പ്രണയമഴ
ഭാഗം 40
ഗൗരിയോട് സംസാരിച്ചിട്ട് വാതിൽ തുറന്നു ഇറങ്ങി വന്ന ഹരി കണ്ടു എല്ലാം കേട്ട് കൊണ്ട് വാതിൽക്കൽ നിൽക്കുന്ന അമ്മയെ..
ഒരു നിമിഷത്തേക്ക് അവൻ പതറി പോയി.
ദേവി അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് റൂമിലേക്ക് കയറി..
അവിടെ ജനാലയുടെ ഒരു വശത്തായി ഭിത്തിയിൽ ചാരി നിൽക്കുന്ന ഗൗരിയെ അവർ കണ്ടു…
“എന്താണ് നിങ്ങൾക്ക് ഇടയിലെ പ്രശ്നം…..
പറയു ഹരി…. ”
“എന്ത് പ്രശ്നം അമ്മേ
… ഒന്നും ഇല്ല…”..
“ഹരി… നീ അമ്മയെ വെറുതെ ഫൂൾ ആക്കണ്ട… ഞാൻ കേട്ടു നിങ്ങൾ പറഞ്ഞത് ഒക്കെ…. ഗൗരിമോൾ ആരുടെ അടുത്തേക്ക് പോകും എന്ന് ആണ് പറയുന്നത്…”
“എന്റെ അമ്മേ…. ഒന്നുമില്ല…..ഗൗരി എവിടെ പോകാൻ…. ഒരിടത്തും പോകില്ല…..”
“ഹരി…… നീ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ….”
ദേവി അവനെ തനിക്ക് അഭിമുഖം ആയി പിടിച്ചു നിറുത്തി.
ഇവിടെ നോക്ക്.. എന്റെ മുഖത്തേക്ക്…..
എന്താ അമ്മേ….
നീ എന്നെ നോക്ക് മോനെ….
മ്മ്.. നോക്കി…
ഹരി… എന്താണ് നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം….
അമ്മേ…. ഒരു പ്രശനവും ഇല്ല… അമ്മക്ക് എന്തൊക്കെയോ തെറ്റിദ്ധാരണ ആണ്..
എന്ന് മുതൽ ആണ് മോനെ നീ എന്നോട് കള്ളം പറയാൻ തുടങ്ങിയത്….. മ്മ്…..
സാവധാനം ദേവി അവനോട് ചോദിച്ചു..
അവൻ അലക്ഷ്യമായി വെളിയിലേക്ക് കണ്ണും നട്ടു നിന്നു..
ഹരി…
എടാ… നിന്നെ അമ്മ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല… നിന്റെ ഓരോ ചലനവും അറിയാവുന്നവർ ആണ് ഞാനും നിന്റെ അച്ഛനും…. അച്ഛൻ എന്നോട് ചോദിച്ചു നിന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ നിങ്ങൾ തമ്മിൽ എന്ന്….. അതിനെ കുറിച്ച് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് നീ ഞങ്ങളുടെ അടുത്തേക്ക് വന്നത്.. അപ്പോൾ അച്ഛൻ നിന്നോടും ചോദിച്ചു അച്ഛന്റെ സംശയം….. നീ ഇത്രയും പെട്ടന്ന് അത് മറന്ന് കാണില്ല എന്ന് എനിക്ക് അറിയാം…..
ദേവി പറഞ്ഞത് കേട്ട് കൊണ്ട് ഹരി നിന്നു.
ദേവി അവന്റെ അടുത്ത് നിന്നും ഗൗരി യുടെ അരികിലേക്ക് വന്നു..
. മോളെ….. ഹരി എന്നോട് ഒന്നും പറയില്ല എന്ന് എനിക്ക് ഉറപ്പായി… ഇനി നിന്റെ ഊഴം ആണ്… നീയ് അമ്മയോട് പറയു… എന്താണ് നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നം.
വിവാഹം കഴിഞ്ഞു ഒരാഴ്ച പോലും ആയിട്ടില്ല.. അതിന് മുൻപേ നിങ്ങൾക്ക് രണ്ടാൾക്കും മടുത്തോ…. പ്രണയിച്ചു വിവാഹം കഴിച്ചവർ അല്ലെ നിങ്ങൾ.. പരസ്പരം ഇഷ്ടത്തോടെ….. എന്നിട്ട്…
അല്ല അമ്മേ… ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവർ അല്ല….. പെട്ടന്ന് ഗൗരി അവരെ തിരുത്തി..
ദേവി അവളെ നോക്കി…പിന്നെ ഹരിയെയും…
മോളെന്താണ് പറഞ്ഞു വരുന്നത്..
എല്ലാ കാര്യങ്ങളും അമ്മയോട് പറയുന്നത് ആണ് നല്ലത് എന്ന് ഗൗരിക്ക് തോന്നി..
അത് പിന്നെ അമ്മേ……
……
…..
……. സംഭവിച്ച കാര്യങ്ങൾ എല്ലാം ഗൗരി അവരോട് തുറന്നു പറഞ്ഞു
ഞെട്ടിത്തരിച്ചു നിൽക്കുക ആണ് ദേവി..
ഹരി ഈ കുട്ടിയോട് അങ്ങനെ പെരുമാറിയോ….. സത്യം ആണോ അത്…ദൈവമേ…..
ഇത് വരെ യാതൊരു ദുശീലവും ഇല്ലാത്ത ഹരി….ഈ കുട്ടിക്ക് ആള് മാറിയത് ആണോ ഇനി…
മോളെ ഗൗരി… നീ എന്തൊക്ക ആണ് ഈ പറയുന്നത്.. അമ്മക്ക് ഇത് ഒന്നും കേട്ടിട്ട് വിശ്വാസം ഇല്ല മോളെ… ദേവിയുടെ മിഴികൾ നിറഞ്ഞു.
അമ്മ അമ്മയുടെ മകനോട് ചോദിക്ക്…. എന്നിട്ട് വിശ്വസിച്ചാൽ മതി…
ഗൗരിയുടെ വാക്കുകൾ കടുത്തു.
പക്ഷെ കുറ്റക്കാരനെ പോലെ നിൽക്കുന്ന ഹരിയെ കണ്ടപ്പോൾ…. അവന്റെ നിശബ്ദത….. നിസ്സഹായത… എല്ലാം കൂടി കണ്ടപ്പോൾ ദേവിക്ക് മനസിലായി ഗൗരി പറഞ്ഞത് എല്ലാം സത്യം ആണെന്ന്..
ഹരിയുടെ മുൻപിൽ ചെന്നു ദേവി അവനെ നോക്കി..
സത്യം ആണോ ഞാൻ ഈ കേട്ടത് എല്ലാം….. എടാ ആണോന്നു…
അവന്റെ ഇരു തോളിലും പിടിച്ചു കുലുക്കി കൊണ്ട് അവർ ചോദിച്ചു.
അവന്റെ മുഖം താണു..
പെട്ടന്ന് ആയിരുന്നു അവരുട കൈ അവന്റെ കവിളിൽ പതിച്ചത്..
നീ….. നീ ഇത്രയ്ക്ക് വൃത്തികെട്ടവൻ ആയിരുന്നോടാ…. ഈ പെൺകുട്ടിയോട് നീ അങ്ങനെ ഒക്കെ പെരുമാറാൻ എന്ത് ദ്രോഹം ആണ് ഇവൾ നിന്നോട് ചെയ്തത്…. എന്ത് ഹരി….. പറയെടാ… എടാ പറയാൻ…
അവന്റെ കവിളിൽ വീണ്ടും ദേവി അടിച്ചു..
ഗൗരി നിന്നിടത്തു തന്നെ നിന്നു..
അവൾക്കും ഉള്ളിൽ അവനോട് ഉള്ള പക ആളി കത്തുക ആയിരുന്നു.
ഹരി ആണെങ്കിൽ അമ്മയോട് ഒരു അക്ഷരം പോലും ഉരിയാടിയില്ല..
നിന്നെ ഞാൻ എന്റെ എല്ലാ മക്കളെയുംകാൾ കൂടുതൽ സ്നേഹിച്ചു….. അതിന് അവർ എല്ലാവരും എന്നോട് വഴക്കിട്ടുണ്ട്…. അറിയാമല്ലോ നിനക്ക് എല്ലാം അല്ലെ… എന്നിട്ട്… എന്നിട്ട് നീ എപ്പോൾ ആണ് ഹരി ഇത്രയ്ക്ക് നെറികെട്ടവൻ ആയി പോയത്….. ചെ…. നിന്നെ കാണുന്നത് പോലും എനിക്ക് അറപ്പാടാ…. ഒന്ന് പോ എന്റെ മുന്നിൽ നിന്നു…. നീ… നീ എവിടേയ്ക്ക് എങ്കിലും പോ….. കാണണ്ട നിന്നെ ഞങ്ങൾക്ക്….
ദേവി………. താഴെ നിന്നും മുത്തശ്ശി വിളിച്ചു.
ആഹ് വരുന്നു അമ്മേ…..
ഗൗരി വിളിച്ചു പറഞ്ഞു..
നീ എന്തിനാണ് മോളെ നിന്റെ ജീവിതം വെച്ച് കളിച്ചത്… നിനക്ക് ഒരു കേസ് കൊടുത്താൽ പോരായിരുന്നോ….മ്മ്…. ഈ ദ്രോഹി കെട്ടിയ താലി അണിഞ്ഞു നീ എന്തിനാണ് ഈ പടി കേറി വന്നത്…
മിഴികൾ അമർത്തി തുടച്ചു കൊണ്ട് ഗൗരിയെ ഒന്ന് ചേർത്തണച്ചിട്ടു അവർ വെളിയിലേക്ക് ഇറങ്ങി പോയി.
ഹരി നോക്കിയപ്പോൾ
ഗൗരി വിജയഭാവത്തിൽ നിൽക്കുക ആണ്…
ഇപ്പോൾ മനസ്സിലായോ തനിക്ക് ഈ ഗൗരി ആരാണ് എന്ന്… ഇതാടോ എന്റെ പ്രതികാരം…. തന്റെ കുടുംബത്തിൽ ഉള്ളവർ എല്ലാവരും അറിയണം തന്റെ ആട്ടിൻ തോലണിഞ്ഞ ചെന്നായയുടെ മുഖം…
അത് കാണുവാൻ ആണ് ഞാൻ കാത്തിരുന്നത്..
അമ്മ ഇപ്പോൾ പറഞ്ഞോളും അച്ഛനോട് കാര്യങ്ങൾ എല്ലാം…
പിന്നെ ബുദ്ധിമാനായ തന്റെ അച്ഛൻ നേരത്തെ തന്നെ എല്ലാം കണ്ടെത്തുകയും ചെയ്തു.. അപ്പോൾ പിന്നെ അമ്മക്ക് വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാം..
ഗൗരി അവനെ നോക്കി പറഞ്ഞു.
അല്ല… താൻ കുറച്ചു മുന്നേ എന്നോട് എന്താണ് പറഞ്ഞത് എന്റെ കാമുകൻ എന്നെ വെറുക്കും.. എന്റെ വീട്ടുകാർ എന്നെ വെറുക്കും…. അങ്ങനെ എന്തൊക്കെയോ…
എടൊ… ആരാണ് വെറുക്കുന്നത് എന്ന് നമ്മൾക്ക് കാണാം ഹരി…. അത് വിദൂരമല്ല…..
ഗൗരി തനിക്ക് മാറാൻ ഉള്ള ഡ്രസ്സ് എടുത്തു കൊണ്ട് വാഷ് റൂമിലേക്ക് കയറി പോയി.
***********
അമ്മാളു തിരികെ ഹോസ്റ്റലിൽ വന്നപ്പോൾ 5മണി കഴിഞ്ഞിരുന്നു.
നിഹ അവളെ കാത്തു വാതിൽക്കൽ തന്നെ നിൽപ്പുണ്ട്..
എടി മാളു …. അവളെ കണ്ടതും നിഹ ഓടി വന്നു…
നീ… നീ എന്നോട് പിണക്കം ആണോ… ന
ഹേയ്… എന്തിനു..
രണ്ടാളും കൂടി റൂമിലേക്ക് നടന്നു.
അല്ലടി… ഞാൻ നിന്റെ ഒപ്പം വരാത്തത് കൊണ്ട്….
അത് ഒന്നും സാരമില്ലടോ….. ഞാൻ പോയി കണ്ടു ഡോണിനെ…
ബാഗ് ഊരി മേശമേൽ വെച്ചിട്ട് അമ്മാളു ബെഡിലേക്ക് ഒന്ന് അമർന്നു ഇരുന്നു.
ഡോണിനു എങ്ങനെ ഉണ്ട്…
സർജറി കഴിഞ്ഞു.. കുഴപ്പമില്ല..
മ്മ്… അവിടെ ആരൊക്ക ഉണ്ടെടി.
ഡോണിന്റെ പപ്പാ.. മമ്മി….
ആണോ….
ഹ്മ്മ്….
നിന്നോട് എന്ത് പറഞ്ഞു
ഞാൻ അവിടെ ചെന്നു നിന്നപ്പോൾ മമ്മി എന്നോട് ചോദിച്ചു മാളവിക ആണോ എന്ന്.
ങേ.. അപ്പോൾ നിന്നെ അവർക്ക് പരിചയം ഉണ്ടോ..
ഡോൺ പറഞ്ഞിട്ടുണ്ട്ന്നു..
ഓഹ്… അത് ശരി.. അപ്പോൾ കാര്യങ്ങൾ ഒക്കെ മുൻപോട്ട് എങ്ങനെ ആണ് മാളു..
നിഹ അവളെ ആക്കി ചോദിച്ചു.
എന്ത്….. മാളു അജ്ഞത നടിച്ചു.
അല്ല… വിട്ടുകാർക്കൊക്കെ മനസിലായ സ്ഥിതിക്ക്…..
ഒന്ന് പോടീ പെണ്ണേ…
വെറുതെ എഴുതാപ്പുറം വായിക്കേണ്ട..
ഓഹ്… ഇപ്പോൾ അങ്ങനെ ആയോ… എന്തായാലും ക്ലാസിൽ എല്ലാവർക്കും മനസിലായി..
എന്ത്….
അല്ല… നീയും ഡോണും തമ്മിൽ ലപ്പ് ആയെന്നു..
നിഹ… നീ ആവശ്യം ഇല്ലാത്തത് പറയണ്ട കെട്ടോ..
എന്തോ… എങ്ങനെ….. ഇപ്പോൾ എനിക്കയോടി കുറ്റം..
എന്തായിരുന്നു പെണ്ണിന്റെ ഇന്നത്തെ പെർഫോമൻസ്…. അവന്റെ കാര്യം കേട്ടതും കണ്ണും മുഖവും ഒക്കെ ചുവന്നു തുടുത്തു….ഓഹ്.. നിന്റെ കരഞ്ഞു കൊണ്ട് ഉള്ള ഓട്ടം… എടി എല്ലാവരും എന്താ പൊട്ടന്മാർ ആണോ….
നിന്നെ വിളിച്ചത് അല്ലെ ഞാൻ… എന്നിട്ട് എന്താ നീ വരാഞ്ഞത്..
അത് പിന്നെ പെട്ടന്ന്…… നിന്നോട് കാര്യങ്ങൾ പറയുവാൻ ഉള്ള സാവകാശം പോലും കിട്ടിയില്ല… അതിന് മുന്നേ നീ ഓടിയില്ലേ..
ഒക്കെ ഒക്കെ… അതിന് പരിഹാരം ഞാൻ കണ്ട് പിടിച്ചിട്ടുണ്ട് കെട്ടോ… മാളു അവളെ നോക്കി പറഞ്ഞു.
നാളെ നമ്മൾ രണ്ടു പേരും ലീവ് എടുക്കുന്നു…
എന്നിട്ട്..
എന്നിട്ട് നമ്മൾ കാലത്തെ തന്നെ ഹോസ്പിറ്റലിൽ പോകും..
ഹോസ്പിറ്റലിൽ പോകാം.. അതിന് എന്താ ലീവ് എടുക്കുന്നത്..കുറച്ചു നേരത്തെ ഇറങ്ങിയിട്ട് പോയി കണ്ടിട്ട് തിരിച്ചു വന്നാൽ പോരെ…
ഓഹ്… അത് ശരി ആണ്… നമ്മൾക്ക് പോയി കണ്ടിട്ട് വരാം…
മ്മ്… പെണ്ണിന് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥ ആയല്ലോ എന്റെ ഈശ്വരാ..
ഒന്ന് പോടീ….
മാളു അവളെ നോക്കി കൊഞ്ഞനം കുത്തി….
മാളു ഒരുപാട് സന്തോഷത്തിൽ ആണ് എന്ന് നിഹായ്ക്ക് തോന്നി..
പക്ഷെ അവർ അറിഞ്ഞിരുന്നില്ല അവൾക്കായി ഈശ്വരൻ ഒരുക്കി വെച്ചിരുന്ന വിധി ഏറെ വേദനാജനകം ആണ് എന്ന്..
********
********
ഹരികുട്ടൻ എവിടെ… അവനെ താഴേക്കു കണ്ടതേയില്ല….
നാമജപം ഒക്കെ കഴിഞ്ഞു മുത്തശ്ശിയും ദേവിയും ഗൗരിയും ഒക്കെ വെറുതെ ടിവി കണ്ടു കൊണ്ട് ഇരിക്കുക ആണ്.
അവനു തലവേദന ആണ് എന്ന് പറഞ്ഞു അമ്മേ….
ദേവി അവരോട് മറുപടി പറഞ്ഞു.
അതെന്താ ഇപ്പോ തലവേദന….. കഴിഞ്ഞ ദിവസവും തലവേദന ആയിരുന്നല്ലോ..
അവർക്ക് വീണ്ടും സംശയം ആയി..
ആഹ്… അവന്റെ ഓഫീസിലെ കാര്യങ്ങൾ ഒക്കെ ഓർത്തിട്ട് ആവണം…. കുറച്ചു ദിവസം ആയിട്ട് ശ്രെദ്ധ മുഴുവൻ കല്യാണ തിരക്കിൽ ഒക്കെ അല്ലെ… അതാവും…
ദേവി പറയുന്നത് കേട്ടു കൊണ്ട് ഗൗരി ഒന്നും മിണ്ടാതെ ഇരുന്നു.
അമ്മേ… കണ്ണേട്ടനും അച്ഛനും വരാൻ താമസിക്കും എന്ന് പറഞ്ഞു… നീലിമ ഫോണും കൈയിൽ പിടിച്ചു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി വന്നു.
ആണോ…. അതെന്താ മോളെ..?
അവർ ആരെയോ കാണാനായി എറണാകുളം വരെ പോകുവാന്നു….
മ്മ്….. കുഞ്ഞ് ഉറങ്ങിയോ..
ഉറങ്ങി അമ്മേ…
അവളും അവരുട അടുത്തേക്ക് വന്നു ഇരുന്നു.
ഗൗരി വെറുതെ ടീവി യിൽ നോക്കി ഇരിക്കുക ആണ്…. പക്ഷെ അവളുടെ മനസ് ഇവിടെ ഒന്നും അല്ല എന്ന് ദേവിക്ക് മാത്രമേ അറിയൂ..
ഗൗരി
… ഹരി വിളിക്കുന്നത് എല്ലാവരും കേട്ടു..
അമ്മേ ഞാൻ ഇപ്പോൾ വരാമേ…
ഗൗരി സ്റ്റെപ് കയറി മുകളിലേക്ക് പോയി.
ദേ.. തന്റെ ഫോണിൽ ആരോ വിളിച്ചു..
ഗൗരി ഫോൺ എടുത്തു നോക്കിയതും കണ്ടു.. തീർത്ഥ യും ദേവൂവും..
അവൾ അപ്പോൾ തന്നെ അവരെ തിരിച്ചു വിളിച്ചു.
ചേച്ചി… ഇന്നലെ എന്ത് രസം ആയിരുന്നു…നമ്മൾ എല്ലാവരും കൂടി…ശോ…. ഹരിച്ചേട്ടൻ എന്ത്യേ…
തീർത്ഥ യുടെ ശബ്ദം ഹരിയും കേട്ട്..
ആഹ് മോളെ… ചേട്ടൻ ഇവിടെ ഉണ്ട്…
ഉവ്വോ… ഒന്ന് കൊടുത്തേ…
ഗൗരി അവന്റെ നേർക്ക് ഫോൺ നീട്ടി..
ഹരി പക്ഷെ ഫോൺ മേടിച്ചില്ല..
ഹലോ ചേച്ചി…
മ്മ്…
ചേച്ചി എന്താ മിണ്ടാത്തത്..
അത് പിന്നെ മോളെ… ഹരിച്ചേട്ടൻ കുളിക്കുവാ… ഞാൻ നോക്കുവായിരുന്നു ചേട്ടനെ…
ആണോ… ഞങ്ങളുട അന്വേഷണം പറയണേ… ഹരി ചേട്ടൻ എന്ത് പാവം ആണ്.. ഒരുപാട് ഇഷ്ടം ആണ് ചേട്ടനെ ഞങ്ങൾക്ക്…..ഇന്നലെ മേടിച്ചു തന്ന ഐസ് ക്രീം ന്റെ ടേസ്റ്റ്… ഹോ… സൂപ്പർ ആയിരുന്നു അല്ലെടി…
ദേവു ആയിരുന്നു അത് പറഞ്ഞത്..
ചേച്ചി എന്റെയും അന്വേഷണം പറയണേ.. തീർത്ഥ യും വിളിച്ചു പറഞ്ഞു.
ഉവ്വ് പറയാം….
ശരി ചേച്ചി… ഗൂഡ്‌നൈറ്റ്…
ഒക്കെ.. ഗുഡ് നൈറ്റ്..
ഗൗരി ഫോൺ കട്ട് ചെയ്തു…
അവൾ നോക്കിയപ്പോൾ കണ്ടു ഹരി ഒരു ബാഗ് പാക്ക് ചെയ്തു വെച്ചിരിക്കുന്നത്..
അവൾക്ക് ഒന്നും മനസിലായില്ല..
രാത്രി ഫുഡ് കഴിച്ചു കഴിഞ്ഞു നമ്മൾ ഇവിടെ നിന്നു ഇറങ്ങും…. അവൻ പറഞ്ഞു.
ഗൗരി നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി.
കൊല്ലം വരെ ഒന്ന് പോകണം എനിക്ക്.. ഒരു ഫ്രണ്ട് നെ കാണാൻ… എന്റൊപ്പം നീയും വരണം…
ഞാൻ എങ്ങോട്ടും വരുന്നില്ല..
അത് തീരുമാനിക്കുന്നത് നിയല്ല..
അതെ… എന്റെ കാര്യം തീരുമാനിക്കുന്നത് ഞാൻ ആണ്.
പക്ഷെ ഇപ്പോൾ എന്റെ തീരുമാനം നീ അനുസരിക്കും.. ഇല്ലെങ്കിൽ അനുസരിപ്പിക്കാൻ എനിക്ക് അറിയാം…
തുടരും..