Celebrities

വയനാട് ദുരന്തത്തില്‍ സഹായഹസ്തവുമായി മോഹന്‍ലാലും; 25 ലക്ഷം കൈമാറി-Mohanlal has given 25 lakh rupees to help the victims of Wayanad

കൊച്ചി: വയനാടിന് സഹായഹസ്തവുമായി നടന്‍ മോഹന്‍ലാലും. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നടന്‍ സംഭാവന നല്‍കിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മോഹന്‍ലാല്‍ സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ ചില ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. 2018 ലെ പ്രളയകാലത്തും മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫഹദ് ഫാസിലും നസ്രിയ നസീമും സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തങ്ങളുടെ നിര്‍മ്മാണ കമ്പനിയായ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ലെറ്റര്‍പാഡില്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം എന്നിങ്ങനെയാണ് സിനിമാമേഖലയില്‍ നിന്ന് ഇതിനകം ഉണ്ടായ സാമ്പത്തിക സഹായം.

 

Latest News