സൗന്ദര്യ സംരക്ഷണത്തിന് ആളുകൾ കൂടുതൽ പ്രാധാന്യം കൊടുക്കാറുണ്ട്. പ്രായമാകുന്നത് ഒരു പരിധിവരെ തടയാനും കൂടിയാണ് ഇത്തരത്തിൽ പലരും പല കാര്യങ്ങളും ചെയ്യുന്നത്. നമുക്ക് പ്രായമാകുമ്പോൾ അത് ഏറ്റവും ആദ്യം കണ്ടു തുടങ്ങുന്നത് മുഖത്തുനിന്നു തന്നെയായിരിക്കും. ഒരു പ്രായം കഴിയുമ്പോൾ മുഖത്ത് പാടുകളും കുഴിയും പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇത് പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. പലപ്പോഴും മുഖക്കുരുവും മറ്റുമുണ്ടായി കഴിഞ്ഞാൽ അവിടെ കുഴി പോലെ വരും. ഇത് പോലെ മുഖത്ത് അല്ലാതെ സ്വാഭാവികമായും സുഷിരങ്ങൾ ഉണ്ടാകാറുണ്ട്. ഇവയല്ലാതെ വേറെയും കുഴികൾ നമ്മുടെ മുഖത്ത് ഉണ്ടാകും. വീട്ടിലുള്ള വസ്തുക്കൾ വച്ച് മാത്രം ഒരു ഫേസ് പാക്ക് തയ്യാറാക്കി ഈ സുഷിരങ്ങളെ പമ്പ കടത്താൻ നോക്കിയാലോ…
ചർമ്മത്തിന് വളരെ നല്ലതാണ് മുട്ടയുടെ മഞ്ഞ. കൊഴുപ്പും പ്രോട്ടീനുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ മഞ്ഞ. നാച്യുറൽ മോയ്ചറൈസറായി പ്രവർത്തിക്കാൻ മുട്ടയ്ക്ക് കഴിയും. ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും തടയാനും അതുപോലെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കാനും ഏറെ മികച്ചതാണ് മുട്ടയുടെ മഞ്ഞ. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ചർമ്മത്തിലെ മൃതകോശങ്ങളെ നേരെയാക്കാനും അതുപോലെ നല്ല രീതിയിൽ സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കാനും നല്ലതാണ്.
ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകാൻ തേനിന് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ ആൻ്റി ഫംഗൽ ഗുണങ്ങൾ ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മ സംരക്ഷണത്തിന് അനുയോജ്യമായ രീതിയിലുള്ള ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ തിളക്ക കുറവ് അതുപോലെ അമിതമായ നിറ വ്യത്യാസം, മുഖക്കുരു എന്നിവയൊക്കെ മാറ്റാൻ തേൻ സഹായിക്കും. ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ സഹായിക്കുന്നതുമാണ് തേൻ. ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കാനും തേൻ സഹായിക്കും.
പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ ചർമ്മത്തിൽ നിന്ന് ഇല്ലാതാക്കാൻ വളരെ നല്ലതാണ് ഒലീവ് ഓയിൽ. ചർമ്മത്തെ ക്ലെൻസ് ചെയ്യാൻ നല്ലതാണ് ഒലീവ് ഓയിൽ അത് പോലെ ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകാനും ഇത് സഹായിക്കും. മുഖക്കുരുവും ചർമ്മത്തിലെ മറ്റ് അഴുക്കിനെയുമൊക്കെ മാറ്റാൻ നല്ലതാണ് ഒലീവ് ഓയിൽ. അതുപോലെ ആവശ്യമായ തിളക്കം നൽകാനും ഒലീവ് ഓയിൽ സഹായിക്കാറുണ്ട്.
ഇതിനായി ഒരു മുട്ടയുടെ മഞ്ഞ എടുക്കുക. അതിന് ശേഷം ഇതിലേക്ക് ഒരു ടീ സ്പൂൺ തേനും ഒരു ടീ സ്പൂൺ ഒലീവ് ഓയിലും ചേർക്കുക. ഇനി നന്നായി യോജിപ്പിക്കുക. ഇനി ഈ പായ്ക്ക് മുഖത്ത് പുരട്ടാം. മുഖത്തും കഴുത്തിലുമൊക്കെ ഇത് നന്നായി തേച്ച് പിടിപ്പിക്കുക. അതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോൾ ഇത് കഴുകി വ്യത്തിയാക്കാം. ആഴ്ചയിൽ മൂന്ന് തവണ എങ്കിലും ഇത് ചെയ്യാവുന്നതാണ്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
content highlight: home-remedy-for-scars-and-pores