കച്ചവട സങ്കൽപ്പങ്ങളിൽ ഒരു പഴയകാലത്തിന്റെ വിപണനചിത്രം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള വാണിയംകുളം ചന്തയുടെ ചരിത്രത്തിലൂടെ പറയുന്നത്. വാണിയംകുളം,കുഴൽമന്ദം,പെരുമ്പിലാവ് തുടങ്ങിയ ചന്തകൾ കേരളത്തിലെ ആദ്യകാലചന്തകളാണ്.ഏറെ പേര് കേട്ടവ.ഏറെ വലുതും.
അതിൽ വാണിയംകുളം ചന്തയെപ്പറ്റിയുള്ള ഒരു പഴയ നാടകഗാനത്തിന്റെ രണ്ട് വരികൾ ഇവിടുത്തുകാരുടെ നാവിൻ തുമ്പിൽ ഇന്നുമുണ്ട്. “വാണിയംകുളത്തുള വണ്ടിപ്പേട്ടയിൽ നിന്ന് വാങ്ങി ഞാൻ രണ്ട് മണിക്കാളകൾ”
പഴയ പല നാടൻപാട്ടുകളുടെ വരികളിലൂടെയെങ്കിലും വാണിയംകുളം ചന്തയെപ്പറ്റി കേൾക്കാത്ത മലയാളികളുണ്ടാകാതിരിക്കില്ല.
ചേരമാൻ പെരുമാളിന്റെ ഭരണകാലം മുതൽ തന്നെ ചന്ത നിലനിന്നിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നുവച്ചാൽ ചന്തയുടെ കൃത്യമായ കാലപ്പഴക്കം പോലും കണക്കാക്കാൻ കഴിഞ്ഞിട്ടില്ലാ എന്ന്.
പ്രൗഢിയുടെ ചിഹ്നമായി ആനയെ കണക്കാക്കിയിരുന്ന രാജാക്കന്മാരുടെ കാലത്ത് ഇതൊരു ആനച്ചന്തയായിരുന്നുവെന്ന് പറയപ്പെടുന്നു.പിന്നീട് കവളപ്പാറ സ്വരൂപത്തിലെ ഒരു മൂപ്പിൽ നായരുടെ കാലത്താണ് ആനചന്തയിൽ നിന്നും നാൽകാലിച്ചന്തയായതും ചന്ത അതിന്റെ പ്രതാപകാലത്തെത്തിയതും
അക്കാലത്ത് മികച്ചൊരു കച്ചവട കേന്ദ്രം തന്റെ നാട്ടിൽ വരണമെന്ന് ആഗ്രഹമുണ്ടായിരുന്ന മൂപ്പിൽ നായർ ഇത് നല്ലൊരു കന്നുകാലിച്ചന്തയായി വളർത്തിയെടുത്തു. ആ സമയങ്ങളിൽ ദക്ഷിണേന്ത്യയിലെത്തന്നെ ഒരു പ്രധാന ചന്തയായി ഇത് വളർന്നു.
ബുധൻ,വ്യാഴം ദിവസങ്ങളിൽ വിപുലമായ കന്നുകാലി ചന്തകൾ ഒരുങ്ങിത്തുടങ്ങി. ആന്ധ്ര,തമിഴ്നാട്,കർണാടക,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കച്ചവടത്തിനായി ആളുകൾ എത്തിത്തുടങ്ങി. വാഹനങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത് പാലക്കാട്ചുരവും കടന്ന് രണ്ടും,മൂന്നും ദിവസം കാൽനടയായാണ് കാലികളുമായി കച്ചവടക്കാരെത്തിയിരുന്നത്.
ചന്ത പുലർച്ചെ മുതൽ തന്നെ ആരംഭിക്കും. പോത്ത് (അതിൽ തന്നെ വലിയ പോത്ത്,ചെറിയ പോത്ത് )പശു,എരുമ കാള,തുടങ്ങി എല്ലാ നാൽക്കാലികളും എത്തും,ചിലപ്പോൾ കുതിര വരെ ഉണ്ടാകും.എല്ലാത്തിനും വേറെവേറെ ഇടങ്ങൾ.നാൽക്കാലികളെ വാങ്ങാൻ വരുന്നവർ,വിൽപ്പനക്കാർ,പൊരുത്തുകൾ തുടങ്ങി ആകെ ബഹളമായിരിക്കും ചന്തയിൽ.
ഇതിൽ പൊരുത്തുകൾ എന്നറിയപ്പെടുന്നവർ ഇടനിലക്കാരാണ്. ഇന്ന് ബ്രോക്കർ എന്നറിയപ്പെടും പോലെ.
കന്നുകാലി കച്ചവടത്തിൽ വളരെ അറിവുള്ളവരായിരിക്കും ഇവർ. ഇവരിലൂടെയാണ് മിക്ക കച്ചവടവും നടക്കുക.വാങ്ങാൻ വരുന്നവരെ അവരുടെ ആവശ്യാനുസരണമുള്ള വില്പനക്കാരുമായി ഇവർ മുട്ടിക്കും. കച്ചവടഫലമായി ഇരുകൂട്ടരിൽ നിന്നും ലഭിക്കുന്ന ചെറിയ പ്രതിഫലമാണ് ഇവരുടെ വരുമാനം. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ അക്കാലത്തും ചന്തയിലെത്തിയിരുന്നു.എത്ര തിരക്കാണെങ്കിലും വിലപേശലും,കച്ചവടവും കഴിഞ്ഞ് വൈകുന്നേരത്തോടെ ചന്ത കാലിയാകും. ബുധൻ,വ്യാഴം ദിവസങ്ങളിൽ മാത്രമായിരുന്നോ ചന്ത എന്ന് ചോദിക്കണം. അതിന്റെ ഉത്തരമാണ് ആമുഖമായി പറഞ്ഞുതുടങ്ങിയത്. ആധുനികകച്ചവട കേന്ദ്രങ്ങളുടെ കച്ചവട സംസ്കാരവുമായി ഈ ഒരു ചരിത്രം കിടപിടിക്കുമെന്ന് ആവർത്തിക്കാനുള്ള കാരണവും.
കച്ചവടപ്രാധാന്യമുള്ള മറ്റെല്ലാ ദിവസങ്ങളിലും ചന്തയിൽ ഒരു കോഴിയെ വിൽക്കാനിറങ്ങിയാൽ പ്പോലും പലരും കോഴിയുമായി ചന്ത മുട്ടാറില്ലെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. ഇന്നത്തെ വാണിയംകുളം നഗരം നിൽക്കുന്ന കുളപ്പുള്ളി-പാലക്കാട് ദേശീയപാതയിലെ ചന്തയോടടുത്ത ഒരുകിലോമീറ്ററോളം ദൂരം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കും. പതിവ് പോലെ കച്ചവട സാധനങ്ങളുമായി ചന്തയിലേക്കിറങ്ങിയവർ,സാധനങ്ങൾ വാങ്ങാനിറങ്ങിയവർ,അവരിൽ ചന്തയിലെ കച്ചവടം കാണാൻ മാത്രം ഇറങ്ങിയവരും ഉണ്ടായിരിക്കും. അവർക്കിടയിലെ ആവശ്യക്കാരും,ഇടനിലക്കാരും കയ്യിലെ കോഴിയെ കണ്ട് ഓടിക്കൂടും.പിന്നെ വിലപേശലാകും.അവസാനം ചന്തയിലെത്തുംമുൻപ് തന്നെ വഴിയിൽ വച്ച് കച്ചവടം നടന്നിരിക്കും.
തിരക്കുപിടിച്ച ആൾക്കൂട്ടത്തിലൂടെ പരന്നുകിടക്കുന്ന ചന്തയിലേക്ക് കയറിയാൽ പിന്നെ ഒരു വീടിനല്ല ഒരു നാടിനു മുഴുവനുള്ളതും അവിടെയുണ്ട്.
ചന്തയിലെ ഒരുഭാഗം നിറയെ കെട്ടിടങ്ങളായിരുന്നു.അതിൽ സ്ഥിരമായ കച്ചവട സ്ഥാപനങ്ങളായിരുന്നു. വീട്ടിലേക്കു വേണ്ട പലചരക്ക് സാധനങ്ങളുണ്ടാകും, പഴങ്ങളുണ്ടാകും, എല്ലാ പച്ചക്കറികളുമുണ്ടാകും, പാത്രങ്ങളുണ്ടാകും. കത്തി,മടാൾ,അരിവാൾ തുടങ്ങിയ ആയുധങ്ങൾ,കൃഷിക്ക് വേണ്ട ഉപകരണങ്ങൾ,എല്ലാം ഉണ്ടാകും. സ്വർണ്ണം,വെള്ളി എന്നീ ആഭരണങ്ങൾ,വസ്ത്രങ്ങൾ എന്നിവയുടെ കച്ചവടമുണ്ടാകും.മുടി വെട്ടാൻ ബാർബർഷോപ്പും.
ഇതിനിടയിൽ നാട്ടിൻ പുറങ്ങളിൽ നിന്നും ശേഖരിച്ച പുളിങ്കുരുവും, പറങ്കിയണ്ടിയും വിൽക്കാനെത്തിയവർ, അത് വാങ്ങാനുള്ളവർ. ചന്തയിൽ മൃഗത്തോൽ വരെ കിട്ടിയിരുന്നത്രെ. തിരക്ക് പിടിച്ച ചന്തയിലൂടെ കറങ്ങി എല്ലാം കണ്ടും,വാങ്ങിയും കഴിഞ്ഞാൽ ചായ കുടിക്കാൻ,ഭക്ഷണം കഴിക്കാൻ ചായക്കടകളും,ഹോട്ടലുകളും.
കൂടാതെ ഇറച്ചിയും,മീനും ചന്തയിൽ ലഭ്യമായിരുന്നു. മുയൽ,ഉടുമ്പ് തുടങ്ങിയ പല ജീവികളെയും ചന്തയിൽ വില്പനയ്ക്കായി എത്തിച്ചിരുന്നു. ഒന്നുകൂടി വ്യക്തമാക്കിയാൽ ഇന്ന് മാർക്കറ്റിൽ ലഭിക്കാത്ത പലതും അന്ന് ചന്തയിലെ പരസ്യക്കച്ചവടങ്ങളായിരുന്നു. ചന്തയിൽ നടക്കാത്ത കച്ചവടങ്ങളില്ലായിരുന്നു.
പലരുടെയും ഓർമകളിൽ ചന്ത ഒരത്ഭുതമായിരുന്നു. പിന്നീട് ഇരുപതാംനൂറ്റാണ്ടിന്റെ അവസാനങ്ങളോടെ മൃഗസംരക്ഷണനിയമങ്ങൾ ശക്തമായതോടെ അത്തരത്തിലുള്ള പല ജീവികളുടെയും കച്ചവടം അവസാനിക്കപ്പെട്ടു.ഒപ്പം കുളപ്പുള്ളി-പാലക്കാട് പാതയുടെ വളർച്ചയിൽ വാണിയംകുളം നഗരവും വിപുലീകരിക്കപ്പെട്ടു.
റോഡിന് ഇരുവശങ്ങളിലുമായ ആധുനിക കെട്ടിടങ്ങളുടെ വരവോടെ ചന്തയ്ക്കകത്തുണ്ടായിരുന്ന കടകളിലെ കച്ചവടങ്ങൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറി.പഴയ പല കെട്ടിടങ്ങളും പൊളിക്കപ്പെട്ടു.ചിലത് ചരിത്രത്തിലേക്കുള്ള ചില അടയാളങ്ങൾ മാത്രമായി, ഭാഗികമായി നിലനിൽക്കുന്നു. സാധാരണ ഒരു നഗരത്തിന്റെ സ്വഭാവങ്ങൾ വാണിയംകുളത്തിന് ഏറെ കൈവന്നെങ്കിലും പഴയ കാലിചന്ത ഇന്നും കെങ്കേമമായി വ്യാഴാഴ്ച്ചകളിൽ നടക്കാറുണ്ട്. ചരിത്രത്തിൽ എന്ന പോലെ നഷ്ടപ്പെട്ട പഴയ ചന്തയുടെ പ്രതാപം ഓർമിപ്പിക്കാനെങ്കിലും പച്ചക്കറികളും,പണിയായുധങ്ങളും തുടങ്ങിയവയുമായി ചില കച്ചവടക്കാരെങ്കിലും ചന്തയിൽ ഇന്നും കൂടാറുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന കടകൾ നമ്മുടെ നാട്ടിലുണ്ട് എന്ന് നമ്മളിൽ പലരും അഹങ്കരിക്കാറുണ്ട്.എന്നാൽ മുൻകാലങ്ങളിലും ഇതിനേക്കാൾ അന്നത്തെ ആവശ്യസാധനങ്ങളുടെ വിപുലമായ ശേഖരണവുമായി ഈ രീതിയിലുള്ള സംവിധാനങ്ങൾ നിലനിന്നിരുന്നു എന്ന് ചില നാട്ടുകാർക്കെങ്കിലും ഏത് കാലത്തും അഭിമാനത്തോടെ പറയാം.
ഇന്ന് ചന്തയുടെ നടത്തിപ്പ് അവകാശം വാണിയംകുളം പഞ്ചായത്തിനാണ്. പഞ്ചായത്തിന്റെ നല്ലൊരു വരുമാനമാർഗം കൂടിയാണ് ചന്ത. വാണിയംകുളം എന്ന പേരിനുതന്നെ കാരണം ഈ ചന്തയായിരുന്നു എന്നത് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. വാണിയം നടന്നിരുന്ന കളം ആണ് വാണിയംകളം എന്ന പേരിലേക്ക് വന്നത്.പിന്നീടത് കാലക്രമേണ വാണിയംകുളമായി എന്ന് പറയപ്പെടുന്നു.
Content highlight : Vaniyamkulam Vandipetta story