ബ്യൂട്ടിപാര്‍ലറുകളില്‍ പോയി എത്ര് ബ്യൂട്ടി പ്രൊഡക്ട്‌സ് ഉപയോഗിച്ചാലും അതുവഴി ഉണ്ടാകുന്ന തിളക്കം വെറും താല്‍ക്കാലികം മാത്രമായിരിക്കും. കൈയ്യില്‍ നിന്ന് കാശ് ഇറങ്ങുന്നതിനും ഒരു കുറവും ഉണ്ടാവില്ല. തിളക്കമാര്‍ന്ന ചര്‍മ്മം എന്നത് പോലെ തന്നെ ആരോഗ്യകരമായ ചര്‍മ്മം എന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ യുവതലമുറയുടെ തിരക്കേറിയ ജീവിതവും ജീവിതശൈലിയും കാരണം പലര്‍ക്കും ആരോഗ്യകരമായ ചര്‍മ സംരക്ഷണം ഇല്ല.
കാശ് ചെലവാക്കി നമ്മുടെ മുഖം തിളക്കണമെന്നുണ്ടെങ്കില്‍ കൈയ്യിലുള്ള കാശ് ഒരുപക്ഷേ അതിന് മാത്രമേ തികയുകയുള്ളൂ. എന്നാല്‍ വീട്ടില്‍ ഇരുന്നുകൊണ്ടും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടും നമ്മുടെ ചര്‍മ്മം ആരോഗ്യകരവും തിളക്കം മാര്‍ന്നതുമാക്കാം. ഭക്ഷണം കഴിക്കുന്നതില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി.. ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെ നമുക്ക് പരിചയപ്പെടാം
മത്തങ്ങ
ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ (എ, സി), ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങകളില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പുതിയ ചര്‍മ്മകോശങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമാണ്. കൂടാതെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും തുറന്ന സുഷിരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
തക്കാളി
വിറ്റാമിന്‍ എ, കെ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയില്‍ നിറഞ്ഞിരിക്കുന്നു. തക്കാളി സുഷിരങ്ങള്‍ ശക്തമാക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു. ഇത് പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ ആയും പ്രവര്‍ത്തിക്കുന്നു.
തണ്ണിമത്തന്‍
95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ വിറ്റാമിനുകളായ എ, ബി, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
പൈനാപ്പിള്‍
വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവ അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.
സ്ട്രോബെറി
ആല്‍ഫ ഹൈഡ്രോക്സില്‍ ആസിഡാല്‍ സമ്പന്നമായതിനാല്‍ സ്ട്രോബെറി ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. സ്‌ട്രോബെറി കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു, വിറ്റാമിന്‍ സിയുടെ സാന്നിധ്യം മൂലം നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.
മാമ്പഴം
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
അവോക്കാഡോ
സൗന്ദര്യ സംരക്ഷണത്തിന് പലരും അവോക്കാഡോയുടെ പള്‍പ്പ് ഉപയോഗിച്ച് മുഖലേപനങ്ങള്‍ തയ്യാറാക്കാറുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചര്‍മ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. വിറ്റാമിന്‍ ഇ, മറ്റ് അവശ്യ എണ്ണകള്‍ തുടങ്ങിയവയുടെ ഉറവിടമാണ് അവോക്കാഡോ. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അവോകാഡോയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നുകയും ചെയ്യും.
ചീര
ചീരയും മറ്റ് ഇലക്കറികളും നിങ്ങളുടെ ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതില്‍ ബീറ്റാ കരോട്ടിന്‍, പ്രീബയോട്ടിക്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡ് കുടുംബത്തില്‍ പെട്ടതാണ് ബീറ്റാ കരോട്ടിന്‍.
ഓറഞ്ച്
സൗന്ദര്യത്തെ ഏറ്റവും പരിപോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി. മാത്രമല്ല, ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മികച്ച ക്ളീനിംഗ് ഏജന്റ് ആയി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തെ വൃത്തിയായും തിളക്കമുള്ളതായും സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.
മാതളം
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
STORY HIGHLIGHTS: Foods for skin care