ബ്യൂട്ടി മീറ്റ്‌സ് ബോള്‍ഡ്‌നസ്സ്… ഭാവന എന്ന നടിയെ ഒറ്റ വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കമലിന്റെ ‘നമ്മള്‍’ സിനിമയിലെ ‘പരിമള’മായി മലയാള സിനിമയില്‍ ഭാവന അരങ്ങേറ്റം കുറിച്ചിട്ട് ഇരുപത് വർഷങ്ങൾ പൂർത്തിയായി. രണ്ടു പതിറ്റാണ്ടിനിടെ തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, റണ്‍വേ, നരന്‍, ഉദയനാണ് താരം, ചിന്തമണി കൊലക്കേസ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോണ്‍ തുടങ്ങി എടുത്തു പറയാവുന്ന അമ്പതിലേറെ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ഭാവന നല്‍കിയത്. ഇതിനിടെ തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും തിളങ്ങി. മലയാള സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത താരം, ഷറഫുദ്ദീനൊപ്പം നവാഗതനായ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചു വരവ്
ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടി. ഏറ്റവും പുതിയതായി ഭാവന നായികയായിട്ടെത്തുന്ന ചിത്രമാണ് ഹണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 23 ന തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിന് മുന്നോടിയായി സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണ് ഭാവന.
കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലും അതിഥിയായി ഭാവന പങ്കെടുത്തിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ ജീവിതത്തിലുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ചും നടി പറഞ്ഞു. അത്തരത്തിലൊന്ന് വിമാനയാത്രയ്ക്കിടെ ഉണ്ടായൊരു സംഭവമാണ്.
ഫ്‌ളൈറ്റ് പൊട്ടിത്തെറിച്ച് മരിക്കാന്‍ പോവുകയാണെന്ന് തോന്നിയൊരു നിമിഷം ഉണ്ടായിരുന്നു. എന്നാല്‍ ആ സമയത്തും താന്‍ ചിന്തിച്ചത് അമ്മ സാരി ഉടുത്ത് വന്നതിലെ പ്രശ്‌നങ്ങളാണെന്നാണ് ഭാവന പറയുന്നത്.
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമീബിയ എന്ന സ്ഥലത്തേക്ക് ഞാനും അമ്മയും കൂടെ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. രാത്രിയിലാണ് ഫ്‌ളൈറ്റ്. അങ്ങനെയിരിക്കുമ്പോള്‍ പെട്ടെന്ന് ഫൈ്‌ളറ്റ് വല്ലാതെ ആടി ഉലയാന്‍ തുടങ്ങി. എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന് തുടങ്ങി ക്യാപ്റ്റന്റെ അറിയിപ്പ് വന്ന് കൊണ്ടിരിക്കുന്നുണ്ട്. ഇതോടെ പേടി കൂടി.
മാത്രമല്ല ഞങ്ങളുടെ തൊട്ടടുത്ത് കുറച്ച് വനിത കായിക താരങ്ങള്‍ ഇരിക്കുന്നുണ്ട്. അവരെല്ലാം അനൗണ്‍സ്‌മെന്റ് കേട്ടതോടെ കൈ കോര്‍ത്ത് പിടിച്ച് പ്രാര്‍ഥിക്കുകയാണ്. ഇതൊക്കെ കണ്ടതോടെ എനിക്ക് പേടി കൂടുതലായി വരാന്‍ തുടങ്ങി. ഇപ്പോള്‍ ഫ്‌ളൈറ്റ് തകര്‍ന്ന് വീണ് മരിക്കുമെന്ന ചിന്തയായി. കടലിന് മുകളിലൂടെയാണ് പോകുന്നത്. താഴെ വീണാല്‍ കിട്ടുന്ന എന്തിലെങ്കിലും ചാടി കയറി നീന്തിക്കോളണമെന്ന് എന്നൊക്കെ ഞാന്‍ അമ്മയ്ക്ക് ക്ലാസ് എടുത്ത് കൊടുക്കുകയാണ്.
പിന്നെ നോക്കുമ്പോള്‍ അമ്മ സാരിയാണ് ഉടുത്തിരിക്കുന്നത്. സാരി ഉടുത്ത് വെള്ളത്തില്‍ വീണാല്‍ എങ്ങനെ അമ്മയ്ക്ക് രക്ഷപ്പെടാനാവുമെന്ന ചിന്ത കൂടി വന്നു. ഇതോടെ ഫ്‌ളൈറ്റിലൊക്കെ യാത്ര ചെയ്യുമ്പോള്‍ സാരിയാണോ ഉടുക്കുന്നത്. അമ്മയ്ക്ക് വല്ലോ ചുരിദാറും ഇട്ടാല്‍ പോരായിരുന്നോ എന്നൊക്കെ ചോദിച്ച് ഞാന്‍ അമ്മയെ വഴക്ക് പറയാന്‍ തുടങ്ങി.
സാരി ഉടുത്ത് വെള്ളത്തില്‍ വീണാല്‍ എങ്ങനെയാവും എന്നൊക്കെയാണ് എന്റെ ചിന്ത. ഫ്‌ളൈറ്റ് പൊട്ടിത്തെറിക്കുന്നതിനെ കുറിച്ചല്ല അമ്മ സാരി ഉടുത്ത് വന്നതായിരുന്നു ആ സമയത്ത് എന്റെ പ്രശ്‌നം. എന്നാല്‍ ഈ സമയത്തെങ്കിലും നിനക്ക് എന്നെ കുറ്റം പറയാതെ ഇരുന്നൂടേ എന്നായിരുന്നു അമ്മ ചോദിച്ചത്. എന്തായാലും അന്ന് കുഴപ്പങ്ങളൊന്നുമില്ലാതെ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്‌തെന്നും ഭാവന പറയുന്നു.
content highlight: actress-bhavana-opens-up