തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ വയനാട് മുണ്ടക്കൈയില്‍ അതിസാഹസികമായി മനുഷ്യരെ ദുരന്തത്തില്‍ നിന്നും രക്ഷിക്കാനിറങ്ങിയ ഒരു രജനികാന്തുണ്ട്. ദുരന്തമുഖത്ത് ആദിവാസി കുടുംബങ്ങളെ സുരക്ഷിതമായി എത്തിച്ച രജനീകാന്താണ് താരം. വയനാട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനാണ് ഈ രജനീകാന്ത്. രജനീകാന്തും സംഘവും ദുരന്തമുണ്ടായതിനു ശേഷം ആദിവാസി ഉന്നതികളില്‍ നിന്നും, അവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാന്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ പുറംലോകം ഇന്നും അറിഞ്ഞിട്ടില്ല.
പൊതു സമൂഹത്തിനു മുമ്പില്‍ ആദിവാസി സമൂഹത്തിന്റെ ഒറ്റപ്പെടലും, രക്ഷപ്പെടലുമൊന്നും കഥകളായില്ല. എന്നാല്‍, ഗുഹയില്‍ താമസിച്ച ആദിവാസി കുടുംബത്തെ രക്ഷിച്ച കഥ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. അവിടെയാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ജീവനക്കാര്‍ നിശബ്ദം നടത്തിയ വലിയ സംരക്ഷണത്തിന്റെ കഥ അറിയേണ്ടത്. നോക്കൂ, കാടിനുള്ളിലെ മലയിലാണ് ഉരുള്‍ പൊട്ടുന്നത്. ആ ഉരുള്‍ ഒഴുകുന്നത്, വനത്തിലൂടെയാണ്. അപ്പോള്‍ ദുരന്തം ആദ്യം സംഭവിക്കുക, വനത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്കാണ്.
അതിനു ശേഷമേ വനാതിര്‍ത്തിയിലും, നഗരത്തിലുമുള്ളവര്‍ക്ക് ബാധിക്കൂ. എന്നാല്‍, വനത്തിനുള്ളില്‍ താമസിച്ചിരുന്ന ഒരു ആദിവാസി വിഭാഗത്തിനു പോലും ഒന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല അവരുടെ വീടുകള്‍ക്കും ഒരു കേടുപാടും ഉണ്ടായില്ലെന്നതാണ് അത്ഭുതം. ദുരന്തത്തില്‍ ആദിവാസി ഉന്നതികളെല്ലാം ഒറ്റപ്പെട്ടുവെന്നത് ഒഴിച്ചാല്‍ അവര്‍ സുരക്ഷിതരാണ്. മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ആ ഭാഗത്തെ ആദിവാസികളെ രക്ഷിക്കുന്നതിന് ട്രൈബര്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനവും എടുത്തു പറയേണ്ടതാണ്. അന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് രജനീകാന്ത് അന്വേഷണം ന്യൂസിനോട്
ദുരന്തം, മാനസികാവസ്ഥ, രക്ഷാപ്രവര്‍ത്തനം, ആദിവാസി ഉന്നതികള്‍ ?
ജൂലായ് 30ന് പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടുന്നത്. അതുകൊണ്ടുതന്നെ പുറംലോകം ഒന്നുമറിഞ്ഞില്ല. എന്നാല്‍, പുലരുന്തോറും ഉരുളുകള്‍ വീണ്ടും വീണ്ടും പൊട്ടാന്‍ തുടങ്ങി. നേരം പുലര്‍ന്നപ്പോഴാണ് പൊട്ടിയ ഉരുളിന്റെ ഭീകരത മനസ്സിലായത്. അപ്പോഴേക്കും മുണ്ടക്കൈയും ചൂരല്‍മലയും ജഡങ്ങള്‍ കൊണ്ട് നിറഞ്ഞ ശ്മശാന ഭൂമിയായി മാറിക്കഴിഞ്ഞിരുന്നു. ചെളിയില്‍ പുതഞ്ഞു, പാറയ്ക്കിടയിലും, മരങ്ങള്‍ക്കിടയിലുമൊക്കെ മൃതദേഹങ്ങള്‍ വന്നടിഞ്ഞ് കിടക്കുന്നതാണ് കാണുന്നത്. ആദ്യം ഒരു മരവിപ്പായിരുന്നു. പിന്നെ, രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമായിരുന്നു. അന്നു തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇന്നും നിര്‍ത്താതെ തുടരുകയാണ്.
ഉന്നതികളിലെ (ആദിവാസി ഊരുകളെ ഉന്നതി എന്നാണ് പറയുന്നത്) എല്ലാപേരെയും സംരക്ഷിക്കുക എന്നതായിരുന്നു ആദ്യ കര്‍ത്തവ്യം. ഈ മേഖലയില്‍ ആകെ അഞ്ച് ഉന്നതികളാണുള്ളത്. ഉരുള്‍ പൊട്ടുന്നതിനു മുമ്പ് തന്നെ ഇവിടെ നല്ല മഴയായിരുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരന്തത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നു കണ്ട് ചൂരല്‍മലയിലെ മൂന്നു ഉന്നതികളിലുള്ളവര്‍ക്ക് ട്രൈബര്‍ വികസന വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഇവരെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥ ഉണ്ടായില്ല. ദുരന്തം വന്ന വഴിയിലോ, അതുമായി ബന്ധപ്പെടുന്ന സ്ഥലത്തോ അല്ല ഉന്നതികള്‍ സ്ഥിതി ചെയ്യുന്നത്. ”അംബേദ്ക്കര്‍ ഉന്നതിയും, അന്തിച്ചുവട് ഉന്നതിയിലും, പുതിയ വില്ലേജ് ഉന്നതിയിലുമായി” നൂറോളം കുടുംബങ്ങളുമുണ്ട്. അവര്‍ക്കൊന്നും ഒന്നും സംഭവിച്ചിട്ടില്ല എന്നത് വലിയ കാര്യം.
എന്നാല്‍, ദുരന്തം നേര്‍ക്കുനേര്‍ കണ്ട രണ്ട് ഉന്നതികളാണ് മുണ്ടക്കൈയിലുള്ളത്. ഏറാത്ത്കുണ്ട് ഉന്നതിയും, പുഞ്ചിരിമട്ടം ഉന്നതിയും. ഏറാത്ത് കുണ്ട് ഉന്നതിയില്‍ അഞ്ചു കുടുംബങ്ങളിലായി 33 പേരുണ്ട്. പുഞ്ചിരിമട്ടം ഉന്നതിയില്‍ അഞ്ച് കുടുംബങ്ങളിലായി 16 പേരുമുണ്ട്. ഇവരെയെല്ലാം ഉരുള്‍പൊട്ടുന്നതിനും രണ്ടു ദിവസം മുമ്പ് മാറ്റി പാര്‍പ്പിച്ചു. എന്നാല്‍, ഒരാള്‍ മാത്രം വന്നില്ല. ഈ ഉന്നതികളുടെ മുമ്പിലൂടെയാണ് ഉരുള്‍പൊട്ടി ഒലിച്ചിറങ്ങി അടിവാരത്തെല്ലാം തകര്‍ത്തു തരിപ്പണമാക്കി ശ്മശാനമായി മാറിയത്. എന്നാല്‍, മനസ്സിലാക്കേണ്ട ഒരു കാര്യം വനവാസികളുടെ കുടിലിന്റെ 40 മീറ്റര്‍ മാറി ഒഴുകിയ ഉരുള്‍, ഒരു കുടിലിനു പോലും ക്ഷതം വരുത്തിയിട്ടില്ല എന്നതാണ്. പക്ഷെ, ഉരുള്‍പൊട്ടല്‍ മൂലം അടിവാരത്തുള്ള പാലവും, റോഡും തോടും വീടുകളും കടകളും ഇല്ലാതായതോടെ ഉന്നതികള്‍ ഒറ്റപ്പെട്ടു പോയി എന്നു മാത്രം.
അപ്പോള്‍ ആ ഒരാള്‍ ? ചേന്നന്‍ എന്ന ആദിവാസി ?
അദ്ദേഹം ക്യാമ്പിലേക്കു വരാന്‍ തയ്യാറായില്ല. പക്ഷെ, അയാളുടെ ഭാര്യ വന്നു. അദ്ദേഹം വളര്‍ത്തുന്ന നായ്ക്കള്‍ അവിടെ കൂട്ടിലുണ്ടായിരുന്നതു കൊണ്ടാണ് അയാള്‍ ക്യാമ്പിലേക്കു വാരിതിരുന്നത്. അയാളുടെ പേര് ചേന്നന്‍ എന്നാണ്. ക്യാമ്പിലെത്തിച്ച ചേന്നന്റെ ഭാര്യ പിറ്റേ ദിവസം ചേന്നത് ഭക്ഷണം കൊടുക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് കാടു കയറി. ഇതിനു ശേഷമാണ് ഉരുള്‍പൊട്ടുന്നതും മുണ്ടക്കൈ ഒറ്റപ്പെടുന്നതും. എന്നാല്‍, ഉരുള്‍ പൊട്ടുമ്പോഴും മനുഷ്യരെ മണ്ണോടു ചേര്‍ത്തു ഞെരിച്ചുകൊണ്ട് പ്രകൃതി സംഹാര താണ്ഡവമാടിയപ്പോഴും ചേന്നനും ഭാര്യയും പുഞ്ചിരിമട്ടം ഉന്നതിയില്‍ തന്റെ വളര്‍ത്തു നായ്ക്കളൊപ്പം ഉണ്ടായിരുന്നു. അയാള്‍ക്കോ അയാളുടെ കുടിലിനോ വളര്‍ത്തു മൃഗങ്ങള്‍ക്കോ ഒന്നും സംഭവിച്ചില്ല. പുഞ്ചിരിമട്ടം ഉന്നതിയുടെ മുകളിലാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം.
കാട് കയറി ചേന്നനെയും ഭാര്യയെയും കണ്ടെത്താന്‍ നിര്‍ദ്ദേശം ?
രക്ഷാപ്രവര്‍ത്തനം നടക്കവെ ചേന്നനെയും ഭാര്യയെയും ഒഴികെ മറ്റെല്ലാവരെയും ക്യാമ്പിലെത്തിച്ചെന്ന് അറിയിച്ചെങ്കിലും ജില്ലാകളക്ടര്‍ നല്‍കിയ നിര്‍ദ്ദേശമാണ് അവരെ കണ്ടെത്തണമെന്നത്. ഇതിനിടയിലാണ് ഗുഹയില്‍ ഒറ്റപ്പെട്ടു പോയ കൃഷ്ണനെയും കുടുംബത്തെയും രക്ഷിക്കാന്‍ വനം-സൈന്യം-ഫയര്‍ഫോഴ്‌സ്-NDRF സംഘത്തിന്റെ സഹായം തേടിയത്. അവരെ രക്ഷാദൗത്യസേന രക്ഷിച്ചതോടെ ചേന്നനെയും ഭാര്യയെയും കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. രാത്രി, കൊടും കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടിവേണം ഓരോ ഉന്നതികളിലും എത്തേണ്ടത്. രാത്രിയില്‍ പുലി, ആന, കരടി എന്നിവയുടെ വിഹാര കേന്ദ്രമാണിവിടം. അതുമാത്രമല്ല, മാവോയിസ്റ്റ് ഭീഷണിയുമുള്ള സ്ഥലമാണ്. എങ്കിലും കാണാതായവരെ കണ്ടെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു സംഘത്തിനു മുന്നിലെ ഏക അജണ്ട. പുഞ്ചിരിമട്ടത്തെ ചേന്നന്റെ വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനു ശേഷം സംഘം തിരികെ കാടിറിങ്ങി. ക്യാമ്പിലെത്തി ചേന്നന്റെ ബന്ധുക്കളോട് ചോദിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ ചേന്നനും ഭാര്യയും ഉരുള്‍പൊട്ടലില്‍ പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലെത്തി.
ചേന്നന്‍ ജീവനോടെ ഉണ്ടെന്നറിഞ്ഞത് എങ്ങനെ ?
ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്നും ലഭിച്ച വിവരമാണ് ചേന്നനും ഭാര്യയും ജീവനോടെ ഉണ്ടെന്നു മനസ്സിലായത്. അങ്ങനെ വീണ്ടും സാഹസികമായ രണ്ടാമത്തെ തെരച്ചിലിനായി പുഞ്ചിരിമട്ടത്ത് എത്തി. പക്ഷെ, അന്നും ചേന്നനെ കണ്ടെത്താനായില്ല. എന്നാല്‍, ഊരുകളിലെ മറ്റു വീടുകളില്‍ നിന്നും അരിയും മറ്റു ഭക്ഷണ സാധനങ്ങളും എടുത്തുകൊണ്ടു പോകുന്നുണ്ടെന്നു മനസ്സിലാക്കി. പക്ഷെ, എവിടെയാണ് എന്നതു മാത്രം മനസ്സിലായില്ല. നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ട്. ഇതോടെ ചേന്നന്‍ ജീവനോടെയുണ്ടെന്ന് മനസ്സിലാക്കി. നിരാശരായ സംഘം കാടിറങ്ങി. ദൗത്യം ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചെങ്കിലും അവസാന മാര്‍ഗമെന്ന രീതിയില്‍ ചേനന്റെ മൊബൈല്‍ ഫോണ്‍വഴിയുള്ള ശ്രമം നടത്താന്‍ തീരുമാനിച്ചു.
അങ്ങനെ ക്യാമ്പിലെ ചേന്നന്റെ ബന്ധുക്കളോടും, സഹായികളോടും സംസാരിച്ചു. അവരെ വിളിക്കാറുണ്ടെന്നും കാര്യങ്ങള്‍ തിരക്കാറുണ്ടെന്നും അറിഞ്ഞു. അങ്ങനെ വീണ്ടും ചേന്നനെ കണ്ടെത്താനായി പോയി. പുഞ്ചിരിമട്ടത്തു നിന്നും രണ്ടു കിലോമീറ്റര്‍ മാറി റാണിമല എന്നൊരു സ്ഥലമുണ്ട്. അവിടെ നിറയെ യൂക്കാലിപ്റ്റസ് മരങ്ങള്‍ ഉള്ള ഇടമാണ്. ചേന്നന്‍ അവിടെ പോകാറുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ടു പോയി. എന്നാല്‍, അവിടെയും കണ്ടില്ല. പിന്നീട ഉരുള്‍പൊട്ടിയ മലയുടെ മുകളില്‍ ഒരു വലിയ പാറയുണ്ട്. അതിനു മുകളില്‍ ഉണ്ടാകുമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അവിടെ നോക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പാറയുടെ മുകളിലേക്കു പോയെങ്കിലും അവിടെയും ചേന്നനെയും ഭാര്യയെയും കണ്ടില്ല.
പിന്നെ ചേന്നനെയും ഭാര്യയെയും കണ്ടെത്തിയതെങ്ങനെ ?
കാട്ടില്‍ കൂട്ടം തെറ്റിയതു പോലെ ഒറ്റപ്പെട്ടു പോയതിനാല്‍ ചേന്നനും ഭാര്യയ്ക്കും കൂടുതല്‍ ദിവസം ഭക്ഷണം കിട്ടില്ലെന്നുറപ്പായിരുന്നു. അതുകൊണ്ടു തന്നെ ക്യാമ്പിലുള്ള ബന്ധുക്കളെ വെച്ച് ഒരു പ്ലാന്‍ തയ്യാറാക്കി. ഭക്ഷണം കുടിലില്‍ കൊണ്ടു വെച്ചേക്കാമെന്നും വന്ന് എടുത്തോളാന്‍ ചേന്നനോട് ഫോണില്‍ വിളിച്ച് അറിയിക്കാനും, ബന്ധുക്കളെ ചട്ടംകെട്ടിച്ചു. പക്ഷെ, ഭക്ഷണം എടുക്കാന്‍ വരുന്ന സമയം പറയണമെന്ന് പ്രത്യേകം പറയാനും പറഞ്ഞേല്‍പ്പിച്ചു. ഈ പ്ലാന്‍ വര്‍ക്കൗട്ടായി. ചേന്നന്‍ ഭക്ഷണമെടുക്കാന്‍ കുടിലില്‍ എത്തിയപ്പോള്‍ ദൗത്യ സംഘം ചേന്നനെ പിടികൂടുകയായിരുന്നു. അപ്പോഴും ചേന്നന്‍ ഭക്ഷണവും കൊണ്ടു വരുമെന്ന പ്രതീക്ഷയില്‍ ചേന്നന്റെ ഭാര്യ രണ്ടുകിലോമീറ്റര്‍ ഉള്ളില്‍ കാട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇരുവരെയും കൊണ്ടാണ് ട്രൈബല്‍ വകുപ്പിന്റെ ദൗത്യ സംഘം വനമിറങ്ങിയത്.
ചേന്നനെ മെരുക്കാന്‍ മന്ത്രിയുടെ തന്ത്രമോ ?
ചേന്നനെയും ഭാര്യയെയും കണ്ടെത്താന്‍ അവസാനവട്ട ശ്രമം നടത്തിയപ്പോള്‍ വനംമന്ത്രി എ.കെ. ശശീന്ദനും, റവന്യൂമന്ത്രി കെ. രാജനും പുഞ്ചിരിമട്ടം ഉന്നതിയിലെത്തിയിരുന്നു. അപ്പോഴാണ് ചേന്നന്‍ ഭക്ഷണമെടുക്കാന്‍ വീട്ടിലെത്തുന്നത്. ഞങ്ങള്‍ നിര്‍ബന്ദിച്ചിട്ടൊന്നും ചേന്നന്‍ കാടുവിട്ടു വരാന്‍ തയ്യാറല്ലായിരുന്നു. അപ്പോള്‍ തോന്നിയൊരു ആശയമായിരുന്നു, മന്ത്രിമാര്‍ സംസാരിച്ചാല്‍ വരുമെന്ന്. അങ്ങനെ മന്ത്രിയോട് ആവശ്യം പറഞ്ഞു. അപ്പോഴാണ് ചേന്നന്‍ വരാത്തതിന്റെ രഹസ്യം പറഞ്ഞത്. ഒരു തേന്‍കൂട് കാട്ടില്‍ കണ്ടുവെച്ചിട്ടുണ്ട്. അതെടുത്തിട്ട് വരാം എന്നായി ചേന്നന്‍. ചേനെടുക്കാന്‍ തിരിച്ചു വരാമെന്നും ചേന്നന്റെ കൈയ്യിലെ എല്ലാ തേനും മന്ത്രി വാങ്ങിക്കോളാമെന്നും പറഞ്ഞതോടെയാണ് ചേന്നന്‍ കൂടെ വരാമെന്ന് സമ്മതിച്ചത്. അങ്ങനെ ദുരന്ത മേഖലയിലെ എല്ലാ ആദിവാസി വിബാഗക്കാരെയും സുരക്ഷിതമാക്കാന്‍ സാധിച്ചു.
ഉന്നതികള്‍ക്ക് ദുരന്തത്തില്‍ ഒന്നും സംഭവിച്ചില്ലേ ?
അതാണ് വലിയ അത്ഭുതം. അവര്‍ പ്രകൃതിയുടെ സ്വന്തമല്ലേ. അവരെയോ, അവരുടെ വാസസ്ഥലങ്ങളെയോ ഉരുള്‍ തൊട്ടില്ല. എല്ലാ വീടുകളും അവിടെ തന്നെയുണ്ട്. പുഞ്ചിരിമട്ടത്തെ ഉന്നതിയുടെ 40 മീറ്റര്‍ അകലെക്കൂടിയാണ് ഉരുള്‍ സര്‍വ്വനാസം വിതച്ച് ഒഴുകിയത്. എന്നിട്ടും, ഊരിലെ ഒരു വീടിനു പോലും കേടുപാടില്ല. വളര്‍ത്തു മൃഗങ്ങള്‍ ചത്തില്ല. മനുഷ്യര്‍ക്കൊന്നും ജീവഹാനി ഉണ്ടായില്ല. പ്രകൃിതയുമായി ചേര്‍ന്നാണ് അവരുടെ ജീവിതം തന്നെ. അതുകൊണ്ട് പ്രകൃതിക്കു ദോഷം ചെയ്യുന്നതൊന്നും അവര്‍ചെയ്യില്ല. ഉന്നതികളിലെ വീടുകള്‍ പോലും ട്രൈബര്‍ വികസന വകുപ്പിന്റെ നിര്‍മ്മാണമാണ്. നോക്കൂ, ഉരുള്‍പൊട്ടിയപ്പോള്‍ രക്ഷപ്പെടുത്തിയ കൃഷ്ണനും കുടുംബവും ഗുഹയിലാണ് താമസിച്ചിരുന്നത്. അഴര്‍ക്കൊന്നും ഒരു പോറല്‍പോലും ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ടു പോയി എന്നതൊഴിച്ചാല്‍. അതാണ് കാടിന്റെ മക്കള്‍. അവര്‍ക്ക് ഒന്നും സംഭവിക്കില്ല.
അവരെന്താണ് ക്യാമ്പുകളിലേക്ക് മാറാന്‍ മടി കാണിക്കുന്നത് ?
കാടും അവര്‍ താമസിക്കുന്ന ഊരും വിട്ട് മറ്റൊരിടത്തേക്ക് അവര്‍ക്കു പോകാനാവില്ല. അവരുടെ ആചാരങ്ങള്‍, ദൈവങ്ങള്‍, പൂര്‍വ്വികര്‍, മണ്ണ്, കൂട്ടര്‍ അങ്ങനെ അവരെ അവിടെ പിടിച്ചു നിര്‍ത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഇപ്പോഴും പുറം ലോകം കാണാത്തവര്‍ വരെയുണ്ട് ആ ഉന്നതികളില്‍. ജീവിക്കുകയാണെങ്കില്‍ ആ മണ്ണില്‍, മരിക്കുയാണെങ്കിലും ആ മണ്ണില്‍ കിടന്നു തന്നെ. ഇതാണ് അവരുടെ രീതി. അതുകൊണ്ട് ദുരന്ത സമയത്തൊക്കെ ക്യാമ്പുകളിലേക്ക് മാറാന്‍ പറഞ്ഞാല്‍ അവര്‍ മാറില്ല. അഥവാ മാറ്റിയാല്‍, അഴര്‍ തിരിച്ചു കാടു കയറുകയും ചെയ്യും. പിന്നെ, ഉന്നതികളില്‍ ഞങ്ങള്‍ പോകുമ്പോള്‍ അഴര്‍ വിചാരിക്കുന്നത്, ഉപദ്രവിക്കാന്‍ വരുന്നവരാണെന്നാണ്. അവരുടെ സ്ഥലങ്ങള്‍ കൈയ്യേരാന്‍ വരുന്നവരാണെന്നും തെറ്റിദ്ധരിക്കാരുണ്ട്. എന്തു സംഭവിച്ചാലും അവര്‍ കാടുവിട്ടിറങ്ങില്ല.
ഇനി എപ്പോഴാണ് അവരെ ഉന്നതിയിലേക്ക് വിടുക ?
സര്‍ക്കാര്‍ തീരുമാനിക്കുന്നതനുസരിച്ചായിരിക്കും. എങ്കിലും അധിക കാലം അവരെ പിടിച്ചു നിര്‍ത്താനാകില്ല. സര്‍ക്കാര്‍ പദ്ധതി ടൗണ്‍ഷിപ്പാണ്. എന്നാല്‍, ആദിവാസി സമൂഹം ടൗണ്‍ഷിപ്പിലൊന്നും ജീവിക്കില്ല. അവര്‍ക്ക് കാടില്ലാതെ പറ്റില്ല. ഇത് ജില്ലാ ഭരണാധികാരികളോട് അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് അവരുടെ ഉന്നതികളില്‍ ജീവിക്കുന്നതു പോലെ മറ്റൊരിടത്തും കഴിയാനാകില്ല. എന്നാല്‍, ദുരന്തസാധ്യതാ പ്രദേശമായതിനാല്‍ മുണ്ടക്കൈയിലെ ഉന്നതികള്‍ക്കു പകരം മറ്റൊരു സരക്ഷിത കാട് കണ്ടെത്താന്‍ ശ്രമിച്ചാല്‍ നല്ലത്. എന്നാല്‍, അവിടേക്ക് ഇവര്‍ പോകുമോ എന്നത് മറ്റൊരു പ്രശ്‌നമാണ്.
മുണ്ടക്കൈ ഉരുല്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് രണ്ടാഴ്ച പിന്നിടുമ്പോള്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം ആദിവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആലോചനയിലാണ്. ദുരന്ത മേഖലയിലെ രക്ഷാ ദൗത്യത്തിലും പങ്കെടുക്കുന്നുണ്ട്. ക്യാമ്പിലുള്ളവര്‍ക്ക് മുടങ്ങാതെ ഭക്ഷണമെത്തിക്കാനും രജനീകാന്തും സംഘവം സര്‍വ്വസജ്ജമായി ഇവിടെയുണ്ട്.
CONTENT HIGHLIGHTS;Rajinikanth became a superstar in Mundakai: The adventure that found Chennen and his wife will be thrilling Interview (Special Story)