കൊച്ചി: നടന്‍ ഹരിശ്രീ അശോകന്റെ വീടിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ നടന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി. എറണാകുളത്തെ പി.കെ. ടൈല്‍സ് സെന്റര്‍, കേരള എ.ജി.എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സ്ഥാപനങ്ങള്‍ ചേര്‍ന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
നടന്റെ ‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിര്‍മാണത്തിലാണ് സ്ഥാപനങ്ങല്‍ വീഴ്ച വരുത്തിയത്. 2014ല്‍ എറണാകുളം ചെമ്പുമുക്കിലാണ് നടന്‍ വീട് പണിതത്. എറണാകുളത്തെ പി.കെ. ടൈല്‍സ് സെന്റര്‍, കേരള എ.ജി.എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫ്‌ളോര്‍ ടൈല്‍സ് ഹരിശ്രീ അശോകന്‍ വാങ്ങിയിരുന്നു. എന്‍ എസ് മാര്‍ബിള്‍ വര്‍ക്‌സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് ഒട്ടിച്ചത്. വീടിന്റെ പണികള്‍ പൂര്‍ത്തിയായി നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ടൈല്‍സിന്റെ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തില്‍ എത്താന്‍ തുടങ്ങുകയും ചെയ്തു.
2018 ഫെബ്രുവരിയില്‍ നോട്ടീസ് അയച്ചത് അടക്കം എതിര്‍കക്ഷികളെ പലവട്ടം സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് നടന്‍ ഉപഭോക്തൃകോടതിയെ സമീപിച്ചത്. തുടര്‍ന്ന് നടന് അനുകൂലമായി വിധി വരുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ ടി ജെ ലക്ഷ്മണ അയ്യരാണ് ഹാജരായത്.