Celebrities

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുല്‍ഖറും-Mammootty and Dulquer Salmaan help the victims of the Wayanad landslides

വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. 35 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് സഹായം നല്‍കുന്നത്. ചെക്ക് ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി. മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവുമാണ് സഹായം നല്‍കിയിരിക്കുന്നത്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു.

കൊച്ചി കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്. എറണാകുളം ജില്ലാ ഭരണകൂടം, കൊച്ചി കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനു സഹായഹസ്തവുമായി തെന്നിന്ത്യന്‍ സിനിമ ലോകവും എത്തിയിരുന്നു.
അടിയന്തര സഹായമായി കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കി. നടി രശ്മിക മന്ദാന 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുകയും ചെയ്തു. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്.

തമിഴ് ചലച്ചിത്ര നടനായ വിക്രം 20 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായ രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്യാണരാമന്‍ എന്നിവര്‍ അഞ്ചു കോടി രൂപ വീതം ധനസഹായമാണ് ഇവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ചു കോടി രൂപ തന്നെയാണ് ദുരിതത്തില്‍ പെട്ടവര്‍ക്ക് സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. കെഎസ്എഫ്ഇ അഞ്ചുകോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയുമാണ് ധനസഹായം നല്‍കിയിരിക്കുന്നത്

അതോടൊപ്പം ഔഷധി ചെയര്‍പേഴ്‌സണ്‍ ആയ ശോഭന ജോര്‍ജും 10 ലക്ഷം രൂപ ധനസഹായമായി നല്‍കുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായ സ്റ്റാലിന്‍ പ്രഖ്യാപിച്ച അഞ്ചു കോടി രൂപ ഇതിനോടകം തന്നെ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു ഓഫീസിലെത്തി കൈമാറുകയും ചെയ്തു. ഇവയ്ക്ക് പുറമേ നിരവധി ആളുകള്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവായ ദലയിലാമ്മ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തിലെ എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനം ആയിട്ടുണ്ട്.