വാസ്തുവിദ്യയുടെ അത്ഭുതം വിളിച്ചോതുന്ന നിരവധി ക്ഷേത്രങ്ങളും നിർമ്മിതികളും നാം കണ്ടിട്ടുണ്ടാകാം. എങ്കിലും ഏതാകും മനുഷ്യൻ നിർമ്മിച്ച ആദ്യ ക്ഷേത്രമെന്ന് ചിന്തിച്ചിട്ടുണ്ടോ.. ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ക്ഷേത്രം തുര്‍ക്കിയിലാണ് കണ്ടെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്ന ഗോബെക്‌ലി ടെപെയെ പൗരാണിക നിര്‍മിതികളുടെ കൂട്ടത്തിലെ അദ്ഭുതമെന്നാണ് പുരാവസ്തു ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ന് തുര്‍ക്കി സന്ദര്‍ശിക്കുന്ന യാത്രികരുടേയും ചരിത്രകാരന്മാരുടേയും ലക്ഷ്യമായി ഗോബെക്‌ലി ടെപെ മാറിക്കഴിഞ്ഞു. ഈ പൗരാണിക ക്ഷേത്രം അടക്കം യുനെസ്‌കോ അംഗീകരിച്ച 16 ലോക പൈതൃക കേന്ദ്രങ്ങളുള്ള നാടാണ് തുര്‍ക്കി.
പഞ്ഞിക്കെട്ടുകളെ ഓര്‍മിപ്പിക്കുന്ന ചുണ്ണാമ്പുകല്ലുകളാല്‍ നിര്‍മിക്കപ്പെട്ട പാമുക്കലെയിലെ ചൂടു നീരുറവകളും ഇസ്തംബൂളിലെ ബ്ലൂ മോസ്‌കും കാപഡോഷ്യയിലെ ബലൂണ്‍ യാത്രയുമെല്ലാം തുര്‍ക്കിയിലെ കാഴ്ചകളാണ്. അപൂര്‍വ ജീവജാലങ്ങളുടെ ചിത്രങ്ങള്‍ കൊത്തിയെടുത്ത സ്മാരകശിലകള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബിസി പത്താം സഹസ്രാബ്ദം വരെ പഴക്കം കണക്കാക്കുന്ന ഗോബെക്‌ലി ടെപെയില്‍ നിന്നും കണ്ടെത്തിയ കല്ലുകള്‍ ആ കാലഘട്ടത്തിന്റെ ചരിത്രലിഖിതങ്ങള്‍ തന്നെയാണ്. തുര്‍ക്കിയിലെ അനറ്റോലിയ പ്രദേശത്താണ് ഗോബെക്‌ലി ടെപെ എന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്നും കണ്ടെത്തിയ ശിലാലിഖിതങ്ങള്‍ക്ക് പതിനായിരം വര്‍ഷത്തിലേറെയാണ് പഴക്കം കണക്കാക്കുന്നത്.
ചരിത്രാതീതകാല സ്മാരകമെന്ന് വിശേഷിപ്പിക്കുന്ന സ്റ്റോണ്‍ഹെന്‍ജിനേക്കാളും ആറായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ് ഈ തുര്‍ക്കിയിലെ പുരാതന ക്ഷേത്രം. പാമ്പ്, കാട്ടുപന്നി, തേള്‍ എന്നിവയുടെയെല്ലാം രൂപങ്ങളും ഈ ശിലകളില്‍ കൊത്തിയെടുത്തിട്ടുണ്ട്. ചരിത്രാതീത കാലഘട്ടത്തിലെ ക്ഷേത്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമെന്നാണ് ഈ തുര്‍ക്കി ക്ഷേത്രത്തെ പുരാവസ്തു ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. 2018ല്‍ ഗോബെക്‌ലി ടെപെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്നുവരെ അഞ്ചു ശതമാനം പ്രദേശത്തു മാത്രമാണ് ഖനനം നടന്നതെന്നതും ശ്രദ്ധേയമാണ്. 2018ല്‍ തന്നെ ഈ ക്ഷേത്രത്തിന്റെ ഖനനം കോണ്‍ക്രീറ്റിന്റെ ഉപയോഗത്തിന്റെ പേരില്‍ വിവാദമായിരുന്നു.