ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ നാളുകളായി ഡല്‍ഹിയിലെ വെളളക്കെട്ട് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഡല്‍ഹിയില്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവങ്ങള്‍ വരെ ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇടവേളകളില്ലാതെ ഡല്‍ഹിയില്‍ പെയ്യുന്ന മഴ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്നത് വഴി വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ടുകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. വീടിനുള്ളിലും മറ്റും വെള്ളം കയറുന്ന വലിയ ദുരിതത്തിലേക്ക് പോവുകയാണ് ആളുകള്‍. റോഡിലെ വെള്ളക്കെട്ട് ഗതാഗത തടസ്സം സൃഷ്ടിക്കുകയും തെരുവുകളിലൂടെ സഞ്ചരിക്കാന്‍ ആളുകള്‍ക്ക് പ്രയാസം ഉണ്ടാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്യുന്നുണ്ട്. ഇപ്പോളിതാ വളരെ കൗതുകപരമായ ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
This is the scene of The press club of India in Delhi 5 pic.twitter.com/ZMNFKJmTfG
— Hemant Rajaura (@hemantrajora_) July 31, 2024
മുട്ടോളമുളള വെള്ളക്കെട്ടിന്റെ നടുവില്‍ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ കെട്ടിടമാണ് ഇതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. പ്രസ് ക്ലബ്ബിലെ ജേണലിസ്റ്റുകള്‍ ആണ് വെള്ളക്കെട്ടിന്റെ നടുവില്‍ ഇരിക്കുന്നതെന്നും വാര്‍ത്തകളില്‍ പറയുന്നു. ചിലര്‍ മുട്ടോളം പാന്റ് മടക്കിവെച്ച് നടക്കുന്നതായും കാണാം. ഹോളിലെ ചില ഫര്‍ണിച്ചറുകളില്‍ വെള്ളം കയറാതിരിക്കുന്നതിനായി മുകളില്‍ കയറ്റി വച്ചിരിക്കുന്നതായും ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ മാധ്യമപ്രവര്‍ത്തകനായ ഹേമന്ത് രാജൗറയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പാര്‍ലമെന്റ് ഹൗസും മറ്റ് മന്ത്രാലയങ്ങളും സ്ഥിതിചെയ്യുന്ന ഡല്‍ഹിയുടെ ഹൃദയഭാഗത്താണ് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും സ്ഥിതിചെയ്യുന്നത്.
നിമിഷം നേരം കൊണ്ട് വൈറലായ ഈ ചിത്രങ്ങള്‍ക്ക് നിരവധി ലൈക്കുകളും ഷെയറുകളും കമന്റുകളും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേര്‍ തങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മഴ പെയ്യുമ്പോള്‍ കെട്ടിടത്തിനു പുറത്ത് നിരവധി എക്‌സ്യുവി കിടപ്പുണ്ടല്ലോ.. അതില്‍ കയറി പോയിക്കൂടെ’എന്നാണ് ഒരാള്‍ തമാശ രൂപേണ ചോദിച്ചിരിക്കുന്നത്. ‘ഇത് ഫ്‌ളോട്ടിങ് റസ്റ്റോറന്റ് ആണോ’എന്നാണ് മറ്റൊരു കമന്റ്.