മുംബൈ: ജലവിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈയില്‍ നിന്നുമുള്ള വീഡിയോയാണിത്. പക്ഷേ ജലവിതരണ പൈപ്പ് പൊട്ടിയിരിക്കുന്നത് വെറും റോഡ് സൈഡിലോ അല്ലെങ്കില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളിലോ ഒന്നുമല്ല, റോഡിന്റെ ഒത്ത നടുക്ക്.
കണ്ടാല്‍ വളരെ കൗതുകം തോന്നുന്ന രീതിയിലുളള വീഡിയോ ആണ് പുറത്ത് വന്നിരിക്കുനനത്. റോഡിന്റെ നടുക്ക് ആരെങ്കിലും ഒരു ഫൗണ്ടന്‍ നിര്‍മ്മിച്ചതാണോ എന്ന് പോലും തോന്നിപ്പോകും. ചന്ദി വാലി ഫാം റോഡിന് നടുവിലാണ് ഇത്തരത്തില്‍ പൈപ്പ് പൊട്ടി വെള്ളം മുകളിലേക്ക് കുതിക്കുന്നത്. വെള്ളം പുറത്തേക്ക് ഒഴുകുകയാണെങ്കിലും റോഡില്‍കൂടി പോകുന്ന വാഹനങ്ങള്‍ വളരെ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വാഹനങ്ങളില്‍ ഉള്ളവര്‍ ഒഴിഞ്ഞുമാറി പോവുകയാണ് ചെയ്യുന്നത്.
35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറല്‍ ആവുകയും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. വെള്ളം സമീപത്തുകൂടെ പോകുന്ന വണ്ടിയിലെ യാത്രക്കാരുടെ മേല്‍ തെറിക്കുന്നതായും വീഡിയോയില്‍ കാണാം. എന്തായാലും സംഭവത്തില്‍ പ്രതികരണവുമായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത് പതിവ് അറ്റകുറ്റപ്പണികളുടെ ഭാഗമാണ് എന്നാണ് അവരുടെ വാദം. ഈ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സഹകരണത്തിന് നന്ദിയും അവര്‍ അറിയിച്ചു.
അതേസമയം തന്നെ വീഡിയോ വൈറല്‍ ആയതോടുകൂടി നിരവധി കമന്റുകളാണ് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘കൊള്ളാം മുംബൈയുടെ പുതിയ ആകര്‍ഷണം’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘നാളെ മുതല്‍ ആര്‍ക്കെങ്കിലും കാര്‍ കഴുകണമെങ്കില്‍ ഇവിടെ വരാം’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ഈ ജലധാരയ്ക്ക് ഒരു അവാര്‍ഡ് നല്‍കണമെന്നും ഒരാള്‍ കുറിച്ചിരിക്കുന്നു.