മെലഡി ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ബിജു നാരായണൻ. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചുപോയത്. ഭാര്യയുടെ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തമാകാൻ ഇനിയും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീലത മരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം വൈകിയാണ് തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ ഭാര്യയുടെ വിയോഗ ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഗായകൻ.
ശ്രീക്കും മുമ്പും ശ്രീക്ക് ശേഷവും എന്ന രീതിയിലാണ് എന്റെ ജീവിതം. ഇപ്പോഴും അതിൽ നിന്ന് മാറാൻ പറ്റിയിട്ടില്ല. അഞ്ച് വർഷമാകുന്നു. പക്ഷെ അഞ്ച് മാസം പോലെയാണ് എന്റെ മനസിൽ. അതിൽ നിന്ന് മാറാൻ സാധിച്ചിട്ടില്ല. അതിന്റേതായ പ്രശ്നങ്ങൾ ഇപ്പോഴും ഇടയ്ക്ക് അലട്ടും. പിന്നെ അതൊക്കെ മനുഷ്യ സഹജമാണ്. സഹിച്ചേ പറ്റൂയെന്നും ബിജു നാരായണൻ പറഞ്ഞു.
മഹരാജാസിൽ വെച്ചാണ് ശ്രീലതയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. സംഗീതവുമായി രണ്ട് പേരും കണക്ടഡ് ആയിരുന്നെന്നും ബിജു നാരായണൻ പറയുന്നു. മക്കളിൽ മകൻ സിദ്ധാർത്ഥ് ചെന്നെെയിൽ പ്രോഗ്രാമിംഗ് പഠിക്കുകയാണ്. രണ്ടാമത്തെ മകൻ സൂര്യ നാരായണൻ ബികോം ഫൈനൽ ഇയർ. മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഭാര്യയായിരുന്നു. ഇപ്പോൾ എനിക്ക് അമ്മയുടെ റോൾ കൂടിയാണ്. അത് എത്രത്തോളം നല്ല രീതിയിൽ നിർവഹിക്കുന്നു എന്ന് അവരോട് ചോദിച്ചാലേ അറിയൂ.
തന്നെക്കൊണ്ട് പറ്റുന്നത് പോലെ പരമാവധി നോക്കുന്നുണ്ടെന്നും ബിജു നാരായണൻ പറഞ്ഞു. റെക്കോർഡിംഗും പ്രോഗ്രാമുകളുടെ യാത്രകളും വരുമ്പോൾ ഒരു പരിധി വരെ വ്യക്തി ജീവിതത്തിലെ വിഷമം മാറും. സിനിമകൾ കണ്ടും മറ്റും മനസിലെ ചിന്തകൾ മാറ്റാൻ ശ്രമിക്കാറുണ്ടെന്നും ബിജു നാരായണൻ പറയുന്നു. ശ്രീ എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളായിരുന്നു. പ്രോഗ്രാമുകൾക്ക് ഒപ്പം വരാൻ പുള്ളിക്കാരിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. അതല്ലാതെ ഞങ്ങൾ കറങ്ങാൻ പോകാറുണ്ടായിരുന്നെന്നും ബിജു നാരായണൻ പറഞ്ഞു.
കഴിഞ്ഞ വർഷം ശ്രീലതയുടെ ചരമ വാർഷിക ദിനത്തിൽ ബിജു നാരായണൻ ഭാര്യയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും ഈ നഷ്ടം നികത്താൻ ഒരിക്കലും സാധ്യമാകില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവിതത്തിൽ മുന്നോട്ട് നീങ്ങുവാനുള്ള സർവ്വ ശക്തിയും ഊർജ്ജവും ലഭിക്കുന്നത് എൻറെ ശ്രീലതയുടെ ഓർമ്മകളിൽ നിന്നു മാത്രമാണെന്ന് അന്ന് ഇദ്ദേഹം വ്യക്തമാക്കി.
ആകസ്മികമായി എനിക്കുണ്ടായ നഷ്ടം പോലെ ജീവിതത്തിൽ ഓരോരുത്തർക്കും സങ്കടങ്ങളും ദുരിതങ്ങളും ഇന്ന് സർവ്വസാധാരണമാണ്. എന്തൊക്കെ സംഭവിച്ചാലും തരണം ചെയ്യാൻ നാം പഠിച്ചേ തീരൂയെന്നും ബിജു നാരായണൻ അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നണി ഗാന രംഗത്ത് ബിജു നാരായണൻ ഇപ്പോഴും സജീവമാണ്.
content highlight:biju-narayanan-opens-up-about-his-life