പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ ഭാഗമാണ് അന്ന ബെന്നും. അന്നയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. കെയ്റ എന്ന കഥാപാത്രമായി അന്ന വിസ്മയിപ്പിച്ചുവെന്ന് തന്നെയാണ് ഇതുവരെ സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്. ചെറുതെങ്കിലും മികച്ച റോളാണ് അന്നയുടേത്. ഇപ്പോഴിതാ ആ സിനിമയിലേക്ക് വന്ന അവസരത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടി.
കെയ്റ എന്ന കഥാപാത്രം എണ്ണയ്ക്ക് വലിയൊരു ഫാൻ ബേസ് ഉണ്ടാക്കിയിട്ടുണ്ട്. കൽകിയിലേക്ക് എത്തിയതിനെ കുറിച്ച് അന്ന പറയുന്നു. “ഒരു ദിവസം വൈജയന്തി മൂവീസിന്റെ മെയിൽ വന്നു. ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ട് എന്നും അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു എന്ന രീതിയിലുമാണ് കണ്ടന്റ് ഉണ്ടായിരുന്നത്.
ആദ്യം ഓർത്തത് സുഹൃത്തുക്കൾ പ്രാങ്ക് ചെയ്തത് ആണെന്ന്. വെറുതെ ഒന്ന് റിപ്ലൈ ചെയ്തു. അങ്ങനെ അവർ പറഞ്ഞു സംവിധായകനുമായി സൂം മീറ്റ് ചെയ്യണമെന്ന്. നാഗ് അശ്വിൻ ധാരാളം മലയാള സിനിമകൾ കാണുന്നതാണ്. എന്റെ ചില സിനിമകളും അദ്ദേഹം കണ്ടിട്ടുണ്ട്. അങ്ങനെയാണ് കൽകിയിൽ എത്തുന്നത്. ശരിക്കും ചാലഞ്ചിംഗ് ആയിരുന്നു.” അന്ന പറഞ്ഞു.
മലയാള സിനിമയിൽ ഏറ്റവും അടുത്ത സുഹൃത്ത് പാർവതി തിരുവോത്ത് ആണെന്ന് അന്നബെൻ. ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടാവുന്ന ഒരാളാണ് പാർവതി. ഏതൊരു പ്രശ്നത്തിലും പാർവതിയുടെ കൈയിൽ പരിഹാരമുണ്ടാവും. താൻ ഏറ്റവും അധികം ആരാധിക്കുന്നയാളാണ് പാർവതി എന്നും അന്ന പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയിലും പാർവതി എനിക്ക് അഭിമാനമാണ്. ആസിഫ് അലി, റോഷൻ മാത്യൂസ്, ദർശന രാജേന്ദ്രൻ, റീമാ കല്ലിങ്കൽ തുടങ്ങിയവരും അടുത്ത സുഹൃത്തുക്കളാണെന്ന് അന്ന ബെൻ കൂട്ടിച്ചേർത്തു.
വിനോദ് രാജിന്റെ സംവിധാനത്തിൽ അന്ന ബെന്നും സൂരിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് കൊട്ടുകാളി. 74ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഫോറം സെക്ഷനിലേക്ക് തിരഞ്ഞെടുത്ത സിനിമയാണിത്. ശിവ കാർത്തികേയനാണ് കൊട്ടുകാളിയുടെ പ്രൊഡ്യൂസർ. അദ്ദേഹത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും അന്ന സംസാരിക്കുന്നുണ്ട്.
“ശിവ കാർത്തികേയനെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ വെച്ച് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് വളരെ ആകാംഷയുള്ള സിനിമയാണിത്. വിനോദ് സാറിന്റെ അടുത്ത സുഹൃത്താണ് ശിവ കാർത്തികേയൻ. കൊട്ടുകാളിയുടെ കഥ കേട്ടപ്പോൾ തൊട്ട് അദ്ദേഹം വലിയ പ്രതീക്ഷയിലാണ്. ഇതുപോലൊരു കഥ അദ്ദേഹം ഇതുവരെ കേട്ടിട്ടില്ല, അതുപോലെ ഇത്തരമൊരു സിനിമ അദ്ദേഹം ഇതുവരെ ചെയ്തിട്ടുമില്ല. എന്നെ കൊണ്ട് സാധിക്കുന്ന പോലെ മികച്ച രീതിയിൽ അഭിനയിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞയുടൻ മൊത്തം ടീമും സിനിമ കണ്ടു.
ശിവ കാർത്തികേയൻ ഒരുപാട് ഇഷ്ടമായെന്ന് പറഞ്ഞു. അദ്ദേഹം ഇതുപോലൊരു സിനിമ ചെയ്തിട്ടില്ലെന്നാണ് എന്നോട് പറഞ്ഞത്. സിനിമയെ കുറിച്ച് നല്ല രീതിയിൽ സംസാരിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അദ്ദേഹം സൂരി സാറിന്റെയും അടുത്ത സുഹൃത്താണല്ലോ. എന്നാൽ സൂരി സാർ ഇങ്ങനെയൊരു കഥാപാത്രം ചെയ്ത് ഫലിപ്പിക്കുമെന്ന് അദ്ദേഹം കരുതിയില്ലെന്നും പറഞ്ഞു. ശിവ സാർ ശരിക്കും മികച്ചൊരു നിർമ്മാതാവാണ്. ക്രീയേറ്റീവ് സൈഡിൽ നിന്ന് ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ചും അദ്ദേഹം ചോദ്യം ചെയ്തിട്ടു പോലുമില്ല.
ഏത് കാര്യത്തിലും സിനിമക്കു വേണ്ടി 100 ശതമാനം സഹകരിച്ച നിർമ്മാതാവായിരുന്നു അദ്ദേഹം.” ശിവ കാർത്തികേയനെ കുറിച്ച് അന്നാ ബെൻ സംസാരിക്കുന്നു. അന്നയുടെ സിനിമാ കരിയറിലെ ഒരു നാഴികക്കലായിരിക്കും കൊട്ടുകാളി. അത്രക്കും മികച്ച പ്രകടനമാണ് കൊട്ടുകാളിയിലൂടെ അന്ന പകർന്നാടിയത്. ചിത്രം തിയേറ്റർ റിലീസ് ചെയ്തിട്ടില്ലെങ്കിലും വിവിധ മത്സരങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ ഇന്റർനാഷണൽ ലെവലിലേക്ക് പ്രശസ്തയായിരിക്കുകയാണ് അന്ന.
content highlight: anna ben about kalki