Entertainment

‘പരിഗണിക്കാന്‍തക്ക നിലവാരമില്ല’; ഇത്തവണ മികച്ച കുട്ടികളുടെ ചിത്രം ഇല്ല-no best children films award

കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ നാല് ചിത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കാണ്ടതിന് ശേഷമാണ് ചിത്രങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.

എന്നാല്‍ ഇത്തവണത്തെ പുരസ്‌ക്കാരത്തില്‍, മികച്ച കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തില്‍ നാല് ചിത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാല്‍ ഫീച്ചര്‍ ഫിലിമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കാന്‍ തക്കനിലവാരമുള്ളവയായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. അതിനാല്‍ ഈ വിഭാഗത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല.

മികച്ച ചിത്രത്തിനുളള അവാര്‍ഡ് ലഭിച്ചത് കാതല്‍ (സംവിധാനം ജിയോ ബേബി) എന്ന സിനിമയ്ക്കാണ്. മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്). മികച്ച സംവിധായകന്‍: ബ്ലസ്സി (ആടുജീവിതം). മികച്ച നടന്‍ പൃഥ്വിരാജ് (ആടുജീവിതം). മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്). മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍ (പൂക്കാലം). മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രന്‍ (പൊമ്പിളൈ ഒരുമൈ). മികച്ച ബാലതാരം (ആണ്‍): അവ്യുക്ത് മേനോന്‍ (പാച്ചുവും അത്ഭുതവിളക്കും).മികച്ച ബാലതാരം (പെണ്‍): തെന്നല്‍ അഭിലാഷ് (ശേഷം മൈക്കില്‍ ഫാത്തിമ).. ഇങ്ങനെ നീളുന്നു സംസ്ഥാന അവാര്‍ഡുകള്‍.

STORY HIGHLIGHTS: no best children films award