ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കി ചർമസംരക്ഷണ രീതികള്‍ തീരുമാനിക്കാം. രാവിലെയും വൈകീട്ടും വ്യത്യസ്ത രീതിയിലാണ് ചർമ സംരക്ഷണം നടത്തേണ്ടത്. അത് എങ്ങനെ ആണെന്ന് നോക്കാം..
രാവിലെ: നന്നായി മുഖം കഴുകുക, മോയിസ്ച്ചുറൈസ് ചെയ്യുക. ശേഷം സീറം പുരട്ടുക. വീടിന് വെളിയിലേക്ക് ഇറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് സൺസ്ക്രീൻ പുരട്ടുക. രണ്ടോ മൂന്നോ മണിക്കൂർ കഴിയുമ്പോൾ സൺസ്ക്രീൻ ഉപയോഗം ആവർത്തിക്കുക.
വൈകീട്ട്: സൺസ്ക്രീൻ ക്രീം ഒഴിവാക്കി രാവിലെയുള്ള അതേ രീതികൾ പിന്തുടരുക.
ഇത് കൂടാതെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എക്സ്ഫോളിയേഷൻ ചെയ്ത് മൃതകോശങ്ങളെ നീക്കണം. ഫെയ്സ് പാക്കും ഉപയോഗിക്കാം.
ഇതെല്ലാം ഒരുപോലെയാണെങ്കിലും ചർമത്തിന്റെ സ്വഭാവമനുസരിച്ച് ചില കാര്യങ്ങൾ കൂടി ചെയ്യണം.
ഡ്രൈ സ്കിൻ ഉള്ളവർ ശ്രദ്ധിക്കേണ്ട ഒരു പേരാണ് ഹയാലുറോണിക് ആസിഡിന്റേത്. ചർമത്തിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു. ഡ്രൈ സ്കിൻ ഉള്ളവരുടെ ചർമം ആരോഗ്യത്തോടെയിരിക്കാൻ വിറ്റാമിൻ ഇ മികച്ചതാണ്. മാത്രമല്ല ആൽമണ്ട്സ്, സൺഫ്ലവർ എന്നിവയും ഡ്രൈ സ്കിൻ ഉള്ളവർക്ക് നല്ലതാണ്.
എണ്ണമയമുളള ചർമത്തിൽ സെബം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു. എണ്ണമയം കൂടുന്ന ഈ സ്വഭാവം നിയന്ത്രിക്കാൻ സാലിസിലിക് ആസിഡിനു കഴിവുണ്ട്. ഓയിലി സ്കിൻ ടൈപ്പ് ഉള്ളവർക്ക് മുഖക്കുരുവും പാടുകളും കൂടുതലായിരിക്കും അതില്ലാതാക്കി ചർമം തിളങ്ങാൻ ടീ ട്രീ ഓയിൽ സഹായിക്കും. ഇത് കൂടാതെ എണ്ണമയം നിയന്ത്രിക്കാൻ വേപ്പ്, കറ്റാർവാഴ എന്നിവയും ഉത്തമമാണ്.
ഈ സ്കിൻ ടൈപ്പുള്ളവരിൽ എണ്ണമയം കൂടുതലാകാതെ നോക്കാനും അതേ സമയം ചർമത്തിൽ ഈർപ്പം നിലനിർത്താനും വിറ്റാമിൻ സിയും ഹയാലുറോണിക് ആസിഡും സഹായിക്കും. മാത്രമല്ല ചർമത്തിലെ പിഗമെന്റേഷൻ കുറയ്ക്കാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും വിറ്റാമിൻ സി മികച്ചതാണ്.
നോർമൽ സ്കിൻടൈപ്പ് ഉള്ളവർക്ക് തിളക്കം വർധിക്കാനും ആന്റി ഏയ്ജിങ്ങ് ഗുണങ്ങൾക്കായും ഫൈറ്റോ റെറ്റിനോളും ഹയാലുറോണിക് ആസിഡും ഗുണം ചെയ്യും. കൂടാതെ ചർമത്തിന്റെ സ്വാഭാവികത നിലനിർത്താൻ വിറ്റാമിൻ സിയും സഹായകമാകും.
ഏത് തരം ചർമ്മ സംരക്ഷണമാണെങ്കിലും ജീവിതരീതികളും അതിൽ സ്വാധീനം ചെലുത്തും. ഭംഗിയുള്ളതും തിളക്കമുള്ളതുമായ ചർമത്തിനായി ആന്റ് ഓക്സിന്റുകൾ, ഒമേഗ 3, വിറ്റാമിൻ സി തുടങ്ങിയവ ധാരാളമുള്ള ഭക്ഷണം കഴിക്കുകയും ദിവസേന രണ്ട് മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിയ്ക്കുകയും ആറ് മണിക്കൂറെങ്കിലും ഉറക്കം ശീലമാക്കുകയും ചെയ്യുക.
content highlight: skin-care-tips-for-various-type-skin