അതിശക്തമായ മഴയില്‍ ജയ്പൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വെള്ളക്കെട്ടിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വൈറല്‍ ആകുന്നത് വിമാനത്താവളത്തില്‍ വെച്ചുള്ള ഒരു പൈലറ്റിന്റെ വീഡിയോയാണ്. വിമാനത്താവളത്തിന്റെ ചുറ്റുപാടും വെള്ളക്കെട്ട് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പൈലറ്റ് ജോലിക്കായി വിമാനത്താവളത്തിലേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന് അകത്തേക്ക് കടക്കാന്‍ കഴിയാത്ത വിധം വെള്ളമാണ് ചുറ്റും. വെളളത്തില്‍ ചവിട്ടാതെ അകത്തേക്ക് കയറുന്നതിനായി അദ്ദേഹം ഒരു ട്രോളിയില്‍ കയറുന്നതായി വീഡിയോയില്‍ കാണാം. ശേഷം മറ്റൊരാള്‍ ആ ട്രോളി ഉരുട്ടുകയും അങ്ങനെ പൈലറ്റ് അകത്തക്ക് കടക്കുകയും ചെയ്യുന്നു. ഈ വീഡിയോ നിരവധി വിമര്‍ശനങ്ങള്‍ക്കും നിരവധി തമാശ രൂപേണയുള്ള കമന്റുകള്‍ക്കും വഴിവെക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോയെ തമാശ ആയി എടുത്ത് രസകരമായ കമന്റുകള്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഏകദേശം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ 7000ത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി ലൈക്കുകളും കമന്റുകളും വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോളും. ഒരാള്‍ എഴുതിയിരിക്കുന്നത്, ‘എല്ലായിടത്തും ഡ്രയിനേജ് പ്രശ്‌നമുണ്ട്, അതിന്റെ ഫലമായി വെള്ളം കെട്ടി നില്‍ക്കുകയാണ്’ എന്നാണ്. ‘ഇത് ലജ്ജാകരമാണ്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘യാത്രക്കാര്‍ എങ്ങനെ വിമാനത്താവളത്തില്‍ പ്രവേശിക്കും’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഒരുപക്ഷേ അവര്‍ക്ക് ഒരു ബോട്ട് ആവശ്യമായി വന്നേക്കാം’ എന്നും ഒരു കമന്റ് ഉണ്ട്.