പത്തനംതിട്ട: വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ എത്തിയ നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിന് ജാമ്യം. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്.
ചെകുത്താന് എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന് വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് കേസ്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു.
അതേസമയം, അജു അലെക്സിന്റെ അറസ്റ്റിൽ പത്തനംതിട്ട എസ്.പിക്കു പരാതി നൽകി മാതാവ്. രാവിലെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കസ്റ്റഡി അന്യായമാണെന്നും എസ്.പിക്ക് അയച്ച പരാതിയിൽ അമ്മ മേഴ്സി അലെക്സ് ആരോപിച്ചു. ഹൃദ്രോഗിയായ മകന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. എതിർഭാഗത്തുള്ള പ്രമുഖ നടനും താരസംഘടനയുമായതിനാൽ ജീവൻ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നു പേടിക്കുന്നുണ്ടെന്നും പരാതിയിൽ അവർ പറഞ്ഞു.