Celebrities

‘അവാര്‍ഡ് പ്രഖ്യാപനത്തില്‍ സങ്കടം തോന്നിയത് ഒരു കാര്യത്തില്‍ മാത്രമാണ്’: ബ്ലെസി-Director Blessy about  kerala state film awards

ഗോകുലിന് അവാര്‍ഡ് കിട്ടിയതാണ് ഏറെ സന്തോഷമുള്ള കാര്യം

തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡുകളിലെ പ്രധാന അവാര്‍ഡുകളെല്ലാം ആടുജീവിതത്തിന് കിട്ടിയതില്‍ സന്തോഷമെന്ന് സംവിധായകന്‍  ബ്ലെസി. ഗോകുലിന് അവാര്‍ഡ് കിട്ടിയതാണ് ഏറെ സന്തോഷമുള്ള കാര്യം. എന്നാല്‍ സിനിമയുടെ പാട്ടുകള്‍ പരിഗണിക്കാതെ പോയതില്‍ വിഷമമുണ്ടെന്നും ബ്ലെസി പറഞ്ഞു.

എആര്‍ റഹ്‌മാനായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത്. എന്നാല്‍ ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും ബ്ലെസി പറഞ്ഞു. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകന്‍. ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ നജീബിന്റെ യാതനകള്‍ ഒപ്പിയെടുത്ത സുനില്‍ കെ. എസ് ആണ് മികച്ച ഛായാ ഗ്രാഹകന്‍. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ( അവലംബിത തിരക്കഥ)ബ്ലെസി സ്വന്തമാക്കി. ചിത്രത്തില്‍ ഹക്കീമായി വേഷമിട്ട കെ.ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്‌കാരമുണ്ട്. റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ എന്നിവര്‍ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.

160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കണ്ടതിന് ശേഷമാണ് ചിത്രങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.

STORY HIGHLIGHTS: Director Blessy about  kerala state film awards