History

“നിഗൂഢതയുടെ തടാകം” ; ഇന്നും ചുരുളഴിയാത്ത രഹസ്യമായി രൂപ്കുണ്ഡ് | the-unsolved-mystery-of-skeleton-lake-roopkund-in-uttarakhand

രൂപ്കുണ്ഡ് തടാകത്തിലും പരിസരത്തുമായി മനുഷ്യരുടെ ഒട്ടേറെ അസ്ഥികൂടങ്ങള്‍ ചിതറിക്കിടക്കുന്നു

ചുരുളഴിയാത്ത നിരവധി രഹസ്യങ്ങൾ ഇന്നും ഈ ഭൂമിയിലുണ്ട്. അതിൽ ഏറ്റവും പ്രധാനമായതാണ് അസ്ഥികൂടങ്ങൾ നിറഞ്ഞ ഒരു തടാകം. ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന രൂപ്കുണ്ഡ് തടാകത്തിലും പരിസരത്തുമായി മനുഷ്യരുടെ ഒട്ടേറെ അസ്ഥികൂടങ്ങള്‍ ചിതറിക്കിടക്കുന്നു. വിചിത്രമായ ഈ കാഴ്ച പുറം ലോകം അറിഞ്ഞത് മുതൽ ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളിലേക്കുള്ള ഗവേഷകരുടെ യാത്ര ആരംഭിക്കുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലുകളില്‍ ഏകദേശം അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങൾ ഇവിടെനിന്നും കിട്ടി. രൂപ്കുണ്ഡ് തടാകത്തിന്, “നിഗൂഢതയുടെ തടാകം” എന്നും “അസ്ഥികൂടങ്ങളുടെ തടാകം” എന്നുമൊക്കെ പേരു കിട്ടി.തടാകപ്രദേശത്ത് കണ്ടെത്തിയ അസ്ഥികൂടങ്ങളുടെ ഉറവിടത്തെച്ചൊല്ലി ഒട്ടേറെ കഥകള്‍ പ്രചരിച്ചു. 1841-ൽ ടിബറ്റിൽ നടന്ന ഒരു യുദ്ധത്തിനു ശേഷം മടങ്ങിവരികയായിരുന്ന കശ്മീരി പട്ടാളക്കാർ വഴിതെറ്റി ഈ തടാകത്തിനടുത്തെത്തിയപ്പോൾ അപകടത്തിൽ അകപ്പെട്ടുപോയതാണ് എന്നൊരു കഥയുണ്ട്. ഏതെങ്കിലും പകര്‍ച്ചവ്യാധിയോ മഞ്ഞുവീഴ്ചയോ കാരണം മരിച്ച ജാപ്പനീസ് സൈനികരുടെയോ സിൽക്ക് റോഡിലെ ടിബറ്റൻ വ്യാപാരികളുടേതോ ആയിരിക്കാം ഈ അസ്ഥികളെന്നും കരുതിയിരുന്നു.

ഹിമാലയ തീർത്ഥാടനത്തിനു പോയ ഒരു കന്യാകുബ്ജരാജാവിന്‍റെ സംഘത്തെ, പരിതന്‍റെ സരങ്ങൾ അശുദ്ധമാക്കിയതില്‍ കോപിച്ച് നന്ദാദേവി പർവതം ആലിപ്പഴം വർഷിച്ച് കൊന്നൊടുക്കിയതാണ് എന്നാണ് മറ്റൊരു കഥ. ഇവിടെ നിന്നും ലഭിച്ച ചില അസ്ഥികൂടങ്ങളുടെ തലയോട്ടികളില്‍ ആലിപ്പഴം വീഴുന്നതു മൂലമുണ്ടായ ക്ഷതങ്ങളുടെ അടയാളങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചിരുന്നു. 1960- കളിൽ, ഇവിടെനിന്ന് ശേഖരിച്ച ഏതാനും അസ്ഥിശകലങ്ങൾ കാർബൺ ഡേറ്റിങ്ങിന്ന് വിധേയമാക്കിയപ്പോൾ, അവര്‍ ജീവിച്ചിരുന്നത് സി.ഇ. 12-15 നൂറ്റാണ്ടുകൾക്കിടയിലാകാമെന്ന് ഗവേഷകര്‍ അനുമാനത്തിലെത്തി. പിന്നീട് 2004- ൽ വീണ്ടും അസ്ഥിശകലങ്ങളും മാംസഭാഗങ്ങളും ശേഖരിച്ച് ഓക്സ്ഫഡ് സർവകലാശാലയിൽ പഠനവിധേയമാക്കിയപ്പോൾ അവയുടെ കാലം സി.ഇ 850-880 കാലഘട്ടത്തിന്‍റെ ഇടക്കായിരിക്കുമെന്നും നിരീക്ഷണമുണ്ടായി.എന്നാല്‍, ഒരേ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ അല്ല ഇവിടെ മരിച്ചത്. ഇവിടെ നിന്നും കിട്ടിയ 38 അസ്ഥികൂടങ്ങൾ പരിശോധിച്ചപ്പോള്‍, അവ ജനിതകപരമായി വ്യത്യസ്തമായ മൂന്ന് ഗ്രൂപ്പുകളുടേതാണെന്നും 1,000 വർഷത്തിനിടയിൽ പലതവണയായി തടാകത്തിൽ നിക്ഷേപിച്ചതാണെന്നും മറ്റൊരു പുതിയ പഠനം കണ്ടെത്തി.

ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ ഒരു ദക്ഷിണേഷ്യൻ സംഘത്തിന്‍റെയും 19ാം നൂറ്റാണ്ടിൽ മരണമടഞ്ഞ ക്രീറ്റ് ദ്വീപിൽ നിന്നുള്ള കിഴക്കൻ മെഡിറ്ററേനിയൻ വംശജരുടെ ഒരു പുതിയ സംഘത്തെയും അസ്ഥികളില്‍ നിന്നും തിരിച്ചറിഞ്ഞു. കൂടാതെ 19- ആം നൂറ്റാണ്ടിൽ നിന്നുള്ള ഒരു തെക്ക്കിഴക്കൻ ഏഷ്യൻ സംഘത്തിന്‍റെയും അസ്ഥികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. രൂപ്കുണ്ഡ് തടാകത്തിൽ ഇന്ത്യൻ വംശജരല്ലാത്ത ആളുകളുടെ സാന്നിധ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന പുതിയ തെളിവുകൾ ഞെട്ടിക്കുന്നതായിരുന്നു, കാരണം ആധുനിക കിഴക്കൻ മെഡിറ്ററേനിയൻ ജനതയുമായി വംശപരമ്പരയിൽ ഏറ്റവുമധികം പൊരുത്തമുള്ള ഈ ആളുകൾ ആരാണെന്നും ഹിമാലയത്തിന്‍റെ ഈ വിദൂര ഭാഗങ്ങളിൽ അവർ എന്താണ് ചെയ്തിരുന്നതെന്നും വിശദീകരിക്കാൻ ചരിത്രപരമായ തെളിവുകളൊന്നുമില്ല. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഏറ്റവും അടുത്തുള്ള ഗ്രാമത്തില്‍ നിന്നും അഞ്ച് ദിവസം നീളുന്ന യാത്രയാണ് തടാകത്തിലേക്ക്. ഏകദേശം 50 കിലോമീറ്ററിലധികം താണ്ടി വേണം ഇവിടെയെത്താന്‍.

പരമ്പരാഗത വീടുകള്‍ നിറഞ്ഞ ഹിമാലയൻ ഗ്രാമങ്ങളിൽ നിന്ന് പുറപ്പെട്ട്, കോടമഞ്ഞും പായലും നിറഞ്ഞ ഓക്ക് വനങ്ങളിലൂടെ ഈ പാത കടന്നുപോകുന്നു.പിന്നീട് ഹിമാലയത്തിൽ 3,300 മീറ്റർ ഉയരത്തിൽ മാത്രം കാണപ്പെടുന്ന, വിശാലമായ കാട്ടുപൂക്കൾ നിറഞ്ഞ ബുഗ്യാൽ എന്ന ആൽപൈൻ മേച്ചിൽപ്പുറങ്ങളിലൂടെ സഞ്ചരിക്കുന്നു. ഇവിടെ നിന്നും നോക്കിയാല്‍ ഹിമാലയൻ കൊടുമുടികള്‍ ദൃശ്യമാകും. ട്രെക്കിങ്ങിന്റെ ഏറ്റവും ഉയർന്ന പോയിന്‍റ് 5,000 മീറ്റർ ഉയരത്തിലുള്ള ജുനാർഗലി ആണ്, കത്തിയുടെ അറ്റം പോലെയുള്ള ഒരു കൊടുമുടിയാണ് ഇത്. ഈ കുന്നിന് 200 മീറ്റർ താഴെയാണ് രൂപ്കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന്ന് തീർത്ഥാടകർ പോകാറുള്ള വഴിയിലാണ് ഈ തടാകം. രൂപ്കുണ്ഡ് തടാകം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ഇവിടെ നിന്നുള്ള അസ്ഥികള്‍ പെറുക്കി കൂടെ കൊണ്ടുപോകുന്നത് സാധാരണമായിരുന്നു. ഇത് പിന്നീടുള്ള ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും തടസ്സമാകുമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കി. അസ്ഥികൂടങ്ങൾ സംരക്ഷിക്കുന്നതിനായി ഈ പ്രദേശത്തെ ഒരു ഇക്കോ-ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഏജൻസികൾ നടത്തിവരുന്നുണ്ട്.വർഷത്തിൽ ഭൂരിഭാഗവും തടാകം മഞ്ഞുമൂടിക്കിടക്കും. സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ വരെയുള്ള ശരത്കാലമാണ് ഇവിടെ ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയം.

the-unsolved-mystery-of-skeleton-lake-roopkund-in-uttarakhand