മരിച്ച ശേഷവും ജനിച്ച മണ്ണിനായി , ഭാരതത്തിനായി കാവൽ നിൽക്കുന്ന ഒരു സൈനികനുണ്ട് , ഹർഭജൻ ബാബ . ഇത് ഒരു പക്ഷെ വിശ്വാസമായിരിക്കാം ,എങ്കിൽ പോലും അൽപ്പം അഭിമാനത്തോടെ ഭാരത സൈനികർ പറയും മരണ ശേഷവും തന്റെ മണ്ണിനായി കാവൽ നിൽക്കുന്ന ഹർഭജൻ ബാബയെ കുറിച്ച്. ഇന്ത്യ-ചൈന നാഥുലാം അതിർത്തിയിൽ അങ്ങനെ ഒരു സൈനികനെ ജോലിക്ക് വിന്യസിച്ചിട്ടുണ്ട് ഇന്ത്യ . ഒരു നോക്ക് കൊണ്ട് പോലും ശത്രുരാജ്യങ്ങൾക്ക് തെല്ലിട പഴുതു നൽകാത്ത സൈനികൻ . 1941 മെയ് 14 ന് പഞ്ചാബിലാണ് ഹർഭജൻ സിംഗിന്റെ ജനനം . 1956ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ ഹര്‍ഭജന്‍ സിംഗ് 1968ല്‍ നാഥുലാം പ്രദേശത്ത് സേവനം നടത്തുന്നതിനിടെ തന്റെ 27-ാം വയസിലാണ് വീരമൃത്യു വരിച്ചത്.
അരുവിയില്‍ മുങ്ങിപ്പോയ അദ്ദേഹത്തിന്റെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് സ്വപ്നത്തില്‍ വന്ന് അദ്ദേഹം മൃതദേഹം കിടക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു എന്നും അതേ സ്ഥലത്ത് നിന്നുമാണ് പിന്നീട് മൃതദേഹം കണ്ടെത്താനായത് എന്നുമാണ് വിശ്വാസം. എന്നാൽ മരണശേഷവും പലര്‍ക്കും പലപ്പോഴായി ഹർഭജൻ സിംഗിന്റെ സാമീപ്യം അനുഭവപ്പെട്ടു തുടങ്ങി. ഇതോടെയാണ് ക്യാപ്റ്റൻ ഹർഭജൻ സിംഗ് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ആരാധിക്കുന്ന ബാബാ ഹർഭജൻ ആയത്. മരണശേഷവും സിംഗ് തന്റെ സൈനിക ജോലി തുടരുന്നുവെന്നാണ് ഇവരുടെ വിശ്വാസം. മിലിട്ടറി ക്യാംപുകളും താൻ ജോലിചെയ്തിരുന്ന അതിർത്തി പോസ്റ്റും ഒക്കെ സന്ദർശിക്കുന്ന ഹർഭജനെ പല സൈനികരും നേരിട്ട് കണ്ടതായും പറയപ്പെടുന്നു.അയാൾക്കായി അനുവദിച്ച റൂമിൽ പുതപ്പ് ചുളുങ്ങിയും ഷൂസ് ചെളിപുരണ്ട നിലയിലും കണ്ടതാണ് ഹർഭാജന്റെ സാമീപ്യത്തിന് തെളിവായി അവർ പറയുന്നത്.
സ്വപ്നത്തില്‍ അദ്ദേഹം പറഞ്ഞതനുസരിച്ചാണ് മന്ദിരം പണികഴിപ്പിച്ചത്. അതോടെ അദ്ദേഹത്തിന് ദൈവ പരിവേഷം ലഭിച്ചു. ഒരു പട്ടാളക്കാരന്റെ ദിനചര്യകളെല്ലാം ഇവിടെ ആചാരമായി നടപ്പാക്കി വരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് മുറിയടക്കം ഇവിടെയുണ്ട്. മറ്റു പട്ടാളക്കാരെപ്പോലെ എല്ലാവര്‍ഷവും അദ്ദേഹത്തിന് ലീവും ഉണ്ട്. എല്ലാ വര്‍ഷവും സെപ്തംബര്‍ 11ന് അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം പെട്ടിയിലാക്കി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് അദ്ദേഹത്തിന്റെ പേരില്‍ റിസര്‍വ്വ് ചെയ്ത സീറ്റില്‍ കയറ്റി പഞ്ചാബിലെ അദ്ദേഹത്തിന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ടു പോകുന്നു . അദ്ദേഹത്തിനായി ട്രെയിനിൽ ഒരു ബെർത്ത് ബുക്ക് ചെയ്യുമെങ്കിലും യാത്ര മുഴുവൻ ആ ബെർത്ത് കാലിയായിരിക്കും. ബാബ ലീവിലുള്ള സമയത്ത് സൈന്യം അതീവ ജാഗ്രതയിലായിരിക്കുമെന്നാണ് പറയുന്നത്. ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ചർച്ചകളിലും ബാബയ്ക്കായി ഒരു കസേര ഒഴിച്ചിട്ടിരിക്കും. ഹീറോ ഓഫ് നാഥുല എന്നാണ് ഹർഭജൻ വിശേഷിപ്പിക്കപ്പെടുന്നത്.
ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകള്‍ ഷൂസും വെള്ളക്കുപ്പികളും മന്ദിരത്തില് അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. അതാണ് പ്രധാന വഴിപാട്.ബാബയുടെ ഓഫീസ്, സ്റ്റോര്‍ റൂം, ലിവിംഗ് റൂം എന്നിങ്ങനെ മൂന്ന് മുറികളാണ് ക്ഷേത്രത്തിൽ. ബാബയ്ക്ക് വേണ്ട എല്ലാ അവശ്യ വസ്തുക്കളും ഇവിടെ ഉണ്ട്. കട്ടിൽ,ചെരിപ്പുകൾ, ഷൂസ്, തേച്ചു വച്ച യൂണിഫോം, കുട എന്നുവേണ്ട ഒരാൾ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്. മന്ദിറില്‍ നിന്നും കുറച്ചു ദൂരം പിന്നിട്ടാല്‍ സോങ്കോ തടാകത്തിലെത്തും. കണ്ണാടി പോലെ മിന്നുന്ന വെളളമാണിവിടെ. സമുദ്രനിരപ്പില്‍ നിന്നും 12,313 അടി ഉയരത്തിലാണ് ഈ തടാകം. ശൈത്യകാലത്ത് മഞ്ഞുറഞ്ഞ് കിടക്കും. ഓരോ കാലാവസ്ഥയിലും ഈ തടാകത്തിന്റെ നിറത്തിന് വലിയ വ്യത്യാസമുണ്ട്. അതു നോക്കി ബുദ്ധ സന്യാസിമാര്‍ ലക്ഷണങ്ങള്‍ പറയും. ഗാങ്ടോക്കില്‍ നിന്നും 40 കിലോമീറ്ററാണ് ഈ തടാകത്തിലേയ്ക്കുള്ളത്.
STORY HIGHLLIGHTS : who-is-harbhajan-baba