തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. ദുരന്തത്തിന്റെ തീവ്രത മനസിലാക്കി സമഗ്രമായ പുനരധിവാസ പാക്കേജിനടക്കം കേന്ദ്രത്തിന്റെ സഹായം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഈ വലിയ ദൗത്യത്തിന് കേന്ദ്രം നൽകുന്ന പിന്തുണയ്ക്കും സഹായത്തിനും നന്ദിയറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നും ഇതുവരെ അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ശനിയാഴ്ച ദുരന്ത മേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി കാര്യങ്ങൾ മനസ്സിലാക്കി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മറ്റന്നാൾ ദുരന്തഭൂമി സന്ദർശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കുകയും, അനുകൂല തീരുമാനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിന് ഉൾപ്പെടെ കേന്ദ്രസഹായം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ വലിയ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ദുരന്തത്തിൽ സ്ഥിരീകരിക്കപ്പെട്ട മരിച്ചവരുടെ എണ്ണം 225 ആണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 195 ശരീരഭാഗങ്ങൾ കിട്ടിയിട്ടുണ്ട്. നാളത്തെ ജനകീയ തിരിച്ചലിന് ശേഷവും തിരച്ചിൽ അവസാനിപ്പിക്കല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടൽ സംഭവിച്ച മേഖലയിൽ മേപ്പാടി 14 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കും.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ വെള്ളിയാഴ്ച ജനകീയ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടികളിലും കഴിയുന്നവരെക്കൂടി ഇതിന്റെ ഭാഗമാക്കും. ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുക. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചിൽ നടത്തുക.