ഒരു നാടിനെ ഒന്നാകെ തുടച്ചുനീക്കിയ ഉരുള്‍പൊട്ടലിന്റെ നാലാം ദിനത്തില്‍ ഉയിരോടെ നാലുപേരെ ഇന്ത്യന്‍ സൈന്യവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട്, രക്ഷപ്പെടാന്‍ കഴിയാതെ കുടുങ്ങി കിടക്കുകയായിരുന്നു ഇവര്‍. പടവെട്ടിക്കുന്നിലാണ് ഇവരെ കണ്ടെത്തിയത്. രണ്ട് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് രക്ഷപ്പെടുത്തിയത്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ജോണ്‍, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരെയും ബേസ് ക്യാമ്പിലേക്ക് മാറ്റും. ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. ഉരുള്‍പൊട്ടലില്‍പ്പെടാതെ ഓടി രക്ഷപ്പെടുന്നതിനിടെയാണ് കുടുങ്ങിയത്.
മുണ്ടക്കൈയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാറിയാണ് പടവെട്ടിക്കുന്നിലുള്ള ജോണിന്റെ വീട്. ഇന്നലെ വൈകിട്ടോടെ സൈന്യം നിര്‍മ്മിച്ച താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷപ്രവര്‍ത്തിനത്തിനുള്ള വലിയ വാഹനങ്ങള്‍ മുണ്ടക്കൈയിലേക്ക് കൊണ്ടു പോകാനായത് ഇന്നത്തെ രക്ഷാപ്രവര്‍ത്തത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പ്രതികൂല കാവലാവസ്ഥയാണെങ്കിലും നിശ്ചയിച്ചതു പോലെ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത. 30 പേരടങ്ങുന്ന ആറ് സംഘത്തെ രൂപീകരിച്ചു കൊണ്ടാണ് തെലച്ചില്‍ നടക്കുന്നത്. സംഘത്തില്‍ പ്രാദേശിക പ്രവര്‍ത്തകരരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘത്തില്‍ മൂന്ന് പ്രാദേശിക പ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
ചാലിയാര്‍ പുഴയുടെ നാല്‍പത് കിലോമീറ്റര്‍ പ്രദേശത്തും തിരച്ചില്‍ നടത്തുന്നുണ്ട്. സൈന്യത്തിന് പുറമെ 20 വളന്റിയര്‍മാര്‍ മതിയെന്നാണ് തീരുമാനം. രക്ഷാപ്രവര്‍ത്തകരുടെ കൂടി സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് തീരുമാനം. വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആദ്യ സോണ്‍ 1- അട്ടമല – ആറന്‍മല എന്നിവയാണ്, സോണ്‍ 2 – മുണ്ടക്കൈ, സോണ്‍ 3 – പുഞ്ചിരിമട്ടം, സോണ്‍ 4 – വെള്ളാര്‍മല വില്ലേജ് റോഡ്, സോണ്‍ 5 – ജി.വി.എച്ച്.എസ് വെള്ളാര്‍മല, സോണ്‍ 6 – ചൂരല്‍മല പുഴയുടെ അടിവാരം എന്നിങ്ങനെയാണ് തെരച്ചില്‍ സംഘത്തിന്റെ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നത്. അതേസമയം, ഇനിയും കണ്ടു കിട്ടാത്തവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 206 പേര്‍ മിസ്സിംഗ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പേരെ കാണാന്‍ ഇല്ലെന്ന് വിവരം ലഭിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ദുരന്ത മേഖലയില്‍ നിലവില്‍ വിപുലമായ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനായ്, 2000 ലേറെരക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രംഗത്തുണ്ടെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഡ്രോണ്‍ പരിശോധന 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ അടിയാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് കൂടുതല്‍ ശ്രദ്ധയോടെ പരിശോധന നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദ്രം 1550 മീറ്റര്‍ ഉയരത്തിലാണ്. 86,000 ചതുരശ്ര മീറ്ററാണ് ദുരന്ത മേഖല വ്യാപിച്ചു കിടക്കുന്നത്.
പാറക്കെട്ടുകള്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ വരെ ഒഴുകിപ്പോയിട്ടുണ്ട്. അതേസമയം, ചാലിയാറില്‍ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചിട്ടുണ്ടെന്നും വിവരം ലഭിക്കുന്നുണ്ട്. ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെത്തി. 153 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചാലിയാറിലെ തിരച്ചിലിന് നേവിയും എത്തുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ നേവിയുടെ ഹെലികോപ്ടര്‍ എത്തും. പൊലീസിനൊപ്പം നീന്തല്‍ വിദഗ്ധരായ നാട്ടുകാരും പങ്കെടുക്കുന്നുണ്ട്. സൈന്യത്തിനൊപ്പം തെരച്ചിലിന് നാല് കഡാവര്‍ നായകള്‍ കൂടി എത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുളള ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തുന്നുണ്ട്.
CONTENT HIGHLIGHTS; Four people resurrected on the fourth day?: The army and volunteers intensified the rescue operation