മോഹൻലാലിനൊപ്പം ആണ് ജീത്തു ജോസഫ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. ആ കോംബോ വളരെ വലിയൊരു ഹിറ്റാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകൻ.
“ഡിറ്റക്ടീവ് ആദ്യം മോഹൻലാലിനെ വെച്ച് ചെയ്യാനായിരുന്നു പ്ലാൻ ചെയ്തത്. അദ്ദേഹം ആ സമയത്ത് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. മോഹൻലാലിനെ കാണാനായി തയ്യാറായപ്പോൾ അവർ ഷൂട്ടിംഗ് കഴിഞ്ഞ് അവിടുന്ന് പോയിരുന്നു. ”
“പിന്നീട് ദൃശ്യത്തിലൂടെയാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്ത് ഒരു ബന്ധം ഉണ്ടായി. അതിനു ശേഷം മറ്റൊരു നായകനെ തേടി പോകാൻ തോന്നിയില്ല. മാത്രമല്ല എന്റെ കഥകളെല്ലാം അൽപം പ്രായമുള്ള കഥാപാത്രങ്ങളുടേതായിരുന്നു. ചെറുപ്പക്കാർക്ക് ഒതുങ്ങുന്ന തരത്തിലൊരു വേഷം ഉണ്ടായിരുന്നില്ല. അതാണ് മോഹൻലാലിനൊപ്പം തന്നെ ചിത്രങ്ങൾ ചെയ്തത്. പക്ഷേ നുണക്കുഴിയിലേക്ക് എത്തിയപ്പോൾ ബേസിലിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടുവന്നു.” ജീത്തു ജോസഫ് പറഞ്ഞു.
ത്രില്ലർ സിനിമകൾക്ക് മലയാളത്തിൽ ഇത്രയും സ്വീകാര്യത ലഭിച്ചത് ജീത്തു ജോസഫിന്റെ വരവോടു കൂടിയാണ്. അതിനു മുന്നേയും കെ.ജി ജോർജ് സിനിമകൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. എന്നാൽ വേറിട്ട ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരുടെ കിളി പറത്തിയ സിനിമകളാണ് ജീത്തുവിന്റെ പ്രത്യേകത. എന്നാൽ ജീത്തു ജോസഫിന് ഗ്രാമീണ തനിമ നിറഞ്ഞതും കോമഡി ട്രാക്കുള്ളതുമായ സിനിമകളോട് അദ്ദേഹത്തിന് താത്പര്യമെന്ന് പറഞ്ഞു. പക്ഷേ എഴുത്തിലേക്ക് വരുമ്പോൾ ത്രില്ലർ സ്വാഭാവം തന്നെയാണ് ഉണ്ടാവുന്നത്. അതിനു കാരണം ത്രില്ലർ നോവലുകളുടെ സ്വാധീനം കൊണ്ടാവാം എന്നാണ് ജീത്തു പറയുന്നത്.
“ദൃശ്യത്തിന്റെ കഥയിലേക്ക് എത്തിയത് കുറച്ച് സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടെയാണ്. അതിൽ നിന്നും ഡെവലപ്മെന്റുകൾ ഉണ്ടായിട്ടാണ് സിനിമ ചെയ്യുന്നത്. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ ഉദ്ദേശിച്ച പോലെ നടന്നില്ല. ഈ കഥയിൽ രണ്ട് ഭാഗത്തും ശരിയും തെറ്റുമുണ്ട്. പ്രേക്ഷകർ പക്ഷേ ജോർജൂട്ടിക്കൊപ്പം മാത്രം സഞ്ചരിച്ചു.” ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
content highlight: jeethu-joseph-reveals-that-mohanlal-was-the-first-choice