നല്ലപോലെ സോപ്പിട്ട് കുളിക്കണം എന്ന് നിങ്ങളോട് ജീവിതത്തിൽ ഒരിക്കൽ എങ്കിലും ആരെങ്കിലും പറഞ്ഞിരിക്കും. വൃത്തിയായി കുളിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി സോപ്പ് തന്നെയാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാൽ ഇവയിലെല്ലാം ധാരാളം അളവിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്.
ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു സോപ്പിനെ കുറിച്ച് നോക്കാം. ഇത് ചർമ്മത്തിലെ അഴുക്കിനെ മാത്രമല്ല മാറ്റുന്നത്. മൃതകോശങ്ങളെ പുറന്തള്ളാനും സഹായിക്കും. അങ്ങനെ നിങ്ങളുടെ ചർമം മൃദുവായിരിക്കുകയും തിളങ്ങുകയും ചെയ്യും.
ഈ സോപ്പ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് ആദ്യം നോക്കാം.
മഞ്ഞൾ
ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാൻ മഞ്ഞൾ ഏറെ സഹായിക്കും. മുഖക്കുരുവിനെയും പാടുകളെയും മാറ്റാനും ഇത് നല്ലതാണ്. ആൻ്റി ഓക്സിഡൻ്റുകളുടെ കലവറയാണ് മഞ്ഞൾ. ചർമ്മത്തിലെ മിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാൻ നല്ലതാണ് മഞ്ഞൾ. നന്നായി ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ മഞ്ഞൾ ഏറെ സഹായിക്കും. അതുപോലെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നും സൂര്യതാപത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ മഞ്ഞളിന് കഴിയും.
അരിപ്പൊടി
ചർമ്മത്തിലെ അഴുക്കിനെ പുറന്തള്ളുന്ന പ്രധാനിയാണ് അരിപ്പൊടി. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതാണ്. മാത്രമല്ല ചർമ്മത്തിന് ആവശ്യമായ തരത്തിലുള്ള എല്ലാ ഗുണങ്ങലും അരിപ്പൊടിയിലുണ്ട്. ചർമ്മത്തിൽ മൃദവായി എക്സ്ഫോളിയേറ്റ് ചെയ്യുന്നത് പുറംപാളിയിലെ അഴുക്കിനെ കളയാൻ ഏറെ സഹായിക്കും. കറുത്ത പാടുകൾ, പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റാൻ അരിപ്പൊടി സഹായിക്കും.
പപ്പായ
ചർമ്മത്തിൽ ധാരാളം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പപ്പായയ്ക്ക് കഴിയാറുണ്ട്. ഇതിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് സ്വാഭാവിക മോയ്ചറൈസറായി പ്രവർത്തിക്കാറുണ്ട്. ചർമ്മത്തിനെ മൃദുവാക്കി നല്ല തുടിപ്പ് നൽകാൻ ഇത് ഏറെ മികച്ചതാണ്. മോയ്ചറൈസറിനെ ചർമ്മത്തിൽ ലോക്ക് ചെയ്ത് ആവശ്യത്തിന് ജലാംശം നിലനിർത്തുന്നു. സ്ഥിരമായി പപ്പായ കഴിക്കുന്നതും അതുപോലെ മുഖത്ത് ഉപയോഗിക്കുന്നതും ചർമ്മം വരണ്ട് പോകുന്നത് ഒഴിവാക്കാൻ ഏറെ സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന ഘടകം ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്നു. അതുപോലെ യുവത്വം നിലനിർത്താനും സഹായിക്കും.
എങ്ങനെ തയാറാക്കാം?
ഇതിനായി ഗ്ലിസറിൻ അടങ്ങിയിട്ടുള്ള ഒരു സോപ്പാണ് ആദ്യം വേണ്ടത്. ഡബിൾ ബോയിലിങ്ങ് രീതിയിൽ ഈ സോപ്പിനെ നന്നായി അലിയിച്ച് എടുക്കുക. ഇനി ഇതിലേക്ക് ഒരു കപ്പ് പഴുത്ത പപ്പായയുടെ പേസ്റ്റ് ചേർക്കുക. അതിന് ശേഷം അൽപ്പം അരിപ്പൊടിയും ഒരു നുള്ള് മഞ്ഞളും ചേർത്ത് നന്നായി ഇളക്കുക. കട്ടകൾ ഇല്ലാത്ത പരുവത്തിൽ നല്ല പേസ്റ്റാക്കി യോജിപ്പിച്ച് എടുക്കണം. ഡബിൾ ബോയിലിങ്ങ് രീതിയിൽ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. അതിന് ശേഷം ഇതൊരു ട്രേയിലേക്ക് മാറ്റി അത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കണം. ഇനി ഇത് കുളിക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. മുഖത്തും ഈ സോപ്പ് ഉപയോഗിക്കാം.
content highlight: home-made-soap-for-glowing-skin