തിരുവനന്തപുരം: വെള്ളാർമല സ്കൂൾ സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക.
വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളും. കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജിവിഎച്ച്എസ്എസ് വെള്ളാർമല, ജി എൽ പി എസ് മുണ്ടക്കൈ എന്നീ സ്കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി നാളെ വയനാട്ടിലെത്തും. വയനാട് കളക്ടറേറ്റിൽ ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ദുരന്തം വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിച്ചു എന്നു സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. വയനാട് ഡി ഡിയുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു. നാളെ ചേരുന്ന യോഗത്തിൽ റിപ്പോർട്ടിനെ മുൻനിർത്തി കർമ്മ പരിപാടി തയ്യാറാക്കും. ദുരന്തബാധിത മേഖലയിലെ വിദ്യാഭ്യാസ കാര്യങ്ങൾ സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിൽ കാണാതാവുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53 ആണ്. 18 പേർ മരണമടഞ്ഞു. 35 പേരെ കാണാനില്ല. ജിവിഎച്ച്എസ്എസ് വെള്ളാർമല, ജി എൽ പി എസ് മുണ്ടക്കൈ എന്നീ സ്കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്കൂളുകളെ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുക എന്നതാണ് അടിയന്തര ലക്ഷ്യം.

















