തിരുവനന്തപുരം:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെയും മകന് രാം ചരണിന്റെയും സഹായഹസ്തം. ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വെച്ച് ചിരഞ്ജീവി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്.
ഒരു കോടി നല്‍കുമെന്ന് ഇരുവരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘വയനാട്ടിലേത് ഹൃദയഭേദകമായ കാഴ്ചയാണ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ദേശീയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്’,മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ചിരഞ്ജീവി മാധ്യമങ്ങളോട് പറഞ്ഞു.
മലയാള സിനിമ മേഖലയിലുള്ളവരും ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.മമ്മൂട്ടി ഇരുപത് ലക്ഷവും ദുല്‍ഖര്‍ പതിനഞ്ച് ലക്ഷവും നല്‍കിയിരുന്നു. പിന്നീട് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് മമ്മൂട്ടി ഉറപ്പും നല്‍കിയിരുന്നു. മോഹന്‍ലാല്‍ ഇരുപത്തി അഞ്ച് ലക്ഷവും വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴില്‍ മൂന്ന് കോടിയും സംഭാവന നല്കി. കാര്‍ത്തി, സൂര്യ, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് അന്‍പത് ലക്ഷം കൈമാറി. വിക്രം, കമല്ഹാസന്, രശ്മിക മന്ദാന, ഫഹദ് ഫാസില്‍, നസ്രിയ, നയന്‍താര, വിഘ്നേശ് ശിവന്, പേളി മാണി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി ഒട്ടനവധി താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്.
STORY HIGHLIGHTS: Wayanad Landslide, Chiranjeevi handed over a check of one crore