ഹൃദയരാഗം
ഭാഗം 35
വൈകുന്നേരം വീട്ടിലേക്ക് കയറിവന്ന ദിവ്യയോട് യാതൊരു വിധത്തിലുള്ള ഭാവവ്യത്യാസങ്ങളും ഇല്ലാതെയാണ് രണ്ടുപേരും സംസാരിച്ചത്, മുറിയിലേക്ക് ചെന്ന് കുളിച്ച് വേഷംമാറി അവൾ ഡൈനിംഗ് ടേബിളിൽ എത്തിയപ്പോൾ കാപ്പിയും എത്തിയിരുന്നു, പിന്നെ ദീപക്കുമായി ഓട്ടടയ്ക്ക് വേണ്ടി ഒരു പിടിവലി കൂടി നടന്നു. ഇതിനിടയിൽ ദീപ്തി രണ്ടു പേരെയും ശകാരിക്കുകയും ചെയ്തു, കഴിച്ചു കഴിഞ്ഞാണ് മെല്ലെ അടുക്കളയിലേക്കു ചെന്നത്…. അമ്മ കുളിക്കുകയാണ് എന്ന് മനസ്സിലായതോടെ അവിടെ ഇരുന്ന അമ്മയുടെ ഫോൺ എടുത്തു ഓണാക്കാൻ നോക്കിയിട്ട് എന്തൊക്കെ ചെയ്തിട്ടും പറ്റുന്നില്ല,
ഫോൺ കുത്തിയിട്ട് നോക്കിയിട്ട് ചാർജ് കേറുന്നില്ല… പെട്ടെന്ന് അവൾക്ക് ഒരു അപകടം തോന്നി, ഫോണിന് എന്തെങ്കിലും സംഭവിച്ചതാണോ എന്ന് പരിഭ്രാന്തി മനസ്സിലേക്ക് നിറഞ്ഞു, കുറേസമയം പ്രയത്നിച്ചിട്ടുണ്ട് യാതൊരു ഫലവും കാണാതെ വന്നപ്പോൾ അവൾ അത് ഉപേക്ഷിച്ചു… പിന്നീട് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല, നാമജപം എല്ലാം കഴിഞ്ഞതിനു ശേഷം അടുക്കളയിലേക്ക് വന്ന് ഒന്നുമറിയാത്തപോലെ അമ്മയോട് ചോദിച്ചു, ” അമ്മയുടെ ഫോണിന് എന്തുപറ്റി…? ഞാൻ നീതുവിനെ ഒന്ന് വിളിക്കാൻ നോക്കിയിട്ട് പറ്റുന്നുണ്ടായിരുന്നില്ല… പെട്ടെന്ന് അമ്മയും ദീപ്തിയും മുഖാമുഖം നോക്കി, കണ്ണുകൾ കൊണ്ട് അമ്മയോട് എന്തോ ഒന്ന് പറഞ്ഞു, അമ്മ ആ നിമിഷം അവളുടെ മുഖത്തേക്ക് നോക്കി ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ പറഞ്ഞു….
” അതിന് എന്തോ പ്രശ്നമുണ്ട്…! ഇന്നലെ മുതൽ ചാർജ് നിൽക്കുന്നില്ല, ഉച്ചയ്ക്ക് എല്ലാം ഞാൻ കുത്തിയിട്ട് നോക്കി, പക്ഷേ ഓൺ ആവുന്നില്ല…. അവളുടെ മുഖം കാണുന്നതും അവിടെ പരിഭ്രാന്തി നിറയുന്നതും കണ്ടിരുന്നു…. ” പരീക്ഷ അല്ലേ…? നിനക്ക് ഒന്നും പഠിക്കാനില്ലേ…? ദീപ്തി ചോദിച്ചപ്പോൾ അവൾ ഉണ്ടെന്ന് പറഞ്ഞു പോയിരുന്നു…. പുസ്തകം എടുത്തുകൊണ്ടുവന്ന് പഠിക്കാൻ തുടങ്ങിയപ്പോഴും അതിൽ അല്ല ശ്രെദ്ധ എന്ന് അവൾക്കു തോന്നി…. അവനെപ്പറ്റി ഒന്നും അറിയാതെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു… അവിടെ എത്തിയോന്നും ട്രെയിനിങ് എന്തുവായി താമസസൗകര്യങ്ങൾ ശരിയായോ എന്നുമൊക്കെയുള്ള ആവലാതികൾ അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു…..
നാളെ നീതുവിന്റെ ഫോണിൽനിന്ന് വിളിക്കാം എന്ന് അവൾ ആശിച്ചിരുന്നു, അങ്ങ് കാതങ്ങൾക്കപ്പുറം മറ്റൊരുത്തൻറെ അവസ്ഥയും ഇതു തന്നെയായിരുന്നു…. അവളുടെ ശബ്ദം കേൾക്കാതെ അവൻ വല്ലാത്ത അവസ്ഥയിലായിരുന്നു, ഇത്ര നേരമായിട്ടും അവൾ വിളിക്കാഞ്ഞത് അവനിലും പരിഭ്രാന്തി നിറച്ചു…..കുറേസമയം കാത്തിരുന്നിട്ടും വിളി വരാതിരുന്നപ്പോൾ അവൻ ഒരു മെസ്സേജ് അയച്ചു, അതിനും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും വരാതായപ്പോൾ രണ്ടുംകൽപ്പിച്ച് അവൻ മറ്റൊരു നമ്പറിൽ നിന്നും ആ ഫോണിലേക്ക് വിളിച്ചു,
സ്വിച്ച്ഓഫ് എന്ന് മറുപടി അവന്റെ ഹൃദയത്തെ തകർക്കാൻ കഴിവുള്ളതായിരുന്നു, പിറ്റേന്ന് സാധാരണ ഉണരുന്നതും നേരത്തെയാണ് അവൾ ഉണർന്നത്, പെട്ടെന്ന് തന്നെ കുളിച്ച് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി… ” നിനക്ക് എത്ര പരീക്ഷ കൂടിയുണ്ട്…. മുറിയിലേക്ക് വന്ന് ദീപ്തി ചോദിച്ചു….. ” രണ്ടെണ്ണം കൂടി ഉള്ളൂ… നാളെ കൂടി .. അത് കേട്ട പാടെ അവൾ അടുക്കളയിലേക്ക് ചെന്നു, ” അവൾക്ക് ഇനി രണ്ട് പരീക്ഷ കൂടെയുണ്ടെന്ന്, ഇന്നും നാളെയും… ” അതിനെന്താ…? മനസ്സിലാവാതെ അമ്മ ദീപ്തിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, “അമ്മ എന്താ ഒന്നും മനസ്സിലാവാത്ത പോലെ സംസാരിക്കുന്നത്, ഇപ്പോൾ അവൾ ആരെങ്കിലും കൂട്ടുകാരികളുടെ ഫോണിൽ നിന്ന് അവനെ വിളിച്ച് അമ്മയുടെ ഫോൺ കേടാണ് എന്നുള്ള കാര്യം പറയില്ലേ…?
” അത് ശരിയാ… അപ്പോൾ നമ്മൾ എന്ത് ചെയ്യും, “എന്തേലും ചെയ്യണം…. നമുക്ക് ഈ വീട്ടിൽ വച്ച് അവളെ കൊണ്ട് വിളിക്കാതിരിക്കാൻ അല്ലേ പറ്റൂ, അതിനു നമ്മൾ എന്തെങ്കിലും ചെയ്യണം… ഞാൻ അതിനൊരു വഴി കണ്ടിട്ടുണ്ട്, ഇനി രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ, രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കോളേജ് അടക്കും, പിന്നീട് കുറച്ചു നാൾ അവൾ ഇവിടെ തന്നെ ഉണ്ടാവുമല്ലോ, അപ്പോൾ നമ്മുടെ കണ്ണും ഉണ്ടാവും… അതുവരെയുള്ള കാര്യം രണ്ടുദിവസം എന്ത് ചെയ്യണമെന്ന് എനിക്കറിയാം, അതും പറഞ്ഞു ദീപ്‌തി കുളിക്കാൻ വേണ്ടി പോയിരുന്നു,
അവിടെ എത്തിയപ്പോൾ പോകാനുള്ള തയ്യാറെടുപ്പിലാണ് ദിവ്യ, ഭക്ഷണം കഴിക്കാൻ പോലും സമയമില്ല… എങ്ങനെയെങ്കിലും ഒന്ന് ഇറങ്ങിയാൽ മതി അവൾക്ക്… പെട്ടെന്ന് തന്നെ മുറിയിലേക്ക് ചെന്നു കാര്യങ്ങൾ എല്ലാം ശരിയായി നോക്കി, അമ്മയോട് മോനെ നോക്കണം എന്ന് പറഞ്ഞു ഇറങ്ങി, ഒരു നിമിഷം സ്തംഭിച്ചു പോയിരുന്നു…. ” മോന്റെ ക്രീം തീർന്നു, ഇവിടെ കിട്ടില്ല, ഡോക്ടർ കുറച്ചതാ, ടൗണിൽ കിട്ടും അപ്പോൾ നീ പോകുമ്പോൾ നിന്റെ കൂടെ വരാം എന്ന് വിചാരിച്ചു, രാവിലെ നീതുവിന്റെ ഒപ്പമിരുന്ന് ഫോൺ വിളിക്കാൻ ആയിരുന്നു ദിവ്യ കരുതിയത്, അത് നടക്കില്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു, ഒപ്പം ചേച്ചി ഉണ്ടെങ്കിൽ അവൾക്കൊപ്പം വിളിക്കാൻ സാധിക്കില്ല…
കോളേജിലേക്ക് ചെല്ലുമ്പോൾ തന്നെ പരീക്ഷ തുടങ്ങും, പിന്നെ വിളിക്കാൻ ഉള്ള സമയം കാണില്ല…. സാരമില്ല ഉച്ചയ്ക്ക് ശേഷം വിളിക്കാം എന്ന് അവൾ വിചാരിച്ചു, തിരികെ വരുമ്പോൾ ഒരുപാട് സമയം ഉണ്ട്… അവൾക്കൊപ്പം ഉള്ള സീറ്റിൽ തന്നെ ആയിരുന്നു ദീപ്തി ഇരുന്നിരുന്നത്, അതിനുശേഷം കോളേജിലെ പടിവരെ അവൾക്കൊപ്പം ചെല്ലുകയും ചെയ്തിരുന്നു, ” നിനക്ക് എത്ര നേരം പരീക്ഷ ഉണ്ട്…? ” രണ്ടു മണിക്കൂർ…. ” അത്രയേ ഉള്ളോ…?എങ്കിൽ പിന്നെ ഞാൻ കോളേജിന് പുറത്ത് വെയിറ്റ് ചെയ്യാം, അപ്പോൾ നമുക്ക് ഒരുമിച്ചു പോകാല്ലോ….. ദിവ്യയുടെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി….. ചേച്ചി എന്ത് ഉദ്ദേശിച്ചാണെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല….
പക്ഷേ തള്ളാൻ വയ്യ, ” ചേച്ചിക്ക് നേരത്തെ പോയ്ക്കൂടെ…? എന്നെ നോക്കി ഇരിക്കേണ്ട, ഒരുപാട് സമയമെടുക്കും…. ” അത് സാരമില്ല…. ഇനി ഇപ്പൊൾ തന്നെ ബസിലൊക്കെ തൂങ്ങി പിടിച്ചു പോകുന്നത് ഒരു ചടങ്ങ് ആണ്… ഞാൻ പുറത്തിരിക്കാം… നിങ്ങൾ പരീക്ഷ എഴുതിയിട്ട് വരുമ്പോഴേക്കും ഞാൻ നോക്കിയിരിക്കാം.. അവൾക്ക് ഒന്ന് സംസാരിക്കാൻ പോലും അവസരം നൽകാതെ ദീപ്തി അവർക്കൊപ്പം നിന്നു…..
ആ പരീക്ഷ ശരിക്ക് എഴുതാൻ പോലും കഴിഞ്ഞിരുന്നില്ല, അവനോട് സംസാരിക്കാത്ത ദുഃഖം മനസ്സിനെ വരിഞ്ഞു മുറുക്കുകയാണ്…. ഒന്നും എന്ന നീതുവിനോട് പോലും സംസാരിക്കാതെ ഒപ്പം നിൽക്കുകയാണ്, പരീക്ഷ കഴിഞ്ഞിട്ടും ദിവ്യ എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ദിവ്യ, വീട്ടിലേക്ക് ചെന്നതും പിറ്റേ ദിവസത്തേക്കുള്ള പരീക്ഷയ്ക്ക് എങ്ങനെയൊക്കെയോ അവൾ പഠിച്ചു … പിറ്റേദിവസവും മറ്റൊരു കാരണം പറഞ്ഞു കൂടെ ഇറങ്ങി ദീപ്തി ….. അതോടെ ദിവ്യയുടെ മനസിൽ ചെറിയൊരു സംശയം മുള പൊട്ടിയിരുന്നു,
പക്ഷേ അറിയാനുള്ള സാധ്യത ഇല്ലാത്തതുകൊണ്ട് അതൊരു സംശയമായി തന്നെ അവശേഷിച്ചു… അവസാനദിവസം എങ്ങനെയും നീതുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വിളിക്കണം എന്ന് അവൾ ഉദ്ദേശിച്ചിരുന്നു… അവസാനം അവൾ ഒരു കത്ത് ചോദ്യപേപ്പറിൽ എഴുതി ബാഗിൽ ഇട്ടു…. പരീക്ഷ ഹോളിൽ നിന്നും ഇറങ്ങിയാൽ നീതുവിനെ കാണാൻ സാധിക്കില്ല, തങ്ങൾ രണ്ടുപേരും രണ്ട് ഹോളിലാണ്,
തിരികെ ബസ്സിൽ ഇരിക്കുമ്പോഴാണ് നീതുവിന്റെ ബാഗിൽ ചോദ്യ പേപ്പർ ഇട്ടത്, നീതു വീട്ടിലേക്ക് വന്ന് ബാഗ് തുറന്നപ്പോഴാണ് അതിൽ ഒരു പേപ്പർ കണ്ടത്, അത് തുറന്നു നോക്കിയതും അതിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു…. വീട്ടിൽ ഞങ്ങളുടെ കാര്യം അറിഞ്ഞൊന്ന് സംശയം ഉണ്ട് . എനിക്ക് അനുവേട്ടനെ വിളിക്കാൻ പറ്റുന്നില്ല,നിന്റെ ഫോണിൽ നിന്നും വിളിക്കണം. അമ്മേടെ ഫോൺ കേടാണ് എന്ന് മാത്രം പറയണം… മറ്റു കാര്യങ്ങൾ ഒന്നും തന്നെ പറയേണ്ട. പഠനത്തിനിടയിൽ ഒരു ടെൻഷൻ അടിക്കാൻ അവസരം നൽകേണ്ട…….
. കാത്തിരിക്കൂ..