Celebrities

മീശമാധവന് സെക്കന്റ്പാര്‍ട്ട് ഉണ്ടാകുമോ?; തുറന്ന്പറഞ്ഞ് ലാല്‍ജോസ്-Director Laljose about meeshamadhavan second part

20 വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ അറിയപ്പെടുന്നത് ആ സിനിമയുടെ സംവിധായകനായാണ്

സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കാരണം കളളനാകേണ്ടി വന്ന മാധവന്റെ കഥ പറയുന്ന ചിത്രമാണ് മീശമാധവന്‍. റിലീസായി വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മീശമാധവനിലെ കഥാപാത്രങ്ങളെയെല്ലാം മലയാളികള്‍ക്ക് കാണാപാഠമാണ്. അവരുടെ പേരുകളും അവരുടെ ഡയലോഗുകളും ഉള്‍പ്പെടെ എല്ലാം ഓര്‍ത്തിരുന്നു വീണ്ടും വീണ്ടും ആസ്വദിക്കാറുണ്ട് മലയാളികള്‍. ഇപ്പോള്‍ ഇതാ മീശമാധവനെ സംബന്ധിച്ച വളരെ നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ലാല്‍ ജോസ്. മീശ മാധവന്റെ സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം.

‘മീശ മാധവന്റെ സെക്കന്‍ഡ് പാര്‍ട്ട് ഒരിക്കലും ഉണ്ടാവുകയില്ല. വേറെ ആര് ചെയ്യാനും ഞാന്‍ സമ്മതിക്കുകയില്ല. അത് അങ്ങനത്തെ ഒരു സിനിമയാണ്. 20 വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ അറിയപ്പെടുന്നത് ആ സിനിമയുടെ സംവിധായകനായാണ്. ഒരോ ആള്‍ക്കാരും എന്നെ അങ്ങനെ തിരിച്ചറിയാറുണ്ട്. ഇത്രയും വര്‍ഷം ഒരു സിനിമ കാലത്തെ അതിജീവിക്കുക എന്ന് പറയുന്ന ഒരു സാധനം ഉണ്ട്. അപ്പോള്‍ അത് പ്രേക്ഷകരോട് ചെയ്യേണ്ട ഒരു മര്യാദയാണ് അതിന് സെക്കന്‍ഡ്പാര്‍ട്ട് കൊടുക്കാതിരിക്കുക എന്നുള്ളത്’, ലാല്‍ജോസ് പറഞ്ഞു. കുടുംബത്തിന്റെ പ്രാരബ്ധം കാരണം കള്ളനാകേണ്ടി വന്ന മാധവന്‍, ഭഗീരഥന്‍ പിള്ളയുടെ കയ്യില്‍ നിന്ന് തന്റെ വീടിന്റെ ആധാരം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് മീശമാധവനിലൂടെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസ്യ മലയാളചലച്ചിത്രമാണ് മീശമാധവന്‍. രഞ്ജന്‍ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരില്‍ തമിഴിലും ദൊന്‍ഗഡു എന്ന് പേരില്‍ തെലുങ്കിലും പുനര്‍നിര്‍മ്മിക്കുകയുണ്ടായി. തമിഴില്‍ കാര്‍ത്തിക്കും തെലുങ്കില്‍ രവി തേജയുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. കാര്‍ത്തികയുടെ കന്നി വേഷമായിരുന്നു മീശമാധവനിലേത്. മൂവിക്ഷേത്രയുടെ ബാനറില്‍ സുബൈര്‍, സുധീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കലാസംഘം, കാസ്, വര്‍ണ്ണചിത്ര എന്നിവരാണ്.

STORY HIGHLIGHTS: Director Laljose about meeshamadhavan second part