Celebrities

‘അല്‍പ്പം കഞ്ഞി ഉണ്ടാക്കി തരുമോ എന്ന് ലാല്‍ സര്‍ ചേച്ചിയോട് ചോദിച്ചു’; ബറോസിലെ അനുഭവങ്ങള്‍ പങ്കുവെച്ച് അനീഷ് ഉപാസന-Aneesh Upasana about Mohanlal

മോഹന്‍ലാല്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസ് എന്ന ചിത്രത്തിന്റെ നിരവധി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ ആണ് അനീഷ് ഉപാസന. അദ്ദേഹം ഇതിനുമുമ്പ് പങ്കുവെച്ച പല അനുഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ അനീഷ് ഉപാസന മോഹന്‍ലാലിനൊപ്പം ഉള്ള മറ്റൊരു അനുഭവം കൂടി പങ്കുവെച്ചിരിക്കുകയാണ്.

‘തൃശ്ശൂരില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഒരു ചേച്ചി എന്റെ അടുക്കല്‍ വന്നിട്ട് ചോദിച്ചു, ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ ഈ സിനിമയുടെ ഫോട്ടോഗ്രാഫര്‍ ആയിട്ട് വര്‍ക്ക് ചെയ്യുകയാണ് എന്ന്. മുന്‍പ് കണ്ടിട്ടില്ലല്ലോ ചേച്ചി എന്താ ചെയ്യുന്നതെന്ന് ഞാനും ചോദിച്ചു. അപ്പോള്‍ ചേച്ചി പറഞ്ഞു ഞാന്‍ ഇവിടെ ഒരു കുട്ടിയുടെ അസിസ്റ്റന്റ് ആയിട്ട് വന്നതാണ്, എനിക്ക് മോഹന്‍ലാലിനെ ഒന്ന് കാണാന്‍ കഴിയുമോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു.. അതിനെന്താ കാണാമല്ലോ ലാലേട്ടന്‍ ഇതുവഴിയാണ് പോവുകയും വരികയും ചെയ്യുന്നതെന്ന്. അല്‍പ്പം കഴിഞ്ഞ് ലാലേട്ടന്‍ ഇറങ്ങി വന്നപ്പോഴേക്കും ഞാന്‍ നോക്കുമ്പോള്‍ ഈ ചേച്ചി രണ്ട് കൈയും കൂപ്പി പിടിച്ച് തൊഴുതു കൊണ്ട് നില്‍ക്കുന്നു.’

‘ലാലേട്ടന്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ചേച്ചി എന്തിനാണ് തൊഴുത്‌കൊണ്ട് നില്‍ക്കുന്നത് എന്ന്. അപ്പോള്‍ ചേച്ചി പറഞ്ഞു ഞാന്‍ മനപ്പൂര്‍വം തൊഴുന്നത് അല്ല എന്റെ കൈ രണ്ടും അറിയാതെ പൊങ്ങിപ്പോകുന്നതാണെന്ന്. പിന്നീട് ലാലേട്ടന്‍ വരുമ്പോഴും പോകുമ്പോഴും എല്ലാം ഈ ചേച്ചി അവിടെ തൊഴുതു കൊണ്ട് നില്‍ക്കുമായിരുന്നു. അങ്ങനെ ഒരു സമയത്ത് ലാലേട്ടന്‍ ചേച്ചിയോട് ചോദിച്ചു.. ആരാണ്, പുതിയ ആളാണോ എന്ന്. അത്‌കേട്ട് ആ ചേച്ചി ഞെട്ടിപ്പോയി. ചേച്ചി പറഞ്ഞു അതെ എന്ന്. അപ്പോള്‍ ലാല്‍ സര്‍ ആ ചേച്ചിയോട് വീട് എവിടെയാണെന്നോക്കെ തിരക്കി. ചേച്ചിക്ക് അപ്പോളേക്കും വലിയ സന്തോഷമായി. പിന്നെ ലാല്‍ സര്‍ പറഞ്ഞു, എന്നെ കാണുമ്പോള്‍ ഇങ്ങനെ തൊഴുത് നില്‍ക്കണ്ട എന്ന്. ചേച്ചി പറഞ്ഞു അത് അറിയാതെ അങ്ങനെ ആകുന്നതാണെന്ന്. അപ്പോള്‍ സര്‍ പഞ്ഞു, വേണ്ട തൊഴണ്ട എന്ന്. അടുത്ത ദിവസം ഈ ചേച്ചിയെ കണ്ടപ്പോള്‍ ലാല്‍ സര്‍ ചോദിച്ചു, കഞ്ഞി ഉണ്ടാക്കാന്‍ അറിയാമോ എന്ന്..ചോദ്യം കേട്ട് ആ ചേച്ചി ഞെട്ടിപ്പോയി. ചേച്ചി പറഞ്ഞു അറിയാം എന്ന്. അപ്പോള്‍ ലാല്‍ സര്‍ ചോദിച്ചു എനിക്ക് അല്‍പ്പം കഞ്ഞി ഉണ്ടാക്കി തരുമോ എന്ന്..പിന്നെ ഞാന്‍ നോക്കുമ്പോള്‍ ചേച്ചി ഒാടി നടന്ന് ചട്ടി ഒക്കെ സംഘടിപ്പിക്കുന്നു. അങ്ങനെ സാറിന് ആ ചേച്ചി കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി നല്‍കി’,അനീഷ് ഉപാസന പറഞ്ഞു.