ഹൃദയരാഗം
ഭാഗം 40
വിവേക്കുമായുള്ള വിവാഹം ഏതായാലും ഉടൻ നടക്കില്ല.. അവനെപ്പറ്റി നന്നായി അന്വേഷിക്കാതെ നിന്നെ അവന്റെ കയ്യിൽ പിടിച്ചു കൊടുക്കില്ല,നീ പറഞ്ഞ തെളിവുകൾക്ക് എനിക്കൊന്നു കാണണം…. അച്ഛനോട് സംസാരിക്കണം… അതിനുശേഷം എന്താണെന്ന് തീരുമാനിക്കാം… പക്ഷേ അനന്ദുവിന്റെ കാര്യം ഞാൻ സമ്മതിക്കുമെന്ന് നീ പ്രതീക്ഷിക്കേണ്ട. ദീപ്തിയുടെ സ്വരം ഉറച്ചതാണെങ്കിലും എവിടെയൊക്കെയോ പ്രതീക്ഷയില്ലാത്ത ഒരു പ്രതീക്ഷ അവളിൽ ബാക്കി കിടന്നിരുന്നു..
” ഒരു കാര്യം ചെയ്യാം നിന്റെ കൂടെ ഞാനും വരാം വീട്ടിലേക്ക്, എന്നിട്ട് നാളെയോ മറ്റോ അവനെ ഒന്ന് കാണാം, എന്നിട്ട് അവന്റെ കയ്യിലിരിക്കുന്ന തെളിവുകൾ ഒക്കെ എനിക്കൊന്നു കാണണം,
ദിവ്യയ്ക്ക് അല്പം ആശ്വാസം തോന്നി..
” ചേച്ചിക്ക് തെളിവുകൾ കാണുമ്പോൾ മനസ്സിലാവും,എല്ലാ കാര്യങ്ങളും
” സമ്മതിച്ചു..! ഏതായാലും നീ റെഡി ആയിക്കോ, ഞാനും വരാം…
ദീപ്തി പറഞ്ഞു..
” ഞാൻ ഒരു ഫോൺ വിളിച്ചോട്ടെ….
മടിയോടെ ദിവ്യ ചോദിച്ചു..
” അവനെ ആയിരിക്കും…! ചേച്ചിക്ക് കാണണം എന്ന് പറയേണ്ട..? അതിനുവേണ്ടിയാണ്,
” എന്റെ മുന്നിൽ നിന്ന് വിളിക്കണം…
” വിളിക്കാം….
ദിവ്യ നിഷ്കളങ്ക ആയി…
ദീപ്തി ലോക്ക് മാറ്റി ഫോൺ ദിവ്യയ്ക്ക് നേരെ നീട്ടി,അവൾ പെട്ടെന്ന് നമ്പർ ഡയൽ ചെയ്തു…
” നമ്പർ ഒക്കെ കാണാപാടമാണല്ലേ..?
ദിവ്യ ചിരിച്ചു കാണിച്ചു.. അവളെ കൂർപ്പിച്ചു നോക്കി ദീപ്തി… ഒന്നുരണ്ടു റിങ്ങിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്… ട്രെയിനിന്റെ ചൂളംവിളി വ്യക്തമായിത്തന്നെ കേൾക്കാമായിരുന്നു…
” ഹലോ…
” അനുവേട്ട… ഞാൻ ആണ് ദിവ്യ….
ഒരു നിമിഷം ദീപ്തിയുടെ മുഖത്ത് നീരസം നിറയുന്നത് ദിവ്യ അറിഞ്ഞിരുന്നു, താൻ അവനെ അനു ഏട്ടാ എന്ന് സംബോധന ചെയ്തതാണ് അവളുടെ നീരസത്തിന് കാരണമെന്നും അവൾക്ക് മനസ്സിലായിരുന്നു,
” ഇതേതാ നമ്പര്…?
അവൻ ചോദിക്കുന്നത് ചെറുതായി ദീപ്തിക്കും കേൾക്കാമായിരുന്നു…
” ഇത് ചേച്ചിയുടെ നമ്പര് ആണ്…. ചേച്ചിയുടെ ഫോണിൽ നിന്ന് ആണ് ഞാൻ വിളിക്കുന്നത്, ഞാൻ ഇന്ന് വീട്ടിലേക്ക് പോവാ, അപ്പൊൾ കാണാൻ പറ്റുമോന്ന് ചേച്ചി ചോദിച്ചു…
” എന്തിനാ നിന്റെ ചേച്ചിക്ക് എന്നെ കണ്ടിട്ട്…?
,” ഞാൻ വിവേകിന്റെ കാര്യത്തെ പറ്റി ഒക്കെ ചേച്ചിയോട് പറഞ്ഞു,
” നന്നായി….
” പക്ഷേ ചേച്ചിക്ക് മുഴുവനായിട്ട് വിശ്വാസം വന്നിട്ടില്ല, അനുവേട്ടനെ കണ്ട് സംസാരിച്ചാൽ വിശ്വാസം വരുമെന്ന് പറഞ്ഞത്, ബുദ്ധിമുട്ടില്ലെങ്കിൽ നാളെ അമ്പലത്തിൽ വരാമോ…? ചേച്ചിയെ കാണാൻ,
” എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല അല്ലെങ്കിലും നിന്റെ വീട്ടിലുള്ള ആരെങ്കിലും ഒന്ന് കാണണമെന്ന് ഓർത്തിരിക്കുവാ ഞാൻ… ചേച്ചിയെങ്കിൽ ചേച്ചി, ആരെങ്കിലും ഒരാളെ കണ്ടു നമ്മുടെ കാര്യത്തെ പറ്റി സംസാരിക്കണം…
മറുപടി കേൾക്കെ ദേഷ്യം തോന്നിയെങ്കിലും ദീപ്തി സംയമനം പാലിച്ചു…”നമ്മുടെ കാര്യം” എന്ന അവന്റെ സംബോധന ദീപ്തിക്ക് ഇഷ്ടമായില്ലന്ന് ദിവ്യയ്ക്ക് തോന്നി… അനന്ദു ദിവ്യയെ വിവാഹം കഴിക്കുന്നതിനെ പറ്റി ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല ദീപ്തിക്ക്…
വിവേക് മോശക്കാരൻ ആണെങ്കിൽ ആ ബന്ധം വേണ്ട എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ,പക്ഷേ അനന്ദുവിന് ദിവ്യയെ കൊടുക്കില്ല എന്ന ഒരു തീരുമാനം കൂടി എടുത്തിട്ടുണ്ടായിരുന്നു ദീപ്തി… മതി എന്ന് അവൾ ആംഗ്യം കാണിച്ചു, അപ്പോൾ തന്ന ദിവ്യ ഫോൺ വെക്കുകയും ചെയ്തു,
രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് വന്നത്… രണ്ടുപേരും ഒരുമിച്ച് ആണ് വീട്ടിലേക്ക് വന്നത്, ദിവ്യയുടെ മുഖത്തെ പ്രസന്നത അമ്മ ശ്രദ്ധിച്ചു.. ദീപ്തി അമ്മയോട് ഒന്നും പറഞ്ഞിരുന്നില്ല, ദിവ്യ വന്നപ്പോൾ മുതൽ സന്തോഷത്തിൽ ആണെന്നും അമ്മയ്ക്ക് തോന്നിയിരുന്നു, ദീപക്കിനോടുള്ള അവളുടെ വഴക്കു മറ്റും കണ്ടപ്പോൾ തന്നെ അത് മനസ്സിലായിരുന്നു, ദീപ്തി ആകട്ടെ ചിന്തകളിൽ മുഴുകിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദിവ്യ ദീപ്തിയെ എന്തെങ്കിലും പറഞ്ഞ് മനസ്സു മാറ്റിച്ചോ എന്ന ഭയമായിരുന്നു അവരുടെ മനസ്സിൽ നിറയെ, വിശ്വൻ വീട്ടിൽ ഉള്ളതുകൊണ്ട് തന്നെ മകളോട് ഒന്നും തുറന്നു ചോദിക്കാനും സാധിക്കുന്നില്ല, കണ്ണുകൾകൊണ്ട് മകളോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു അമ്മ. ഒന്നുമില്ല എന്ന് അവൾ കണ്ണടച്ചു കാണിച്ചു, വ്യക്തമായ തെളിവുകളോടെ എന്തെങ്കിലും അറിയാതെ വിവേകിനെ കുറിച്ചുള്ള സംശയം അമ്മയോട് തുറന്നുപറയേണ്ട എന്ന് ദീപ്തി തീരുമാനിച്ചിട്ടുണ്ടായിരുന്നു.
ദിവ്യ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ കൊലക്കയറിലേക്ക് പറഞ്ഞുവിടുന്നത് പോലെയാണ് വിവേകുമായുള്ള ദിവ്യയുടെ വിവാഹമെന്ന ദീപ്തിക്ക് ഉറപ്പായിരുന്നു…
” നീ ഇന്ന് പോകുന്നുണ്ടോ.?
വിശ്വനാഥന്റെ ചോദ്യമാണ് ദീപ്തിയെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്…
” ഇല്ല അച്ഛാ, ഞാൻ നാളെ വൈകിട്ട് പോകുന്നുള്ളൂ….
” എങ്കിൽ പിന്നെ വേഷമൊക്കെ മാറ്, വന്നപാടെ ഇങ്ങനെ ഇരിക്കാതെ..
” ആഹ്.. അച്ഛാ…
അതും പറഞ്ഞ് അകത്തേക്ക് പോയിരുന്നു, ഒരു കോട്ടൺ നൈറ്റി അണിഞ്ഞവൾ വന്നപ്പോൾ കൊച്ചുമകന് ഭക്ഷണം കൊടുക്കുന്ന തിരക്കിലായിരുന്നു അമ്മ.
” എന്താടി വന്നപ്പോൾ മുതൽ നിന്റെ മുഖം ഇങ്ങനെ കടന്നൽ കുത്തിതുപോലെ… അവൾക്കാണെങ്കിൽ ആകെപ്പാടെ സന്തോഷം, ഉടനെ വിടില്ലന്ന് പറഞ്ഞിട്ട് പെട്ടെന്ന് എന്താണ് വന്നത്..?
” ഒന്നുമില്ല അവൾക്കിങ്ങ് പോണമെന്ന് പറഞ്ഞപ്പോൾ വന്നു, എനിക്ക് അവളെ അവിടെ പൂട്ടിയിടാൻ ഒന്നും പറ്റില്ലല്ലോ…
” ഇങ്ങനെ ഒന്നും അല്ലല്ലോ നീ പോകുമ്പോൾ പറഞ്ഞത്, ചേട്ടത്തിയും അനിയത്തിയും കൂടെ എന്തോ ഉറപ്പിച്ചിട്ടുണ്ട്… നീ അവളുടെ കൂടെ നിന്ന് എന്തെങ്കിലും വേണ്ടാതീനം കാണിക്കാൻ ആണ് ഉദ്ദേശം എങ്കിൽ പിന്നെ അമ്മേ നീ കാണില്ല..
സ്ഥിരം അമ്മമാരുടെ ആ ഡയലോഗ് പുറത്തിറക്കി അമ്മ.
” അമ്മയുടെ വർത്തമാനം കേട്ടാൽ തോന്നും അവളുടെ കല്യാണം നടത്താൻ ഞാൻ കൂട്ടു നിൽക്കുവാണെന്ന്, ഇത് ആദ്യം കണ്ടു പിടിച്ചത് തന്നെ ഞാൻ അല്ലേ, അങ്ങനെ എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് അമ്മയോട് പറയേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ.? എനിക്ക് മറ്റെന്തിനെക്കാളും വലുത് ദിവ്യയുടെ ഭാവിയാണ്, അനന്ദു ആണെങ്കിലും ശരി വിവേക് ആണെങ്കിലും ശരി നന്നായി അന്വേഷിക്കാതെ നമ്മുടെ കൊച്ചിനെ ഒരു വിവാഹജീവിതത്തിലേക്ക് പറഞ്ഞു അയക്കാൻ പാടില്ല.
” നീ എന്താ അങ്ങനെ പറഞ്ഞത്…? വിവേകിനെ എന്തെങ്കിലും കുഴപ്പമുണ്ടോ..? അവളെന്തോ പറഞ്ഞു നിന്റെ മനസ്സ് മാറ്റിയിട്ടുണ്ട്,
” അങ്ങനെ മനസ്സ് മാറ്റിയ മാറുന്ന പ്രായമാണോ ഇത്.. അതൊന്നുമല്ല വിവേക് ആണെങ്കിലും അവനെ പറ്റി നമുക്ക് ഒന്നുമറിയില്ല, പുറംനാട്ടിലൊക്കെ ജീവിക്കുന്നതല്ലേ.? നല്ല വ്യക്തമായി തന്നെ അവനെപ്പറ്റി അന്വേഷിക്കണം. നമ്മുടെ അമ്മായിയുടെ മോൻ ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല, ചക്കയോ മാങ്ങയോ അല്ലല്ലോ തുന്നിച്ചു നോക്കാൻ, നമ്മുടെ കൊച്ചിന്റെ ജീവിതം ആണ്… നന്നായി തിരക്കാതെ ഒരു കാര്യത്തിലേക്ക് നമ്മൾ ഇറങ്ങിപ്പുറപ്പെടാൻ പാടില്ല…
” എന്തൊക്കെയാ നീ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല….
” എനിക്കും ഒന്നും മനസ്സിലായിട്ടില്ല, എനിക്ക് എല്ലാം മനസ്സിലായി കഴിയുമ്പോൾ ഞാൻ അമ്മയോട് പറഞ്ഞു തരാം…
അതും പറഞ്ഞു അവൾ തിരികെ മുറിയിലേക്ക് പോയിരുന്നു, ദിവ്യ ഇപ്പോഴും ടിവി കണ്ടുകൊണ്ടിരിക്കുകയാണ്, അവളുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം കണ്ടിരുന്നു…
ഒരുപക്ഷേ താൻ ഒപ്പമുണ്ടെന്ന ഒരു വിശ്വാസം ആയിരിക്കും. ആ ഒരു വിശ്വാസം ഒരുപാട് നീണ്ടു പോകാൻ പാടില്ലന്നു നിർബന്ധം ദീപ്തിക്ക് ഉണ്ടായിരുന്നു. അവൾക്ക് മനസിലാകണം താനൊരിക്കലും അനന്ദുവുമായുള്ള അവളുടെ വിവാഹത്തിന് ഒപ്പം ഉണ്ടാവില്ലയെന്ന്… അവൾ ദിവ്യയുടെ അരികിലേക്ക് ചെന്നിരുന്നു,
” ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ… നീ എന്തിനാ ഇങ്ങനെ ഒരുപാട് സന്തോഷിക്കുന്നത്, ഞാൻ ഒരിക്കലും നീയും അവനും തമ്മിലുള്ള വിവാഹത്തിന് നിനക്ക് കൂട്ടുനിൽക്കില്ല, അത് നീ പ്രതീക്ഷിക്കേണ്ട,
” അങ്ങനെ ഒരു പ്രതീക്ഷയും എനിക്കില്ല ചേച്ചി… ഒരാളെങ്കിലും വിവേക്കിനെ പറ്റിയുള്ള നേർചിത്രം അറിയണം എന്ന് മാത്രമേ എനിക്കുള്ളൂ… ചേച്ചി എന്റെ കൂടെ നിന്നാലും ഇല്ലെങ്കിലും ഞാൻ അനുവേട്ടനെ മാത്രമേ വിവാഹം കഴിക്കു, ആളെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ എന്റെ ജീവിതത്തിൽ അങ്ങനെയൊന്നും ഉണ്ടാകുകയില്ല,
ഉറച്ചതായിരുന്നു അവളുടെ മറുപടി… ദീപ്തിയിൽ ആ മറുപടി ഒരു ഭീതി നിറച്ചിരുന്നു..
പിറ്റേന്ന് ദീപ്തി ആയിരുന്നു ആദ്യം ഒരുങ്ങിയത്… അന്ന് വൈകിട്ട് അവൾ ഉറങ്ങിയില്ല എന്ന് പറയുന്നതാണ് സത്യം.. വിവേകിനെക്കുറിച്ചുള്ള തുറന്നുപറച്ചിൽ അവളിൽ ഒരു വലിയ ആഘാതം സൃഷ്ടിച്ചിരുന്നു… വിവേക് അങ്ങനെയുള്ള ഒരു വ്യക്തിയാണെങ്കിൽ എങ്ങനെയാണ് വിശ്വസിച്ചവളെ അവന്റെ കൈകളിലേക്ക് കൊടുക്കുന്നത്..
അമ്പലത്തിലേക്ക് ചെന്ന് നടയിൽ തൊഴുത് പ്രാർത്ഥിക്കുമ്പോൾ ദീപ്തിയുടെ മനസ്സിൽ വിവേകിനെ പറ്റി മോശമായി ഒന്നും അറിയരുതെന്ന് പ്രാർത്ഥന ആയിരുന്നുവെങ്കിൽ പ്രിയപ്പെട്ടവനേ മാസങ്ങൾക്കുശേഷം കാണാൻ സാധിക്കുമല്ലോന്ന സന്തോഷമായിരുന്നു ദീപ്തിയുടെ ഉള്ളിൽ. ആൽത്തറയുടെ ഭാഗത്തേക്ക് വന്നപ്പോഴേ കണ്ടിരുന്നു കരിനീല നിറത്തിലുള്ള മുണ്ടും അതിനു ചേർന്ന ഷർട്ടും അണിഞ്ഞ് തങ്ങളെ നോക്കി നിൽക്കുന്നവനെ… മുഖത്ത് കട്ടിയുള്ള താടി രോമങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു, വെട്ടാതെ അലസമായി കിടക്കുന്ന മുടിയിഴകൾ അവന്റെ മാനസിക പ്രയാസം വിളിച്ചു കാണിക്കുന്നുണ്ടായിരുന്നു, ഉറക്കം നഷ്ടപ്പെട്ട കണ്ണുകൾ അത് തന്നെ ഓർത്തുള്ള ആവലാതി ആണെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു… ഒരു നിമിഷം ഓടിച്ചെന്ന് വാരിപ്പുണരാൻ അവൾക്ക് തോന്നി, പരസ്പരം മിഴികൾ ഉടക്കിയപ്പോൾ ഒരു നിമിഷം രണ്ടു നയങ്ങളും ഇണക്കളെ തിരിച്ചു അറിഞ്ഞു പരസ്പരം ആശയവിനിമയം ആരംഭിച്ചു.
കാത്തിരിക്കോയ്..