Celebrities

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; 25 ലക്ഷം കൈമാറി ടൊവിനോ, സഹായ ഹസ്തവുമായി നവ്യ നായരും-Navya Nair and Tovino Thomas donation

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി നടന്‍ ടൊവിനോ തോമസ്. 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വയനാടിനെ ചേര്‍ത്ത് നിര്‍ത്താന്‍ നടി നവ്യ നായരും മുന്നോട്ടു വന്നു. കുമളിയില്‍ ഷൂട്ടിംഗിലായതിനാല്‍ നവ്യയുടെ അച്ഛനും അമ്മയും മകനുമാണ് തുക കൈമാറിയത്. തുക എത്രയാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫഹദ് ഫാസിലും നസ്രിയ നസീമും 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. തങ്ങളുടെ നിര്‍മ്മാണ കമ്പനിയായ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ലെറ്റര്‍പാഡില്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മോഹന്‍ലാല്‍ 25 ലക്ഷം, നയന്‍താര 20 ലക്ഷം, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം എന്നിങ്ങനെയാണ് സിനിമാമേഖലയില്‍ നിന്ന് ഇതിനകം ഉണ്ടായ സാമ്പത്തിക സഹായം.