Literature

പ്രണയമഴ ഭാഗം 43/pranayamazha part 43

പ്രണയമഴ

ഭാഗം 43

 

മാളുവിനെയും കൂട്ടി കൊണ്ട് നിഹ മാതാവിന്റെ പള്ളിയുടെ ഭാഗത്തേക്ക്‌ പോയി.

 

അവളുടെ മുഖത്തേക്ക് നോക്കും തോറും നിഹക്ക് വിഷമം തോന്നി.

 

 

മാളു……

 

എടി….. നീ ഒന്നും സംസാരിക്കാതെ ഇരുന്നാൽ എങ്ങനെ ആണ്…എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു.

സാഹചര്യത്തോട് പൊരുത്തപ്പെടണം…..

 

നിഹ…. നീ വൈകിട്ട് എന്റെ കൂടെ ഹോസ്പിറ്റലിൽ ഒന്ന് വരാമോ.

 

എന്തിന്…. ഇനി അങ്ങോട്ട് നി പോകണ്ടടി…

 

നിഹ… നീ അങ്ങനെ പറയരുത്.. എനിക്ക് അറിയാം ഡോൺ… അവൻ എന്നോട് വെറുതെ പറഞ്ഞത് ആണ് ഞാൻ അവനു ഒരു ശല്യം ആണ് എന്നൊക്കെ… അവനു അവന്റെ സിറ്റുവേഷൻ ഓർത്തു വിഷമം കൊണ്ട് ആണ്… ഷുവർ…

 

 

മാളു.. നീ ഇത് എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്…

 

സത്യം നിഹ…… ഞാൻ പറയുന്നത് നീ ഒന്ന് മനസിലാക്കു… ഡോൺ… അവനു എന്നെ ഇഷ്ടം ആണ്…. എനിക്ക് അറിയാം….

 

 

മാളു…. നീ മേടിക്കും എന്റെ കൈയിൽ നിന്നു…. അവനു നിന്നോട് ഇഷ്ടം… മണ്ണാങ്കട്ട….

 

 

അല്ലടി… സത്യം ആയിട്ടും അവനു എന്നോട് ഇഷ്ടം ഉണ്ട്… എനിക്ക്… എനിക്ക് അത് ഉറപ്പ് ആണ്…

 

 

ശരി.. ആണെന്ന് വെച്ചോ.. അങ്ങനെ എങ്കിൽ നീ ഇനി തിരിച്ചു അവനോടും ഇഷ്ടം പറയുമോ…. അതാണോ നിന്റെ പ്ലാൻ… ഹ്മ്മ്….

 

 

മാളുവിന്റെ മിഴികൾ താഴ്ന്നു..

 

 

പറയെടി…. നീ ഇനി അവനെ പ്രേമിക്കാൻ പോകുവാണോ… പറയാൻ….

 

 

മാളുവിന്റെ മൗനം നിഹായെ കൂടുതൽ ചൊടിപ്പിച്ചു.

 

 

അങ്ങനെ നീ പ്രേമിച്ചിട്ട് എന്തോ ചെയ്യാൻ ആണ്… നിന്റെ വീട്ടുകാർ സമ്മതിക്കുമോ ഈ മാരേജ്നു….

 

മാളുവിന്റെ കണ്ണുകൾ നിറഞ്ഞു..

 

. നിഹ…… പ്ലീസ്…..

 

 

 

എടി മാളു…നി ആവശ്യം ഇല്ലാത്ത പൊല്ലാപ്പിൽ ഒന്നും പോയി ചാടരുത് കെട്ടോ…. പിന്നീടു വിഷമിക്കാൻ ഇട വരരുത്..നീ മറ്റെന്തിനേക്കാളും നിന്റെ ഫാമിലി ക്ക് അല്ലെ പ്രാധാന്യം കൊടുക്കുന്നത്.അങ്ങനെ ഉള്ള നീയ് ആണോ ഇതുപോലെ വിഡ്ഢിത്തം പറയുന്നത്…. എന്താ  ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ ശരി അല്ലെ…

 

മ്മ്… അവൾ തല കുലുക്കി..

 

 

പിന്നെ എന്തിനാണ് നീയ് ഈ വേണ്ടാത്ത പണിക്ക് പോകുന്നത്….നിനക്കു നിന്റെ അച്ഛനും ഏട്ടന്മാരും ഒക്കെ പറയുന്നത് അല്ലായിരുന്നോ വലുത്.. അവർ പറയുന്നതിന് അപ്പുറം ഒന്നും ഇല്ല എന്ന് അല്ലെ നീ എപ്പോളും പറഞ്ഞു കൊണ്ട് ഇരുന്നത്…നീ തന്നെ ആണോ മാളു ഇപ്പോൾ ഇങ്ങനെ പറയുന്നത്..

 

 

 

മാളു അവളോട് ഒന്നും പറയാതെ ഇരിക്കുക ആണ്….

 

 

മാളു…… ഡോണിനു ഇങ്ങനെ സംഭവിച്ചത് കൊണ്ട് ഉണ്ടായ സഹതാപത്തിന്റെ പുറത്തു നിനക്ക് വന്ന മാറ്റം ആണ് ഇത്… സാരമില്ല… കുറച്ചു കഴിഞ്ഞു മാറും…. ഇതൊക്കെ ഒരു സ്വപ്നം ആയിരുന്നു എന്ന് നീ ഓർത്താൽ മതി കെട്ടോ….

 

അവൾ വെറുതെ തലകുലുക്കി..

 

എടി പെണ്ണേ ഈ ലൈഫ് എന്ന് പറയുമ്പോൾ പ്രണയവും വിരഹവും വേദനയും ഒക്കെ കാണും…. കുറെ ഒക്കെ കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു നമ്മൾ മുന്നോട്ട് പോയാൽ മതി… അല്ലാതെ വെറുതെ ആവശ്യം ഇല്ലാത്തത് ചിന്തിച്ചു കൂട്ടി തല പുണ്ണാക്കേണ്ട…

 

നിഹ അവളുടെ കൈക്ക് പിടിച്ചു കൊണ്ട് പറഞ്ഞു..

 

വാടി… നമ്മൾക്ക് മാതാവിന്റെ അടുത്ത് ഒന്ന് കേറാം…അവിടെ പോയി ഇരുന്നു കുറച്ചു സമയം പ്രാർത്ഥിക്കുമ്പോൾ മൈൻഡ് ഒന്ന് റിലാക്സ് ആകും..

 

നിഹ പറഞ്ഞപ്പോൾ മാളുവും അവൾക്ക് ഒപ്പം പള്ളിയിലേക്ക് കയറി.

 

 

രണ്ടാളും മാതാവിന്റെ മുൻപിൽ മുട്ട് കുത്തി ഇരുന്നു പ്രാർത്ഥിച്ചു.

 

 

അല്പം കഴിഞ്ഞതും അവർ ഇരുവരും എഴുന്നേറ്റു..

 

മാളു ആണെങ്കിൽ മാതാവിന്റെ തിരു രൂപത്തിന്റെ മുന്നിൽ വന്നു നിന്നു..

 

 

എന്നിട്ട് ആ മിഴികളിലേക്ക് നോക്കി….

 

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ..

 

ശേഷം നിഹയുടെ കയ്യിൽ പിടിച്ചു.

 

നിഹ……

 

 

മ്മ്… പറയെടി..

 

ഞാൻ ഒരു തീരുമാനം എടുത്തു….

 

എന്താടി..

 

ഞാൻ ഈ മാതാവിനെ സാക്ഷി നിറുത്തി പറയുവാണ്…

 

മ്മ്… പറ..

 

അത് പിന്നെ… ഡോൺ എന്നേ സ്നേഹിച്ചത് ആത്മാർത്ഥം ആയിട്ട് ആണെങ്കിൽ ഉറപ്പായും എന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് അവൻ ആവും…. അവന്റെ കുറവുകൾ ഒന്നും എനിക്ക് ഒരു പ്രശ്നം അല്ലേടി… എന്റെ ലൈഫിൽ ഈശ്വരൻ കാത്ത് വെച്ചത് ഇങ്ങനെ ഒരു കുടുംബ ജീവിതം ആകും എന്ന് ഞാൻ കരുതും.അതിൽ സന്തോഷിച്ചു കൊണ്ട് തന്നെ ഞാൻ ജീവിക്കും… ഡോണിന്റെ കൂടെ…..ഉറച്ചത് ആയിരുന്നു അവളുടെ വാക്കുകൾ..

 

നിഹ അവളെ നോക്കി അന്തിച്ചു നിന്നു.

 

 

മാളു….. നീ പറയുന്നത് എന്താണ് എന്ന് നിനക്ക് എന്തെങ്കിലും വിചാരം ഉണ്ടോ….

 

യെസ് നിഹ…..100പേർസെന്റ് എനിക്ക് ഉറപ്പുണ്ട്…. ഡോണിനു എന്നോട് ഉണ്ടായിരുന്നത് വെറും ടൈം പാസ്സ് ലവ് അല്ലായിരുന്നു എങ്കിൽ ഞാൻ അവന്റെ പെണ്ണ് ആവും ടി…ഞാൻ എന്റെ അച്ഛനോട് എങ്ങനെ എങ്കിലും അത് പറഞ്ഞു സമ്മതിപ്പിക്കും….

 

 

അച്ഛൻ സമ്മതിക്കും എന്ന് നിനക്ക് ഉറപ്പുണ്ടോ…

 

 

അങ്ങനെ ആണ് എന്റെ വിശ്വാസം..

 

 

വിശ്വാസം തെറ്റി പോയാലോ…

 

അത് അപ്പോളല്ലേ…

 

അങ്ങനെ സംഭവിച്ചാൽ നീ എന്ത് ചെയ്യും…. അവന്റെ ഒപ്പം നീ ഇറങ്ങി പോകുമോ.

 

 

ഒരിക്കലും അങ്ങനെ ചെയ്യില്ല… എന്റെ അച്ഛനെയും ഏട്ടന്മാരെയും ധിക്കരിച്ചു കൊണ്ട് പോകില്ല.. പക്ഷെ ഡോൺ അല്ലാതെ ഒരു പുരുഷൻ എന്റെ ലൈഫിൽ പിന്നെ ഉണ്ടാവില്ല..

 

 

നിഹ പിന്നീടു അവളോട് ഒന്നും പറഞ്ഞില്ല…

 

പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന്ന് അവൾക്ക് തോന്നി….

 

 

രണ്ടാളും കൂടെ ക്ലാസ്സിലേക്ക് നടന്നു.

 

 

ടി… നീയ് എന്റെ കൂടെ ഒന്ന് ഹോസ്പിറ്റലിൽ വരണം വൈകിട്ട് കെട്ടോ…

 

 

മാളു… നീ ആലോചിക്കാതെ ഒന്നും എടുത്തു ചാടി തീരുമാനിക്കരുത്.. എന്നിട്ട് അവസാനം വിഷമിക്കാൻ..

 

 

നീ മിണ്ടാതെ എന്റെ കൂടെ വാ പെണ്ണേ….. എല്ലാം വരുന്നിടത്തു വെച്ച് കാണാം…

 

 

മാളു അവളുടെ കൈയിൽ പിടിച്ചു നടന്നു.

 

******

 

കേശു എത്തുമ്പോഴേക്കും അഞ്ചുമണി കഴിയുമെന്ന് ആയിരുന്നു അവൻ ഹരിയെ അറിയിച്ചത്.

 

അതുകൊണ്ട് ഹരിയും ഗൗരിയും കൂടെ തിരിച്ചു ഹോട്ടലിലേക്ക് പോകുന്നു.

 

അവളെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കിയിട്ട്  ഹരി ആരെയൊക്കെയേ കാണുവാനായി വീണ്ടും പോയിരുന്നു.

 

ഗൗരി ഫോൺ എടുത്ത് തന്റെ വീട്ടിലേക്ക് വിളിച്ചു.അച്ഛനോടും അമ്മയോടും സംസാരിച്ചു. അതിനുശേഷം അവൾ ലക്ഷ്മി ചേച്ചിയെയും വിളിച്ചു.  ചേച്ചിയോട് സംസാരിക്കുന്നതിനിടയിൽ നന്ദുവിന്റെ കോൾ വരുന്നുണ്ടായിരുന്നു. ചേച്ചിയോടുള്ള സംഭാഷണം അവസാനിപ്പിച്ചിട്ട് അവൾ നന്ദുവിനെ തിരിച്ചു വിളിച്ചു.

 

നന്ദു ബാങ്ക് കോച്ചിങ്ങിന് ചേരുവാനായി കൊല്ലത്തേക്ക് പോവുകയാണെന്നും അവിടെ അഭിയേട്ടൻ അവൾക്ക് പഠിക്കുവാനുള്ള എല്ലാം റെഡിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു.. ഗൗരിക്ക് ഒരുപാട് സന്തോഷമായി.  കാരണം നന്ദുവിന്റെ ആഗ്രഹമായിരുന്നു അവിടെ പോയി ബാങ്ക് കോച്ചിങ്ങിന് ചേരണം എന്നുള്ളത്.. നന്ദുവിന് എല്ലാവിധ ആശംസകളും നേർന്നിട്ട്  ഗൗരി ഫോൺ കട്ട് ചെയ്തു..

 

 

റൂമിന്റെ കോർണറിൽ കിടന്നിരുന്ന ഒരു ചൂരൽ കസേരയിൽ പോയി അവൾ ഇരുപ്പുറപ്പിച്ചു..

 

അവളുടെ മനസ്സിൽ മുഴുവനും

ഹരി കുറച്ച് മുൻപേ അവളോട് ചോദിച്ച ചോദ്യമായിരുന്നു..

 

തനിക്ക് തന്റെ കാമുകനോട് അത്രയ്ക്ക് ഇഷ്ടമാണോ…

 

ശരിക്കും പറഞ്ഞാൽ  തന്റെ ലൈഫിൽ ഇതുവരെ തനിക്ക് അങ്ങനെ ഒരു കാമുകനോ പ്രണയമോ ഒന്നും ഇല്ലായിരുന്നു..  ഹരിയോടുള്ള ദേഷ്യത്തിന്റെ പുറത്താണ് അങ്ങനെയൊക്കെ പറഞ്ഞത്..

 

പിന്നെ നന്ദുവിന്റെ വീട്ടിൽ വച്ച് അവിചാരിതമായി കണ്ടുമുട്ടിയതാണ് അഭിയേട്ടനെ.  ഏതൊരു പെൺകുട്ടിയെയും പോലെ തനിക്കും  എപ്പോഴൊക്കെയോ അഭിയേട്ടനോട് ചെറിയൊരു ഇഷ്ടം തോന്നിയിരുന്നു. നന്ദുവുംഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ഇടയ്ക്ക് എപ്പോഴോ താനും ഓർത്തിരുന്നു അഭിയേട്ടനും ഒന്നിച്ചുള്ള ഒരു ജീവിതം.  പക്ഷേ അത് ഒരിക്കലും ഒരു പ്രണയമായിരുന്നില്ല…  നല്ല സ്വഭാവമുള്ള ഒരു ചെറുപ്പക്കാരനാണ് അഭിയേട്ടൻ എന്ന് അറിഞ്ഞപ്പോൾ താൻ ഒന്ന് മോഹിച്ചു എന്നുള്ളത് ശരിയാണ്. പക്ഷേ ഒരിക്കലും അഭിയേട്ടനെ തന്റെ കാമുകന്റെ സ്ഥാനത്ത് സങ്കൽപ്പിച്ചിട്ട് പോലുമില്ല.. വെറുമൊരു ആകർഷണത്തിന്റെ പുറത്ത്  ഒരു കൗമാരക്കാരിക്ക് തോന്നിയ  ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രമായിരുന്നു അത്…

 

ഒരുപക്ഷേ ഹരി തന്നെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നുവെങ്കിൽ താൻ  അഭിയേട്ടനെ വിവാഹം കഴിച്ചിരുന്നേനെ എന്ന് താൻ ഓർത്തിട്ടുണ്ട്.

 

ഹരിയുടെ അമ്മ പറഞ്ഞതുപോലെ ഒരു വെള്ള പേപ്പറിൽ എഴുതിക്കൊടുത്താൽ തീരാവുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ തന്റെ ജീവിതത്തിൽ…  ഹരി തന്നോട് മോശമായി പെരുമാറി എന്നു പറഞ്ഞുകൊണ്ട് ഒരു കേസ് കൊടുത്താൽ മതിയായിരുന്നു.  പക്ഷേ അതിനുപകരം താൻ എടുത്ത തീരുമാനം തെറ്റായിപ്പോയി. ഇത്രയധികം വിദ്യാഭ്യാസവും വിവരവും പക്വതയും ഉള്ള താന് എന്തിനാണ് ഇങ്ങനെ ഒക്കെ തന്റെ ജീവിതം നശിപ്പിച്ചത്…ഹരിയോട് പ്രതികാരമനോഭാഭാവം വെച്ചു പുലർത്തൻ പാടില്ലായിരുന്നു.

ഹരിക്ക് ഉള്ള ശിക്ഷ കോടതി നടപ്പാക്കിയേനെ… താൻ വെറുതെ തന്റെ ജീവിതം വെച്ച് കളിക്കുകയാണ് ചെയ്തത്…..

 

എല്ലാം കൂടെ ഓർത്തപ്പോൾ ഗൗരിക്ക് ഭ്രാന്ത് പിടിക്കുന്നതായി തോന്നി.

 

ഇതിപ്പോൾ അമ്മയറിഞ്ഞിരിക്കുന്നു കാര്യങ്ങളെല്ലാം… ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് പറയാനും വയ്യ..

 

എന്റെ ഗുരുവായൂരപ്പാ…. ഇങ്ങനെയൊക്കെ എന്റെ ജീവിതത്തിൽ സംഭവിക്കാനായി ഞാൻ എന്ത് ദ്രോഹമാണ് ചെയ്തിരിക്കുന്നത്..  ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാതെ നടന്ന എനിക്ക് എന്തൊരു ദുർവിധി ആണ് വന്നു ഭവിച്ചത്…

 

തന്റെ അച്ഛനോട് അമ്മയോടും ചേച്ചിയോടും എല്ലാവരോടും കളവു പറഞ്ഞുകൊണ്ട് താൻ ഹരിയുമായി സ്നേഹത്തിലായിരുന്നു എന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു കൊണ്ടു എന്തിനാണ് താൻ ഇങ്ങനെ ഒരു നാടകം കളിച്ചത്… ഒടുവിൽ എല്ലാവരും എല്ലാ കാര്യങ്ങളും അറിയുമ്പോൾ എന്താവും ഇനി സംഭവിക്കാൻ പോകുന്നത്.. തന്റെ ജീവിതത്തിൽ ഇന്നോളം അച്ഛനോട് താൻ ഒരു ചെറിയ കളവുപോലും പറഞ്ഞിട്ടില്ല..  ആ അച്ഛൻ ഇതെല്ലാം അറിയുമ്പോൾ തന്നെ വെറുക്കും… ലക്ഷ്മി ചേച്ചി പോലും പലവട്ടം തന്നോട് ചോദിച്ചതാണ് എന്തെങ്കിലും താൻ അവരിൽ നിന്നും മറക്കുന്നുണ്ടോ എന്ന്…. അപ്പോഴെങ്കിലും താൻ ചേച്ചിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ മതിയായിരുന്നു…

 

 

എല്ലാം കൈ വിട്ടു പോയി….

 

 

എവിടേക്കെങ്കിലും ഓടി ഒളിക്കുവാനായി അവൾക്ക് അ

പ്പോൾ തോന്നിയത്.

 

എന്തൊക്കെയോ നഷ്ടങ്ങൾ തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു എന്ന് അവളോട് ആരോ പറയും പോലെ അവൾക്ക് തോന്നി….

 

 

എല്ലാത്തിനും

ഈശ്വരൻ തന്നെ തുണ എന്ന് അവൾ വിശ്വസിച്ചു…

 

പക്ഷേ എന്തുവന്നാലും ഹരിയും  ഒത്തൊരു ജീവിതം…. അത് ഈ ജന്മം വേണ്ട….. അത് അവൾ തീരുമാനിച്ചു ഉറപ്പിച്ചത് ആയിരുന്നു.

 

 

 

 

**********

 

വൈകുന്നേരം കോളേജ് വിട്ടുകഴിഞ്ഞ് മാളു വും നിഹയും കൂടെ നേരെ പോയത് മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് ആയിരുന്നു..

 

അന്ന് ഉച്ചയ്ക്ക് ശേഷം ഡോണിനെ റൂമിലേക്ക് മാറ്റും എന്നായിരുന്നു മമ്മി മാളുവിനോട് പറഞ്ഞത്…

 

അവർ ചെല്ലുമ്പോൾ റൂമിൽ  ഒരുപാട് പേരുണ്ടായിരുന്നു.

 

എല്ലാവരുടെയും മുഖത്ത് സഹതാപവും ദുഃഖവും ആണ്..

 

മാളുവും നിഹായും റൂമിന്റെ വാതിൽക്കൽ നിന്നു.

 

 

ഡോണിന്റെ മമ്മി ഈറൻ മിഴികളോടെ നിൽക്കുന്നുണ്ട്.

 

മാളുവിനെ കണ്ടതും അവർ അവളുടെ അടുത്തേക്ക് വന്നു..

 

 

മമ്മി ഡോണിനെ എപ്പോഴാണ് റൂമിലേക്ക് മാറ്റിയത്?

 

ഒരു രണ്ടു മണി ആയപ്പോഴേക്കും ആണ് മോളെ കൊണ്ടുവന്നത്.. പാവം എന്റെ മോന് ഇങ്ങനെ ഒരു  വിധി വന്നല്ലോ… എന്ത് തെറ്റാണ് അവൻ ചെയ്തത് ഈശ്വരാ…. അവർ കരഞ്ഞു.

 

മമ്മി… കരയാതെ..

 

മാളുവിന്റെ മിഴികളും നിറഞ്ഞു..

അപ്പോഴേക്കും ഒരു സ്ത്രീ വന്നു മമ്മിയുടെ കയ്യിൽ പിടിച്ചു..

 

ആനി നീ ഇങ്ങനെ തുടങ്ങരുത്… നീയും കൂടി ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നാൽ  അവനു വിഷമമാവില്ലേ…. അവൻ എത്രമാത്രം ദുഃഖത്തിലാണ് ഇപ്പോൾ കഴിയുന്നതെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം. അവന് ശക്തി കൊടുക്കേണ്ടത് നമ്മളാണ്… ഇങ്ങനെയൊക്കെ സംഭവിച്ചു പോയി..  ഇനി ബാക്കിയെല്ലാം നേരിടുവാൻ ആയിട്ടുള്ള മനശക്തി അവന് നമ്മുടെ വാക്കുകളിൽ കൂടി വേണം നൽകുവാൻ.  നീ ഇങ്ങനെ കരഞ്ഞ് നിലവിളിച്ചിരുന്നാൽ ഒക്കുവേല…. അവർ പറഞ്ഞു.

 

എന്നാലും ചേച്ചി… ഇനി എന്റെ മോന് ഒരു പരസഹായം ഇല്ലാതെ എന്തെങ്കിലും ചെയുവാൻ പറ്റുമോ…. ഞാൻ സദാ സമയവും എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട്… അവസാനം എന്റെ പ്രാർത്ഥന കർത്താവ് കേട്ടില്ലല്ലോ… ആനി അവരുടെ വിഷമങ്ങൾ എണ്ണി എണ്ണി പറയുക ആണ്.

 

അപ്പോഴേക്കും ഒരു സിസ്റ്റർ റൂമിലേക്ക് കയറി വന്നു.

 

വിസിറ്റേഴ്സിനെ അധികം അനുവദിച്ചു കൂടാ എന്നാണ് ഡോക്ടർ പറഞ്ഞതു…. ഇൻഫെക്ഷൻ ആകാനുള്ള സാധ്യത കൂടുതലാണ്.. തന്നെയുമല്ല ഈ സിറ്റുവേഷനും എല്ലാവർക്കും അറിയാമല്ലോ.. അതുകൊണ്ട് ദയവുചെയ്ത് എല്ലാവരും കണ്ടിട്ട് വേഗം ഇറങ്ങണം… സിസ്റ്റർ പറഞ്ഞപ്പോൾ അകത്തുനിന്ന് അവർ എല്ലാവരും ഇറങ്ങി..

 

അവരൊക്കെ വന്ന് മമ്മിയെ ആശ്വസിപ്പിക്കുകയാണ്..

 

അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന മാളുവിനെയും നിഹായെയും ഡോൺ കണ്ടത്..

 

ഒരുവേള അവന്റെ മിഴികൾ തിളങ്ങി.. പക്ഷേ പെട്ടെന്നുതന്നെ അതു മിന്നി മാഞ്ഞു..

 

മാളുവും നിഹായും അവന്റെ അടുത്തേക്ക് കയറിച്ചെന്നു..

 

ഇപ്പോൾ എങ്ങനെയുണ്ട് ഡോൺ… വേദന കുറവുണ്ടോ…. മാളു ചോദിച്ചു.

 

ഹ്മ്മ്… ഡോൺ അലക്ഷ്യമായി മൂളി..

 

പപ്പ എവിടെ…കണ്ടില്ലല്ലോ?

 

നിന്നോട് ആരാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്.. ഞാൻ രാവിലെ പറഞ്ഞതല്ലേ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന്… സുഖ വിവരങ്ങൾ തിരക്കുവാനായി നീ വരണമെന്നില്ല.. അവർക്ക് രണ്ടാൾക്കും കേൾക്കുവാൻ ആയുള്ള പാകത്തിന് അവൻ ശബ്ദം താഴ്ത്തി  പറഞ്ഞു.

 

അതെന്താ സുഖവിവരങ്ങൾ തിരക്കുവാനായി എന്നെ കൂടാതെ വേറെ ആരെയെങ്കിലും ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നോ…. മാളുവും വിട്ടുകൊടുക്കുവാനുള്ള ഭാവം ഇല്ലായിരുന്നു .

 

മാളവിക ഞാൻ പറഞ്ഞില്ലേ..എനിക്ക് തന്നോട് മിണ്ടാൻ താല്പര്യം ഇല്ല… പ്ലീസ്…

 

 

അയ്യോ പാവം…. ഇപ്പോൾ ആണോ പറയുന്നത് ഇതെല്ലാം..ഇങ്ങനെ അല്ലായിരുന്നല്ലോ കഴിഞ്ഞ ദിവസം വരെ…

 

…എടൊ…ഞാൻ വെറുതെ ഫ്രണ്ട്സുമായിട്ട്…..താൻ അത് ഒന്നും ഓർത്തുകൊണ്ട് ഇരിക്കേണ്ട…

 

പ്ലീസ് ഡോൺ… തനിക്ക് ഫ്രണ്ട്സും ആയിട്ടുള്ള ബെറ്റായിരുന്നുവെങ്കിൽ, ഞാനത് സീരിയസായി എടുത്തിരുന്നു… ഇനി താൻ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല…എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറില്ല….

 

താൻ എന്ത് തീരുമാനിച്ചു എന്നാണ് പറയുന്നത്…

 

എനിക്ക് ഡോൺ ഇല്ലാതെ പറ്റില്ല…എന്റെ ലൈഫിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് താൻ ആയിരിക്കും….ബിക്കോസ് ഐ ലവ് യു….

 

മാളവിക… തനിക്ക് മെന്റൽ ആണ്… ഞാൻ പറഞ്ഞല്ലോ എനിക്ക് ഒരിക്കലും തന്നെ ലവ് ചെയുവാൻ പറ്റില്ല….വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി….നിഹ ഇയാളെ വിളിച്ചു കൊണ്ട് പോകാൻ നോക്ക്..

 

അവൻ അല്പം ദേഷ്യത്തിൽ പറഞ്ഞു…

 

ഞാൻ പൊയ്ക്കോളാം… പക്ഷേ എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ പിന്നോട്ടില്ല… അപ്പോൾ ശരി നാളെ കാണാം… അവന്റെ മറുപടി കേൾക്കാതെ  നിഹായെയും കൂട്ടി കൊണ്ട് മാളു പുറത്തേക്ക് നടന്നു.

 

ആനി കുറച്ച് മെഡിസിനും മേടിച്ചു കൊണ്ട് റൂമിലേക്ക് അപ്പോൾ വരുന്നുണ്ടായിരുന്നു.

 

മമ്മി…ഞങ്ങൾ എന്നാൽ പൊയ്ക്കോട്ടെ നാളെ കാണാം… മാളു പറഞ്ഞു.

 

 

കുഴപ്പമൊന്നുമില്ല മോളെ എന്നും വന്ന് നിങ്ങൾ ബുദ്ധിമുട്ടേണ്ട… ഒരുപാട് പഠിക്കുവാനില്ലേ…. ആനി പറഞ്ഞു.

 

 

ഏയ് അതൊന്നും സാരമില്ല മമ്മി എന്തു ബുദ്ധിമുട്ട്….. മമ്മി…റൂമിലേക്ക് ചെല്ല് ഡോൺ ഒറ്റയ്ക്ക് ഉള്ളൂ… നാളെ കാണാം കെട്ടോ.

 

അവർ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ മാളു അവരോട് യാത്ര പറഞ്ഞു ഇറങ്ങി.

 

 

 

തുടരും