ഭക്ഷണ പ്രേമികളല്ലാത്തവര്‍ വളരെ കുറവായിരിക്കും നമ്മളുടെ ഇടയില്‍. പുതിയ തരത്തിലുള്ള ഭക്ഷണങ്ങള്‍ ട്രൈ ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ ആയിരിക്കും മിക്കവരും. ഇത്തരത്തിലുള്ളവര്‍ സ്ഥിരമായി ഭക്ഷണത്തിന്റെ റെസിപ്പി വീഡിയോകള്‍ കാണാറുണ്ട്. എന്നാല്‍ ഭക്ഷണത്തിന്റെ സവിശേഷതയോ റെസിപ്പിയുടെ പ്രത്യേകതകൊണ്ടോ ഒന്നുമായിരിക്കില്ല ചില വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ കൂടുന്നത്. ഒരു പരിധിവരെ അവതരിപ്പിക്കുന്ന ആളുടെ പെരുമാറ്റവും അയാള്‍ നില്‍ക്കുന്ന സാഹചര്യവും എല്ലാം ഇതിനെ സ്വാധീനിക്കുന്നു.
ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ വൈറല്‍ ആയിരിക്കുന്നത്. ഒരു യൂട്യൂബ് ബ്ലോഗര്‍ നീന്തലിനിടെ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്നുകൊണ്ട് ഒരു കുക്കുമ്പര്‍ സാലഡ് ഉണ്ടാക്കുന്ന റെസിപ്പി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷനേരങ്ങള്‍ക്കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. നിരവധി ലൈക്കുകളും കമന്റുകളും ഇതോടൊപ്പം വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
View this post on Instagram
കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കിടന്നുകൊണ്ട് ബ്ലോഗര്‍ ഒരു കപ്പിലേക്ക് വെള്ളരിക്ക ആദ്യം അരിഞ്ഞു ചേര്‍ക്കുന്നു. പിന്നീട് അതിലേക്ക് സോയ സോസ്, എള്ളെണ്ണ, വിനാഗിരി, വെളുത്തുള്ളി, അല്പം മുളക്, സോയാ സോസ്, എണ്ണ തുടങ്ങിയവയും ചേര്‍ക്കുന്നുണ്ട്. ശേഷം ഇവയെല്ലാം ഒരു അടപ്പ് വെച്ച് മൂടിയ ശേഷം നന്നായി കുലുക്കുന്നതും വീഡിയോയില്‍ കാണാം. തലയടക്കം വെള്ളത്തില്‍ മുങ്ങി നിന്നുകൊണ്ടാണ് ഈ ബ്ലോഗര്‍ ഈ സാലഡ് പാത്രം കുലുക്കുന്നത്. എന്തായാലും എല്ലാം നന്നായി മിക്‌സ് ചെയ്തതിന് ശേഷം അദ്ദേഹം പാത്രം തുറന്നു രണ്ടു മൂന്നു കുക്കുംബറിന്റെ പീസ് എടുത്ത് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘ഞാനിത് ശ്രമിച്ചുനോക്കി.. പക്ഷേ നടന്നില്ല, ഈ തടാകത്തില്‍ തന്നെ നിന്നുകൊണ്ട് ഉണ്ടാക്കണമെന്ന് നിര്‍ബന്ധമാണോ’എന്ന് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ‘ഇത് ഏത് ഒളിമ്പിക്‌സ് പരിപാടിയാണ്’, എന്നാണ് ഒരാളുടെ ചോദ്യം. ‘നിങ്ങള്‍ എങ്ങനെയാണ് ഇതിത്ര നിസ്സാരമായി ചെയ്യുന്നത്’, എന്ന് ഒരാള്‍ കുറിച്ചു. എന്നാല്‍ തടാകം മലിനമാക്കരുത് എന്ന തരത്തിലുള്ള വിമര്‍ശനാത്മകമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
STORY HIGHLIGHTS: Vlogger Makes Cucumber Salad While Floating On Lake