്രീകുട്ടിക്ക് ദേഷ്യം വന്നു.
ശോഭ പക്ഷെ മുഖം വീർപ്പിച്ചു നിൽക്കുക ആണ്…
“എന്റെ പൊന്ന് അമ്മേ…..ഒരു കുഞ്ഞ് ഉണ്ടായിട്ട് നാട്ടുകാരുടെ വർത്താനം കേട്ട് അതിനെ ഉപേക്ഷിച്ചു പോയ ആ വൃത്തികെട്ട മനുഷ്യൻ പറയുന്നത് അമ്മ വിശ്വസിച്ചു അല്ലേ… കഷ്ടം കേട്ടോ…”
അവൾ മൂക്കത്തു വിരൽ വെച്ചു.
“അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ മോളെ ”
. “അച്ഛാ… ഇതൊക്കെ ഈ അമ്മയോട് പറഞ്ഞു കൊടുക്കേണ്ട കാര്യം ഉണ്ടോ….. ഒന്ന് മനസിലാക്കിയാൽ പോരെ,നാലാൾക്ക് മുന്നിൽ സ്വന്തം മകളെ കൈ പിടിച്ചു കൊടുക്കാൻ പോലും വരാത്ത,അയാളോട് പുച്ഛം മാത്രമേ ഒള്ളൂ എനിക്ക്…ആ പാവം അച്ഛമ്മ ഉണ്ടായിരുന്നത് കൊണ്ട് ആ കുട്ടിക്ക് ഒരു ജീവിതം ഉണ്ടായത്…എന്നിട്ട് ആ ചെറ്റ പറയുന്നത് കേട്ട് വന്നിരിക്കുന്നു അല്ലേ… അമ്മയ്ക്ക് അറിയാമോ അവൾ എന്ത് പാവം ആണെന്ന്.. കാലത്തെ എഴുനേറ്റ് സകല ജോലിയും ചെയ്യും… എന്നേ അടുക്കളയിലേക്ക് പോലും കയറ്റില്ല……കോളേജിലേക്ക് പോകാൻ നേരം ആകുമ്പോൾ ചോറ് വരെ കെട്ടി എന്റെ അടുത്ത് കൊണ്ട് വന്നു തരും അവള്… സ്വന്തം കൂടപ്പിറപ്പ് പോലെ ആണ് കല്ലു എനിക്ക്… അവളോട് അമ്മയുടെ വിളച്ചിൽ എടുക്കണ്ട… ഞാൻ സമ്മതിക്കില്ല…. ”
അത്രയും പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി ചാടി തുള്ളി ഇറങ്ങി പോയി.
തുടരും