മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമായ മണിച്ചിത്രത്താഴിന്റെ റീ റിലീസ് നാളെയാണ്. മോഹന്‍ലാലിന്റെ സ്ഫടികം, ദേവദൂതന്‍ എന്നീ സിനിമകള്‍ ഇതിനുമുന്‍പ് റീ റിലീസ് ചെയ്തിരുന്നു, ഈ രണ്ടു സിനിമകള്‍ക്കും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചതും. ഇപ്പോള്‍ ഇതാ മോഹന്‍ലാലിന്റെ അടുത്ത ചിത്രമാണ് നാളെ തീയേറ്ററുകളില്‍ എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ മണിച്ചിത്രത്താഴ് നാളെ തീയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യുന്നത്.
സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്‌സില്‍ അധിക ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് മറ്റ് ജില്ലകളിലെ തിയറ്ററുകളിലും ലഭ്യമായി കൊണ്ടിരിക്കുന്നത്. ക്ലാസിക് മലയാള സിനിമയുടെ ആരാധകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ട്രീറ്റാണ് സിനിമ വീണ്ടും നല്‍കാന്‍ പോകുന്നത്. ഡോള്‍ബി അറ്റ്‌മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ അങ്ങനെ വീണ്ടും ഒരു ദൃശ്യ അനുഭൂതി പ്രേക്ഷകര്‍ക്കായി ഒരുക്കുകയാണ്.
1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായി തുടരുന്നു. മധു മുട്ടം തിരക്കഥ രചിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട, എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഈ ചിത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Manichitrathazhu re-release tomorrow