വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവമായി മാറി. ഔദ്യോഗിക വിവരം അനുസരിച്ച് ഇതുവരെ 392 പേരാണ് മരിച്ചത്. ഇതിനിടെ, വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ ആണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഒരു വലിയ മലഞ്ചെരുവിലെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന് റോഡ് തകരുന്ന തരത്തിലുള്ള വീഡിയോ വയനാട്ടിലെ ഉരുള്‍പൊട്ടലാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഫേസ്ബുക്കില്‍ പേജിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ കാണാം,
എന്നാല്‍, ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വൈറലായ വീഡിയോ പഴയതാണെന്നും വയനാട്ടിലല്ലെന്നും മനസ്സിലായി. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്ത് സെര്‍ച്ചിങ്ങ് നടത്തിയപ്പോള്‍ അത് വയനാട്ടിലെ അല്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. 2021 ജൂലൈ 30-ന് പ്രസിദ്ധീകരിച്ച എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടിലാണ് ഞങ്ങള്‍ വീഡിയോ കണ്ടെത്തിയത് . റിപ്പോര്‍ട്ട് അനുസരിച്ച് വീഡിയോ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളതാണ്.
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലിന്റെ ഭീകരമായ ദൃശ്യങ്ങളില്‍ ഒരു കുന്നിന്‍ചെരിവ് ഇടിഞ്ഞുതാഴ്ന്നതിനാല്‍ റോഡിന്റെ ഒരു ഭാഗം തകരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ സിര്‍മൗറില്‍ റോഡ് തകര്‍ന്നു. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു ക്ലിപ്പ് മലഞ്ചെരിവിന്റെ ഒരു ഭാഗം വീഴുന്നതും അതിനൊപ്പം റോഡിലേക്ക് പോകുന്നതും കാണിക്കുന്നു.
റോഡിന്റെ 100 മീറ്ററോളം താഴേയ്ക്ക് തെന്നി നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ വീഡിയോ തെറ്റാണെന്ന് സ്ഥിതീകരിക്കപ്പെട്ടു. ഉരുള്‍പൊട്ടലിന്റെ വീഡിയോ പഴയതാണ്, വയനാട്ടില്‍ നിന്നുള്ളതല്ല. 2021 ജൂലൈ 30 ന് ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ വീഡിയോ കാണിക്കുന്നു.
Content Highlights: Is this the scene of landslides in Wayanad?