കഴിഞ്ഞ ദിവസമായിരുന്നു നാഷണല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. തിരുചിട്രമ്പലത്തിലൂടെയാണ് നിത്യ മേനോന്‍ മികച്ച നടിയായത്. കച്ച് എക്‌സ്പ്രസ് എന്ന ഗുജറാത്തി സിനിമയിലൂടെയാണ് മാന്‍സി പരേഖ് മികച്ച നടിയായത്. അതേസമയം മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ഋഷഭ് ഷെട്ടിയാണ്. കാന്താരയിലെ പ്രകടനത്തിലൂടെയാണ് ഋഷഭ് ഷെട്ടിയെ തേടി പുരസ്‌കാരമെത്തിയത്. മലയാള സിനിമ ആട്ടം മികച്ച സിനിമയായപ്പോള്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആട്ടം സ്വന്തമാക്കി. ജനപ്രീയ സിനിമയ്ക്കുള്ള പുരസ്‌കാരം കാന്താരയാണ് സ്വന്തമാക്കിയത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത് സൗദി വെള്ളക്കയായിരുന്നു.
പുരസ്‌കാരം പ്രഖ്യാപിക്കുന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നിത്യ മേനോന്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനോന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
“സത്യത്തില്‍ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അസാധാരണമെന്ന് തോന്നിയേക്കാം പക്ഷെ ഞാന്‍ അങ്ങനെയാണ് ജീവിക്കുന്നത്. തിരക്കുകളില്‍ നിന്നും തീര്‍ത്തും അകന്ന് ജീവിക്കാനാണ് എനിക്കിഷ്ടം. അതിനാല്‍ ഞാന്‍ പ്രതീക്ഷിച്ചതേയില്ലായിരുന്നു എന്നാണ് നിത്യ പറയുന്നത്. തനിക്ക് ലഭിക്കുന്ന ആശംസകള്‍ക്കും സ്‌നേഹത്തിനുമെല്ലാം നന്ദി” പറയുകയും ചെയ്യുന്നുണ്ട് നിത്യ മേനോന്‍.
”ഇത്രയും പേരുടെ പക്കല്‍ എന്റെ നമ്പര്‍ ഉണ്ടായിരുന്നുവോ? ഇത്രയും പേര്‍ എന്നെക്കുറിച്ച് കരുതുന്നുണ്ടോ? ഞാന്‍ അവാര്‍ഡ് നേടുന്നതില്‍ ഇത്രയും ആളുകള്‍ക്ക് സന്തോഷമുണ്ടോ? അവരുടെ ആശംസകളിലെല്ലാം സത്യസന്ധതയുണ്ടായിരുന്നു. പലര്‍ക്കും ഈ വിജയം പേഴ്‌സണല്‍. അവരുടെ വിജയം പോലെയാണ് ആഘോഷിക്കുന്നത്. അത് തന്നെ ഒരു അനുഗ്രഹമല്ലേ” എന്നാണ് നിത്യ ചോദിക്കുന്നത്.
അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയം താന്‍ ലഞ്ചിനുള്ള ടേബിള്‍ ഒരുക്കുകയായിരുന്നു എന്നാണ് നിത്യ പറയുന്നത്. ”വീട്ടില്‍ കുറച്ച് സുഹൃത്തുക്കള്‍ വന്നിരുന്നു.ഞങ്ങള്‍ ഒരു തിരക്കഥ ചര്‍ച്ച ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോഴാണ് കോളുകള്‍ വരുന്നത്” എന്നാണ് താരം പറയുന്നത്. തിരുചിട്രമ്പലം എന്ന സിനിമയിലെ ശോഭന എന്ന കഥാപാത്രത്തിന് അവാര്‍ഡ് അര്‍ഹിച്ചിരുന്നുവോ എന്ന ചര്‍ച്ചകളെക്കുറിച്ചും നിത്യ സംസാരിക്കുന്നുണ്ട്.
”ഈ ചര്‍ച്ച നടക്കുന്നുവെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് അവാര്‍ഡ് നേടിത്തന്നത് തിരുചിട്രമ്പലം ആണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ചെയ്യുമ്പോള്‍ എന്നേയും കാണുമ്പോള്‍ മറ്റുള്ളവരേയും സന്തോഷിപ്പിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നത്. അവാര്‍ഡ് കിട്ടുമെന്ന് കരുതി ഒരു വേഷം ചെയ്യുന്നതിലും നല്ലതാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും മുഖത്ത് ചിരി കൊണ്ടു വരാനും ശ്രമിക്കുന്നതില്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” എന്നാണ് നിത്യ പറയുന്നത്.
content highlight: nithya-menen-speaks-about-winning-national-award